28 March Thursday

കരിയര്‍ഗൈഡന്‍സ് ഒരു സൂക്ഷ്മപ്രക്രിയ

വെബ് ഡെസ്‌ക്‌Updated: Monday Dec 25, 2017

പുതുവര്‍ഷം പിറക്കാന്‍ ഇനി അധികനാളില്ല. മാര്‍ച്ച് മാസം പരീക്ഷാകാലമാണ്. മിക്ക മത്സര പരീക്ഷക്കും അപേക്ഷ ക്ഷണിക്കുന്നത് ഡിസംബര്‍മുതലാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ധാരാളം അവസരങ്ങളുണ്ടാകും. എവിടെയെല്ലാം അപേക്ഷിക്കണം, ഓരോന്നിന്റെയും പ്രത്യേകതയെന്ത്, ഗുണേദോഷങ്ങളെന്തെല്ലാം തുടങ്ങി നിരവധി കാര്യങ്ങള്‍ കൃത്യതയോടെ മനസ്സിലാക്കിവേണം ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍. വിവരങ്ങള്‍ യഥാസമയം അറിയുകയെന്നതാണ് പ്രധാനം. ചുരുക്കിപ്പറഞ്ഞാല്‍ പുതുവര്‍ഷത്തിലെ ആദ്യമാസങ്ങള്‍ വിദ്യാര്‍ഥികളെയും ഉദ്യോഗാര്‍ഥികളെയും സംബന്ധിച്ച് സുപ്രധാന കാലയളവാണ്. ഈ സമയത്താണ്  മിക്കവരും കരിയര്‍ വിദഗ്ധരെ തേടുന്നത്.

 പ്രാധാന്യം
മാര്‍ഗനിര്‍ദേശം (ഗൈഡന്‍സ്) നല്‍കുക എന്ന തൊഴിലിലേര്‍പ്പെട്ടിരിക്കുന്നവര്‍ പല മേഖലകളിലുമുണ്ട്. എന്നാല്‍ കരിയര്‍ സംബന്ധമായ കാര്യങ്ങളില്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന പ്രക്രിയയാണ് ഏറ്റവും സങ്കീര്‍ണം. ലോകസമ്പദ്വ്യവസ്ഥയുടെ സ്വഭാവപരിണാമങ്ങള്‍, ഓരോ രാഷ്ട്രത്തിന്റെയും സാമ്പത്തിക സാമൂഹിക സാംസ്കാരിക സാഹചര്യങ്ങള്‍, ശാസ്ത്ര സാങ്കേതികവിദ്യയുടെ വളര്‍ച്ച, തൊഴില്‍ നയങ്ങള്‍, തൊഴില്‍ വിപണിയുടെ രൂപപരിണാമം, വ്യക്തികളുടെ കഴിവും അവരുടെ ഇഷ്ടാനിഷ്ടവും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഘടകങ്ങളെ കൃത്യതയോടെ മനസ്സിലാക്കിയശേഷം മാത്രമെ കരിയര്‍ ഗൈഡന്‍സ് ചുമതല നിര്‍വഹിക്കാന്‍ കഴിയൂ. ഒരു രാഷ്ട്രത്തിന്റെ മനുഷ്യവിഭവ ആസൂത്രണ പ്രക്രിയയില്‍ കരിയര്‍ ഗൈഡന്‍സ് വഹിക്കുന്ന പങ്ക് ഏറെ വലുതാണെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ നേരത്തേ മനസ്സിലാക്കി. നമ്മുടെ രാജ്യം 1959 ല്‍  ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് നാഷണല്‍ എംപ്ളോയ്മെന്റ് സര്‍വീസ് മാന്വലില്‍ രേഖപ്പെടുത്തി. എന്നാല്‍ പ്രായോഗികതലത്തില്‍ സാധാരണക്കാര്‍ക്ക് ലഭ്യമാകുന്ന നിലയിലേക്ക് കരിയര്‍ ഗൈഡന്‍സിനെ ഒരു സംസ്ഥാനവും ഉപയോഗിച്ചില്ല. എംപ്ളോയ്മെന്റ് വകുപ്പുമന്ത്രി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഈ മേഖലയില്‍ മാറ്റത്തിന് തുടക്കമിടാനും പുത്തനുണര്‍വുണ്ടാക്കാനും സാധിച്ചിട്ടുണ്ട്. ഇന്ത്യയിലാദ്യമായി അന്തര്‍ദേശീയ നിലവാരത്തിലുള്ള കരിയര്‍ ഡവലപ്മെന്റ് സെന്ററുകള്‍ സ്ഥാപിച്ച് കരിയര്‍ ഗൈഡന്‍സ് സേവനം സൌജന്യമായി സാധാരണക്കാരന് ലഭ്യമാക്കുകയാണ്  ലക്ഷ്യം.

