26 April Friday

സ്വയം അറിയണം ശക്തിയും ദൌര്‍ബല്യവും

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2017

ഉദ്യോഗാര്‍ഥിയുടെ കഴിവും ദൌര്‍ബല്യവും തൊഴില്‍ സമ്പാദനത്തില്‍ പ്രാധാന്യമുള്ള ഘടകങ്ങളാണ്. കഴിവുകള്‍ പരാമവധി 'പ്രൊജക്ട്' ചെയ്യുന്നതിനൊപ്പം ദൌര്‍ബല്യങ്ങള്‍ കഴിയുന്നത്ര പ്രകടമാവാതിരിക്കുകയെന്നതും പ്രധാനമാണ്. കഴിവുണ്ടായാല്‍മാത്രം പോരാ; അത് തൊഴില്‍ദാതാവിന് ബോധ്യപ്പെടുകകൂടി വേണം. ഒപ്പം നിങ്ങളുടെ കുറവുകളിലേക്ക് ഇന്റര്‍വ്യു ബോര്‍ഡിന്റെ കണ്ണെത്താതിരിക്കുകയും വേണം.
മിക്ക ഇന്റര്‍വ്യുകളിലും 'എന്താണ് നിങ്ങളുടെ ശക്തി?, എന്തൊക്കെയാണ് ദൌര്‍ബല്യങ്ങള്‍?  എന്നീ ചോദ്യങ്ങള്‍ നേരിട്ടുതന്നെ പ്രതീക്ഷിക്കണം. ചിലപ്പോള്‍ ഇത്തരം പ്രത്യക്ഷ ചോദ്യങ്ങളുണ്ടാകണമെന്നില്ല. പക്ഷെ നിങ്ങളുടെ പ്രാപ്തിയെ ക്കുറിച്ച് സ്വയം എങ്ങനെ വിലയിരുത്തുന്നു. അത് മറ്റുള്ളവരെ ധരിപ്പിക്കുന്ന രീതിയെങ്ങനെ?  ഇത് മനസ്സിലാക്കാനുള്ള ചോദ്യങ്ങള്‍ ഉറപ്പായുമുണ്ടാകും. ഏതൊക്കെ മേഖലയിലാണ് നിങ്ങളുടെ പോരായ്മകളെന്ന് കണ്ടെത്താനും ബോര്‍ഡ് പരിശ്രമിക്കും. ഇവിടെയാണ് ഒരു ഉദ്യോഗാര്‍ഥി തന്റെ കഴിവുകളെ എങ്ങനെ പ്രതിഫലിപ്പിക്കുന്നു, പരിമിതികളെ എങ്ങനെ അതിജീവിക്കുന്നു എന്ന കാതലായ പ്രശ്നം. കഴിവുകളും  പരിമിതികളും  സ്വയം ബോധ്യപ്പെടലാണ് ആദ്യഘട്ടം. അടുത്തഘട്ടം പരിശീലനം.
പറയാനുള്ളതെല്ലാം പറഞ്ഞില്ലെന്ന നഷ്ടബോധം ഇന്റര്‍വ്യു കഴിഞ്ഞിറങ്ങുന്ന പലരും പ്രകടിപ്പിക്കാറുണ്ട്. ചിലപ്പോള്‍ ബോര്‍ഡിന്റെ അശാസ്ത്രീയ സമീപനമാകാം ഇതിനുകാരണം.  തയ്യാറെടുപ്പ് അന്യൂനമാണെങ്കില്‍ ചോദിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ 'പ്ളസ്സുകള്‍' ബോധ്യപ്പെടുത്താന്‍ കഴിയും. ഇതിന് മൂന്ന് കാര്യങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തണം.
1. അപേക്ഷിച്ച ജോലിയുമായി ബന്ധപ്പെട്ട നിങ്ങളുടെ  കഴിവുകള്‍ വേര്‍തിരിച്ചറിയണം. കംപ്യൂട്ടര്‍ പ്രാവീണ്യം ആവശ്യമുള്ള ജോലിയുടെ അഭിമുഖത്തിന് ഭാഷാവൈദഗ്ധ്യം പ്രകടിപ്പിച്ചതുകൊണ്ടുകാര്യമില്ല.
2. പ്രത്യേക കഴിവുകള്‍ തെളിയിക്കാനാവശ്യമായ അനുഭവ കഥകളും സന്ദര്‍ഭങ്ങളും ചുരുക്കിപ്പറയാന്‍ പാകത്തില്‍ മനസ്സില്‍ തയ്യാറാക്കിവയ്ക്കണം.
