28 March Thursday

പിഎസ്‌സി സംശയങ്ങൾക്ക് മറുപടി

അഡ്വ. എം കെ സക്കീർUpdated: Tuesday Mar 28, 2023

പിഎസ്‌സി വിജ്ഞാപനവുമായി ബന്ധപ്പെട്ട്‌ യോഗ്യത, തത്തുല്യ യോഗ്യത, പുതുതലമുറ 
കോഴ്‌സുകൾ തുടങ്ങിയവ സംബന്ധിച്ച്  ഉദ്യോഗാർഥികൾക്ക്‌ നിരവധി സംശയങ്ങളുണ്ട്‌.  
അവയ്‌ക്കുള്ള മറുപടിയാണ്‌ ഇത്തവണ.

വിജ്ഞാപനം, വിശേഷാൽ ചട്ടം ഒരു തസ്തികയുടെ യോഗ്യത, പ്രായപരിധി, ശമ്പളനിരക്ക്, തെരഞ്ഞെടുപ്പ് രീതി, അപേക്ഷ സമർപ്പിക്കുന്ന വിധം, പൊതുനിർദ്ദേശങ്ങൾ എന്നിവ വിശദമായി പ്രതിപാദിക്കുന്നതാണ് പിഎസ്‍സി വിജ്ഞാപനങ്ങൾ.  ഉദ്യോഗാർഥിയെ സംബന്ധിച്ചിടത്തോളം വിജ്ഞാപനത്തിൽ പറയുന്നതൊക്കെ പ്രധാനമാണ്. അതിലെ ഓരോ വരിയും സൂക്ഷ്മമായി പരിശോധിക്കുമ്പോഴാണ് ആർജിച്ച യോഗ്യത തസ്തികയുടെ യോഗ്യതയ്ക്കനുസൃതമാണോ എന്ന് ബോധ്യപ്പെടുകയുള്ളൂ.  തൊഴിൽ പരിചയം യോഗ്യതയായുള്ള തസ്തികളിലേക്ക് അപേക്ഷിക്കുന്നവർ അപേക്ഷയുടെ അവസാന തീയതിക്ക് മുമ്പ് അത്‌ നേടിയിരിക്കണം. ഒരു തസ്തികയുടെ വിജ്ഞാപനം തയ്യാറാക്കുന്നത്  തസ്തികയുടെ വിശേഷാൽ ചട്ടം അനുസരിച്ചാണ്. തസ്തികയുടെ ജോലി, നിർവഹണ സ്വഭാവം എന്നിവ അനുസരിച്ച് അനുയോജ്യരെ തെരെഞ്ഞെടുത്ത് നിയമിക്കുന്നതിന്  വേണ്ടിയുള്ള രേഖയാണ് വിശേഷാൽ ചട്ടം. സർക്കാർ തയ്യാറാക്കി പിഎസ്‍സിയുടെ ഉപദേശം തേടുന്നതാണ് വിശേഷാൽ ചട്ടങ്ങളുടെ നിർമാണ പ്രക്രിയ. ചട്ടം ഉത്തരവായാൽ പൊതുജനങ്ങൾക്ക്‌  പരിശോധിക്കാം. റൂളിൽ പ്രതിപാദിച്ച യോഗ്യതയല്ലാതെ മറ്റ്‌ യോഗ്യതകൾ വിജ്ഞാപനത്തിൽ ഉൾപ്പെടുത്താൻ പാടില്ല. വിശേഷാൽ ചട്ടങ്ങൾ കൂടാതെ എക്സിക്യൂട്ടീവ് ഉത്തരവ്, സ്റ്റാൻഡിങ് ഓർഡർ എന്നിവ പ്രകാരം നിശ്ചിത യോഗ്യതയ്ക്ക്‌ തത്തുല്യ / ഉയർന്ന യോഗ്യത സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ കമീഷൻ നിശ്ചയിച്ച സമയത്തിനകം തെളിയുന്ന പക്ഷം പ്രസ്തുത യോഗ്യതകൂടി  പരിഗണിക്കും. തത്തുല്യ യോഗ്യത വിജ്ഞാപനത്തിൽ തത്തുല്യ യോഗ്യതയും പരിഗണിക്കുമെന്ന് സൂചിപ്പിക്കുന്ന പക്ഷം അപ്രകാരം യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. വ്യക്തമായി വിജ്ഞാപനത്തിൽ പ്രതിപാദിക്കുന്ന നിശ്ചിത യോഗ്യതയുടെ തത്തുല്യ യോഗ്യത ഉദ്യോഗാർഥി അവകാശപ്പെട്ടുകൊണ്ടാണ് അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതെങ്കിൽ ആയത് തെളിയിക്കുന്നതിനുള്ള രേഖകൾ (തുല്യതാ സർട്ടിഫിക്കറ്റോ സർക്കാർ ഉത്തരുവുകളോ) കമീഷൻ നിശ്ചയിച്ച സമയത്തിനകം ലഭ്യമാക്കണം. ഇത് ലഭ്യമാക്കുമ്പോൾ ഉയർന്ന യോഗ്യത / തത്തുല്യ യോഗ്യത, കോഴ്സ് അംഗികാരം, പരിചയ സർട്ടിഫിക്കറ്റ് തുടങ്ങിയ പ്രമാണങ്ങൾ പരിശോധിച്ച് സ്വീകാര്യത സംബന്ധിച്ച് കമീഷൻ തീരുമാനമെടുക്കും.  ഈ രേഖകൾ  ഉദ്യോഗാർഥി നേരത്തേ കരുതിവയ്ക്കണം. അവസാനഘട്ടമായ പ്രമാണ പരിശോധന  സമയത്ത് സർട്ടിഫിക്കറ്റുകൾക്കായി ഉദ്യോഗാർഥികൾ നെട്ടോട്ടം ഓടുന്ന പ്രവണത ധാരാളം കണ്ടുവരുന്നുണ്ട്. അനുയോജ്യ യോഗ്യത  പല വിദ്യാഭ്യാസ യോഗ്യതകളും കോഴ്‌സുകളും വിവിധ തസ്തികളിലേക്ക് അനുയോജ്യമാണെന്ന് ഉദ്യോഗാർഥിക്ക് തോന്നിയേക്കാം. പക്ഷേ  അവയ്ക്കൊന്നും തുല്യതാ സർട്ടിഫിക്കറ്റോ സർക്കാർ ഉത്തരവോ ഇല്ലാത്തതും, വിശേഷാൽ ചട്ടത്തിൽ ഇടം പിടിക്കാത്തതുമായതിനാൽ അനുയോജ്യ യോഗ്യതയായി സ്വീകരിക്കില്ല. പുതുതലമുറ കോഴ്സുകളുടെ 
തുല്യത, സ്വീകാര്യത  പല വിദ്യാഭ്യാസ സ്ഥാപനങ്ങളും പുതിയ കാലത്തിനനുസരിച്ച് പുതുതലമുറ കോഴ്സുകൾ തുടങ്ങിയിട്ടുണ്ട്. അവയുടെ കോർ സബ്ജക്ട്, കോമ്പിനേഷൻ എന്നിവ വ്യത്യസ്തമായിരിക്കാം. അവയുടെ തുല്യതയോ സ്വീകാര്യതയോ തീരുമാനിക്കാൻ പിഎസ്‍സിക്ക് കഴിയില്ല. ഇത്തരം വിഷയങ്ങൾ പഠിച്ച ഉദ്യോഗാർഥികൾ അവയുടെ തത്തുല്യത അംഗീകരിക്കാൻ കേരളത്തിലെ സർവകലാശാലകളെയോ സാങ്കേതിക / മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെയോ സർക്കാരിനെയോ സമീപിക്കണം. അതത് മേഖലയിലെ അക്കാദമിക് വിഭാഗം അവ പരിശോധിക്കുകയും സ്വീകാര്യത സംബന്ധിച്ച് തീരുമാനത്തിലെത്തുകയുംചെയ്യും. പ്രസ്തുത രേഖകൾ കമീഷൻ പരിശോധിച്ച് സ്വീകാര്യത സംബന്ധിച്ച് തീരുമാനിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top