കരിയര്‍ ഇന്‍ഫര്‍മേഷന്‍
കരിയര്‍ ഗൈഡന്‍സ് എന്ന ബൃഹത്തായ സാമൂഹ്യശാസ്ത്രപഠനമേഖലയിലെ  ഒരു പ്രധാന ഘടകം മാത്രമാണ് കരിയര്‍ ഇന്‍ഫര്‍മേഷന്‍. കോഴ്സുകള്‍, പരീക്ഷകള്‍, തൊഴില്‍ അറിവുകള്‍, വിവിധ സ്ഥാപനങ്ങള്‍, അംഗീകാരം, സംവരണനിയമം, സ്കോളര്‍ഷിപ്പ് മുതലായ കരിയര്‍ സംബന്ധമായ അറിവുകള്‍ ശേഖരിക്കുകയും ആവശ്യക്കാര്‍ക്ക് ഉചിതസമയത്ത് നല്‍കുകയും ചെയ്യുന്നവരെയാണ് കരിയര്‍ ഇന്‍ഫര്‍മേഷന്‍ പ്രൊവൈഡര്‍മാരായി കണക്കാക്കുന്നത്. വ്യക്തികളും സ്ഥാപനങ്ങളും പ്രസിദ്ധീകരണങ്ങളും ഈ വിഭാഗത്തിലുള്‍പ്പെടും. കരിയര്‍ ഇന്‍ഫര്‍മേഷന്‍വഴി മാത്രം ഗൈഡന്‍സ് പൂര്‍ണമാകില്ല. കുട്ടിയുടെ കഴിവ്, സാമ്പത്തികസ്ഥിതി, അക്കാദമിക് നിലവാരം, കാലഘട്ടത്തിന്റെ തൊഴില്‍ പ്രവണതകള്‍ മുതലായവ സൂക്ഷ്മമായി വിലയിരുത്തി  അനുയോജ്യമായ ടൂളുകള്‍ പ്രയോജനപ്പെടുത്തിയാലേ കരിയര്‍ ലക്ഷ്യം നിര്‍ണയിക്കാനാകൂ. നല്ല പരിശീലനവും ദീര്‍ഘകാലത്തെ അനുഭവജ്ഞാനവും ഇതിന് അനിവാര്യമാണ്. 

വിദ്യാലയങ്ങളും ഗൈഡന്‍സും
വിദ്യാലയങ്ങളില്‍ കരിയര്‍ ഗൈഡന്‍സ് ക്ളാസ്സുകള്‍ നല്‍കുന്നത് വ്യാപകമായിട്ടുണ്ട്. എന്നാല്‍ പലപ്പോഴും യോഗ്യരായവരാണോ ഇത് ചെയ്യുന്നതെന്ന് പരിശോധിക്കണം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ അവരുടെ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ ലഭിക്കാന്‍ സ്കൂളുകളില്‍ കരിയര്‍ ഗൈഡന്‍സ് ക്ളാസ്സുകള്‍ നടത്തുന്നതായി പറയുന്നുണ്ട്. ഇത് പ്രോല്‍സാഹിക്കപ്പെടേണ്ടതല്ല. നാഷണല്‍ എംപ്ളോയ്മെന്റ് സര്‍വീസ് വകുപ്പിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിനാണ് വിദ്യാലയങ്ങളില്‍ കരിയര്‍ ഗൈഡന്‍സ് ക്ളാസ് നല്‍കാനുള്ള ഔദ്യോഗിക ചുമതല.

പിശകിപ്പോയ കരിയര്‍ ഗൈഡന്‍സ്
പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പ് പുതുതലമുറ ബിരുദങ്ങള്‍ക്കായി മിടുക്കരായ കുട്ടികളുടെ നെട്ടോട്ടത്തിന് കേരളം സാക്ഷ്യം വഹിച്ചു. ബയോ ടെക്നോളജി, ബയോ കെമിസ്ട്രി, മൈക്രോബയോളജി മുതലായ വിഷയങ്ങളായിരുന്നു മിക്കവരുടേയും താല്‍പ്പര്യം. മാധ്യമങ്ങളും വിദ്യാലയങ്ങളില്‍ നടന്ന ചില പ്രഭാഷണങ്ങളുമായിരുന്നു ഈ കോഴ്സുകള്‍ തെരഞ്ഞെടുക്കാന്‍ കുട്ടികളെ പ്രേരിപ്പിച്ചത്. ഈ കോഴ്സ് പൂര്‍ത്തീകരിച്ച ബഹുഭൂരിപക്ഷം കുട്ടികളും ഇപ്പോള്‍ പിഎസ്സി, ഐബിപിഎസ് പരീക്ഷാ പരിശീലന കേന്ദ്രങ്ങളിലാണുള്ളത്. വേണ്ടത്ര തെഴിലവസരങ്ങള്‍ ഉയര്‍ന്ന് വരാതെ കോഴ്സുകള്‍ രൂപകല്‍പ്പനചെയ്യുകയും വന്‍പ്രചാരണം നല്‍കുകയും ചെയ്തതിന്റെ പ്രത്യാഘാതമായിരുന്നു ഇത്.

