26 April Friday

മത്സര പരീക്ഷാ പരിശീലനം വേണം ഒരു സ്ട്രാറ്റജി

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2017

കൃത്യമായ ആസൂത്രണം ചെയ്യപ്പെട്ട പഠനപദ്ധതിയും കഠിനമായ പരിശ്രമവും ഉണ്ടെങ്കില്‍ ഏതൊരാള്‍ക്കും മത്സരപരിക്ഷകളി.ല്‍ വിജയം വരിക്കാന്‍ കഴിയും. ലാസ്റ്റ് ഗ്രേഡ് പരീക്ഷമുതല്‍ സിവില്‍ സര്‍വീസ് പരിക്ഷയ്ക്ക്വരെ ഇത് ബാധകമാണ്. മത്സരപരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് നേടുന്നവരെല്ലാം വലിയ ബുദ്ധിമാന്മാരാണെന്ന ധാരണ ശരിയല്ല. ഉചിതമായ സമയത്തെടുത്ത ഉറച്ച തീരുമാനവും പിന്‍വലിയാതെയുള്ള പോരാട്ടവും ഏതൊരാള്‍ക്കും സുനിശ്ചിത വിജയം സമ്മാനിക്കും. വിജയം നേടുന്നതിനുള്ള കൃത്യതയാര്‍ന്ന പദ്ധതി ഒരു നോട്ടുബുക്കില്‍ ഭംഗിയായി എഴുതി തയ്യാറാക്കണം. ഈ പദ്ധതിയിലെ ഓരോ ഘടകവും പരിശോധിക്കാം


1.ലക്ഷ്യ നിര്‍ണയം( ഒബ്ജക്ടീവ്)
ഓരോ പരീക്ഷയിലും എത്ര റാങ്കിനുള്ളില്‍ വന്നാല്‍ നിയമനം ലഭിക്കുമെന്ന് മനസ്സിലാക്കി അതനുസരിച്ച് ലക്ഷ്യനിര്‍ണയം നടത്തണം. 50,100,200 റാങ്കുകള്‍ക്ക് ഉള്ളില്‍ തന്റെ പേര് ഉണ്ടാകണമെന്ന നിലയില്‍ ലക്ഷ്യംവയ്ക്കുകയും നോട്ടു ബുക്കിന്റെ ഒന്നാം പേജില്‍ അത് രേഖപ്പെടുത്തുകയും ചെയ്യുക.
2.പഠനോപകരണങ്ങള്‍ (ടൂള്‍സ്)
ഒരു വിദഗ്ധന്റെ സഹായത്തോടെ പഠനോപകരണങ്ങള്‍ തെരഞ്ഞെടുക്കുക. ചെറിയ ക്ളാസ്സുകളിലെ ടെസ്റ്റുബുക്കുകള്‍, മത്സര പരീക്ഷാ ഗൈഡുകള്‍, മുന്‍കാലചോദ്യപേപ്പറുകള്‍, മാതൃകാചോദ്യപ്പേറുകള്‍, പരിശീലനകേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന കുറിപ്പുകള്‍, കരിയര്‍ പ്രസിദ്ധീകരണങ്ങള്‍ മുതലായവയെല്ലാം പഠനോപകരണങ്ങളാണ്. പഠനം ആരംഭിക്കും മുമ്പ് ഇവയെല്ലാം ശേഖരിക്കുകയും ഭംഗിയായി ക്രമീകരിക്കുകയും വേണം
3.സമയക്രമീകരണം( ടൈം മാനേജ്മെന്റ്)
പഠനം തുടങ്ങുന്നതുമുതല്‍ പരീക്ഷയുടെ നാല് ദിവസം മുമ്പുവരെയുള്ള സമയത്തെയാണ് ചിട്ടപ്പെടുത്തേണ്ടത്. വ്യക്തിപരമായി അവശ്യം വേണ്ടുന്ന എല്ലാ കാര്യങ്ങള്‍ക്കും സമയം മാറ്റിവച്ചശേഷം പഠനത്തിനായി പരമാവധി സമയം നിശ്ചയിക്കുക. ഇതാണ് റിയല്‍ ടൈം. ദിവസം 8 മണിക്കൂര്‍ പഠിക്കാന്‍ നിശ്ചയിച്ചാല്‍ 100 ദിവസമാണ് ആകെ ഉള്ളത് എങ്കില്‍ 800 മണിക്കൂര്‍ പഠിക്കാന്‍ ലഭിക്കുമെന്നര്‍ഥം. ഈ സമയം ഓരോ പഠനോപകരണത്തിനുമായി ആവശ്യാനുസരണം വീതം വയ്ക്കുക (അലോക്കേഷന്‍ ഓഫ് ടൈം) തുടര്‍ന്ന് ഓരോ ദിവസവും ഓരോ മണിക്കൂറിലും എന്തെല്ലാം പഠിക്കുമെന്ന് കൃത്യതയോടെ രേഖപ്പെടുത്തുക (നറേഷന്‍). ഉദാ: ഒക്ടോബര്‍ 8-ാം തിയതി രാവിലെ അഞ്ചുമുതല്‍ 6 മണി വരെ ഗൈഡിലെ 20- ാം പേജ്മുതല്‍ 30-ാം പേജ്വരെ എന്ന രീതിയില്‍ വിശദീകരിച്ച് എഴുതണം. കലണ്ടര്‍ നോക്കി സമയമെടുത്ത് കൊണ്ട് വിഷയത്തിന്റെ കാഠിന്യവും ലാളിത്യവും തിരിച്ചറിഞ്ഞ് ആയിരിക്കണം സമയവിവരണി തയ്യാറാക്കേണ്ടത്.