3. ചോദ്യങ്ങളേതായാലും നിങ്ങളുടെ കഴിവുകള്‍ വിശദീകരിക്കാന്‍ 'മോക് ഇന്റര്‍വ്യു' രൂപത്തില്‍ പ്രയോഗിക പരിശീലനം നടത്തണം.
ംവമ ശ ്യീൌൃ ൃലിഴവേ? ഇത് വളരെ പ്രയോജനപ്രദവും അതേസമയം ശ്രദ്ധിച്ച് ഉത്തരം നല്‍കേണ്ടതുമായ ചോദ്യമാണ്. പരിധിവിട്ട സ്വയം പുകഴ്ത്തലും അതിവിനയമെന്ന കാപട്യവും ബോര്‍ഡ് എളുപ്പം തിരിച്ചറിയും. നിങ്ങളുടെ 'മെറിറ്റുകള്‍' സംബന്ധിച്ച് നാലോ അഞ്ചോ പോയിന്റുകള്‍ അനുഭവങ്ങളെ അടിസ്ഥാനമാക്കി ചുരുക്കിവിവരിക്കുക. ഉദാഹരണത്തിന് അക്കൌണ്ട്സുകള്‍ ടാലി ആക്കുന്നതില്‍ തനിക്കുള്ള വേഗത മുന്‍സ്ഥാപനത്തില്‍ ഒരു വര്‍ഷത്തിനകം  സീനിയര്‍ പോസ്റ്റിലേക്കുള്ള പ്രമോഷന് സഹായകമായി. അക്കൌണ്ടിങ്് പേപ്പറുകളില്‍ എല്ലായ്പോഴും ഒന്നാം ക്ളാസ്സിലധികം മാര്‍ക്കുണ്ടായിരുന്നു.
കഴിവുകളുടെ ഒരു പട്ടിക ഇനംതിരിച്ചു തയ്യാറാക്കണം. ഇതിന് ഏറ്റവുമടുത്ത സുഹൃത്തുക്കളുടെയോ അധ്യാപകരുടെയോ സഹായം തേടാം. നിങ്ങളുടെ വ്യക്തിത്വത്തിലെ ചില സവിശേഷതകള്‍ അവര്‍ക്ക് സൂക്ഷ്മമായി ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. തരംതിരിവ് താഴെപറയുന്നവിധത്തിലാകാം.
1. ബുദ്ധിപരം: ചിന്താശേഷി, വിശകലനപാടവം, പെട്ടെന്നുള്ള തീരുമാനം, പ്രശ്നപരിഹാരം, സര്‍ഗാത്മകത, സമഗ്രവീക്ഷണം, വാക്ചാതുരി, രേഖകള്‍ തയ്യാറാക്കാനുള്ള കഴിവ് തുടങ്ങിയവയെല്ലാം ഈ വിഭാഗത്തില്‍പ്പെടും.
2. യോഗ്യത: വിദ്യാഭ്യാസ യോഗ്യത, പരിശീലനം, അവാര്‍ഡുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് അംഗീകാരങ്ങള്‍, സന്നദ്ധ സേവനം.
3. വ്യക്തിത്വം: മന:സാന്നിധ്യം, പ്രസന്നത, വിനയം, ചുറുചുറുക്ക്, ജാഗ്രത, ജോലിയിലെ താല്‍പര്യം, സന്നദ്ധത, സഹകരണം, കൃത്യനിഷ്ഠ, ശുചിത്വം, ഉത്തരവാദിത്തബോധം, സംഘര്‍ഷങ്ങള്‍ നേരിടാനുള്ള കഴിവ്, സ്ഥിരോത്സാഹം, നേതൃപാടവം, സംഘാടക മികവ്, സഹപ്രവര്‍ത്തകര്‍ക്ക് പ്രചോദനം, കൂട്ടായ്മ  തുടങ്ങിയവ.ഇവയെല്ലാം ഒത്തുചേര്‍ന്ന ആരുമുണ്ടാകില്ല. എന്നാല്‍ ഇതില്‍ നിങ്ങള്‍ ശ്രമിക്കുന്ന ജോലിക്ക് ആവശ്യമുള്ള കഴിവുകള്‍ വേര്‍തിരിച്ചെടുത്ത് എഴുതിവയ്ക്കണം. അതില്‍ നിങ്ങള്‍ക്കുള്ള മികവാണ് ഇന്റര്‍വ്യുവില്‍ അവതരിപ്പിക്കേണ്ടത്.  ഇക്കാര്യങ്ങള്‍ നല്ലവണ്ണം ഗൃഹപാഠം ചെയ്താണ് ബോര്‍ഡിന് മുന്നിലെത്തുന്നതെങ്കില്‍ നിങ്ങളുടെ കഴിവുകള്‍ ശരിയാംവണ്ണം അനാവരണം ചെയ്യാന്‍ ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top