വ്യവസായമായാല്‍
നല്ലൊരു വരുമാന മാര്‍ഗമായി കരിയര്‍ ഗൈഡന്‍സ് മേഖലയെ കാണുന്നവരുണ്ട്. വേണ്ടത്ര അറിവും പരിചയവും ഇല്ലാത്തവര്‍ ലാഭം മാത്രം ലക്ഷ്യമാക്കി ഈ മേഖലയിലേക്ക് വന്നാല്‍ വലിയ കുഴപ്പമാണുണ്ടാവുക. ഇത്തരം സെന്ററുകള്‍ ഉപയോഗിക്കുന്ന അസസ്മെന്റ് ടൂളുകള്‍ ശാസ്ത്രീയമായി തയ്യാറാക്കിയതാണോ എന്നും വേണ്ടത്ര ഗുണനിലവാരമുള്ളതാണോയെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ശ്രദ്ധയാകര്‍ഷിക്കുന്ന നിലയില്‍ ഗൈഡന്‍സ് നല്‍കുന്ന പ്രവണതയും ഉള്ളതായി പറയുന്നുണ്ട്.

കരിയര്‍ ഗൈഡന്‍സും എപ്ളോയ്മെന്റ് എക്സ്ചേഞ്ചും
എംപ്ളോയ്മെന്റ് ഓഫീസര്‍മാരുടെ മുഖ്യമായ ചുമതലകളില്‍ ഒന്നാണ് കരിയര്‍ ഗൈഡന്‍സ്. തൊഴില്‍വിപണിയെക്കുറിച്ച് പഠനം നടത്തുകയും വൈവിധ്യമാര്‍ന്ന തൊഴില്‍ ഒഴിവുകള്‍ കൈകാര്യം ചെയ്യുന്നതും എംപ്ളോയ്മെന്റ് ഓഫീസര്‍മാരായതിനാലാണ് ഈ ചുമതല അവര്‍ക്ക് വന്നത്. എംപ്ളോയ്മെന്റ് ഡയറക്ടറേറ്റിലെ സ്റ്റേറ്റ് വൊക്കേഷണല്‍ ഗൈഡന്‍സ് ഓഫീസറാണ് കരിയര്‍ ഗൈഡന്‍സ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത്. ഇപ്പോള്‍ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലും പാലക്കാട് ജില്ലയിലെ ചിറ്റൂരും ആണ് കരിയര്‍ ഡവലപ്മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. അടുത്തവര്‍ഷം മുതല്‍ എല്ലാ ജില്ലകളിലും ഈ സ്ഥാപനം നിലവില്‍ വരും. കരിയര്‍ ഗുരുക്കന്മാരെ തേടുമ്പോള്‍ യോഗ്യരെ കണ്ടെത്താന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഓരോ വ്യക്തിയും അവര്‍ക്ക് ഏറ്റവും അനുയോജ്യമായ മേഖലയിലെത്തിപ്പെടുമ്പോഴാണ് വ്യക്തിയും സമൂഹവും വിജയിക്കുന്നത്. കരിയര്‍ ഗൈഡന്‍സിലൂടെ ഇത് സാധ്യമാണെന്ന് പശ്ചാത്യരാജ്യങ്ങള്‍ തെളിയിച്ചിട്ടുണ്ട് . ഇവിടെയും കരിയര്‍ ഗൈഡന്‍സിന്റെ സാധ്യതകളെ നമുക്ക് പ്രയോജനപ്പെടുത്തണം. അത്തരമൊരു ഗൌരവമായ കാല്‍വയ്പ്പാണ് സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന കരിയര്‍ ഡവലപ്മെന്റ് സെന്റര്‍.

സംസ്ഥാന സര്‍ക്കാര്‍ പുതുതായി ആരംഭിച്ച പേരാമ്പ്ര കരിയര്‍ ഡവലപ്മെന്റ് സെന്ററിലെ സെന്റര്‍ മാനേജരും എംപ്ളോയ്മെന്റ്
ഓഫീസറുമാണ് ലേഖകന്‍. 0496 2615500
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top