4.മോണിറ്ററിങ്്
സമയവിവരണിയില്‍ രേഖപ്പെടുത്തിയതിനനുസരിച്ചാണോ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത് എന്ന് എല്ലാ ദിവസവും രാത്രിയില്‍ കുറച്ച് സമയമെടുത്ത് പരിശോധിക്കണം.


5.ശിക്ഷ (പണിഷ്മെന്റ്)
മോണിറ്ററിങ് നടത്തുമ്പോള്‍ സമയവിവരണിയിലെ ക്രമമനുസരിച്ച് പഠിക്കുന്നതില്‍ വീഴ്ച വന്നതായി കണ്ടാല്‍ തക്കതായ ശിക്ഷ അനുഭവിക്കാന്‍ തയ്യാറാകണം. പഠിക്കാന്‍ അവശേഷിക്കുന്ന ഭാഗം അന്നുതന്നെ തീര്‍ക്കണം. മാത്രമല്ല പിറ്റേ ദിവസം പഠിക്കേണ്ട പാഠഭാഗത്തിന്റെ ഒന്നോ രണ്ടോ പേജുകളും ശിക്ഷ എന്ന നിലയില്‍ അധികം പഠിക്കണം. ഇതിനാവശ്യമായ സമയം ഉറക്കത്തില്‍നിന്ന് കണ്ടെത്തുകയും വേണം.


6. റിവ്യൂ
ആഴ്ചയില്‍ ഒരു ദിവസം റിവ്യൂവിന് വേണ്ടി മാറ്റി വയ്ക്കണം. പ്രസ്തുത ആഴ്ച പഠിച്ചതെല്ലാം മനസ്സിനകത്ത് ഉണ്ടോ എന്ന പരിശോധനയാണിത്. മോഡല്‍ ടെസ്റ്റുകള്‍ ചെയ്തുനോക്കുന്നതും മറ്റൊരാളെക്കൊണ്ട് ചോദിപ്പിക്കുന്നതും നന്നായിരിക്കും.


വിവരണാത്മക ചോദ്യങ്ങള്‍ ഉണ്ടാകാനിടയുള്ള പരീക്ഷയാണെങ്കില്‍ പ്രബന്ധങ്ങള്‍ എഴുതി പരിശീലിക്കണം. ഒരുവിഷയത്തില്‍ കുറെ കാര്യങ്ങള്‍ അറിയാം എന്നത് കൊണ്ട് മാത്രം നല്ല നിലയില്‍ പ്രബന്ധം എഴുതാന്‍ കഴിയില്ല. പത്രങ്ങള്‍, ആനുകാലികങ്ങള്‍ എന്നിവയുടെ വായനവും മുടക്കരുത്. സമയവിവരണി തയ്യാറാക്കുമ്പോള്‍ ഇവക്കെല്ലാം സമയം നിശ്ചയിക്കണമെന്നര്‍ഥം. ഒരു പരീക്ഷയും ഭാഗ്യംകൊണ്ട് ജയിക്കില്ല എന്ന് ഉറച്ച് വിശ്വസിക്കുക. കുറച്ച് മണിക്കൂറുകള്‍ ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ നല്ല ശമ്പളവും സുരക്ഷിതത്വവും അധികാരവുമുള്ള തൊഴില്‍ കയ്യില്‍ വന്നെത്തും.

(പ്രൊഫഷണല്‍ ബിരുദധാരികളോട് ചില കാര്യങ്ങള്‍ പറയാനുണ്ട് . അത് അടുത്ത ലക്കത്തില്‍)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top