25 April Thursday

നിങ്ങളിലും മിടുക്കനുണ്ട്

പി കെ എ റഷീദ്Updated: Tuesday Aug 22, 2017

ഏതൊരു സംരംഭത്തിലും പരീക്ഷയിലുമെന്നതുപോലെ, ബന്ധപ്പെട്ട വിഷയത്തില്‍ നിങ്ങള്‍ നേടുന്ന അറിവും പരിശീലനവും തന്നെയായിരിക്കും ഇന്റര്‍വ്യൂവിലും വിജയത്തിന്റെ സുപ്രധാന ഘടകം. അഭിമുഖത്തിന്റെ ചില സവിശേഷ രീതികളും യുക്തികളും തന്ത്രങ്ങളും സ്വായത്തമാക്കുന്ന ശരാശരിക്കാര്‍പോലും മിടുക്കന്മാരെ പുറന്തള്ളി ഒന്നാമതെത്തുന്നത് അപൂര്‍വമല്ല. ഇന്റര്‍വ്യൂവിന് തയ്യാറെടുക്കുന്നവര്‍ പഠനത്തിനും പരിശീലനത്തിനും ഊന്നല്‍ നല്‍കുന്നതുപോലെ, അബദ്ധ ധാരണകളില്‍നിന്ന് പുറത്തുകടക്കുകയെന്നതും പ്രധാനമാണ്. നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിലെ മികവിലായിരിക്കും ബോര്‍ഡ് അംഗങ്ങള്‍ വിശ്വാസമര്‍പിക്കുക എന്ന ഉറച്ച ധാരണയോടെ വേണം ഇന്റര്‍വ്യൂ ടേബിളിന് മുന്നിലെത്താന്‍.
  അഭിമുഖത്തെക്കുറിച്ച് സാധാരണ കണ്ടുവരുന്ന ചില തെറ്റായ ധാരണകള്‍ ഇവിടെ പങ്കുവയ്ക്കട്ടെ.
ജോലി കിട്ടുന്നത് മുന്‍നിരക്കാര്‍ക്കുമാത്രം: പൊതുവായ അര്‍ഥത്തില്‍ പറഞ്ഞാല്‍ ഇതു ശരിയാണ്. വിഷയത്തിലുള്ള പ്രാഗത്ഭ്യമല്ല അഭിമുഖത്തില്‍ പരീക്ഷിക്കപ്പെടുന്നത്. നേരെ മറിച്ച് വിഷയത്തില്‍ നിങ്ങള്‍ക്കുള്ള പ്രാഗത്ഭ്യം പ്രായോഗിക പ്രവര്‍ത്തനങ്ങളിലേക്ക് കൊണ്ടുവരാനുളള കഴിവിനെയാണ് ഇന്റര്‍വ്യൂ ബോര്‍ഡ് ഉറ്റുനോക്കുന്നത്. അതിനാല്‍ വിഷയത്തില്‍ അവഗാഹം നേടുന്നതിനൊപ്പം അതിന്റെ 'ആപ്ളിക്കേഷന്‍' തൊഴില്‍ദായകനെ ബോധ്യപ്പെടുത്താനുള്ള സ്കില്‍ ആണ് നിങ്ങള്‍ പരിശീലിക്കേണ്ടത്. ഒരു തൊഴിലിന് ഇന്റര്‍വ്യൂവിന് വിളിക്കുമ്പോള്‍ നിങ്ങളേക്കാള്‍ പ്രാഗത്ഭ്യം ഉള്ളവര്‍ കൂട്ടത്തിലുണ്ടെന്ന് കരുതി പിന്‍വാങ്ങി നില്‍ക്കരുത്. മറ്റുള്ളവരുടെ കഴിവുകള്‍ നിങ്ങളുടെ സാധ്യതകളെ കുറയ്ക്കുന്നില്ലെന്ന ബോധ്യം സ്വയമുണ്ടാകണം. അതിപ്രാഗത്ഭ്യം ഉണ്ടെന്ന് കരുതപ്പെടുന്ന ആള്‍ അമിതമായ ആത്മവിശ്വാസം കാരണം ശരിയായ തയ്യാറെടുപ്പുകള്‍ കൂടാതെ വന്നുവെന്ന് കരുതുക. ഇവിടെ നിങ്ങളുടെ സാധ്യതയാണ് വര്‍ധിക്കുന്നത്. മറ്റുള്ളവര്‍ ദുര്‍ബലരാണെന്ന ധാരണ ഇതിന്റെ മറുവശമാണ്.
എത്രയും കൂടുതല്‍ കാര്യങ്ങള്‍ പറയുന്നുവോ  അത്രയും വിജയസാധ്യത: കോടതി സാക്ഷിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ എതിരാളിയുടെ അഭിഭാഷകന്റെ ചോദ്യങ്ങളോട് പ്രതികരിക്കുന്ന സൂക്ഷ്മത  ഇന്റര്‍വ്യൂ ബോര്‍ഡിനെ അഭിമുഖീകരിക്കുമ്പോഴും ആവശ്യമാണ്. ഇന്റര്‍വ്യൂ സ്കൂള്‍ പരീക്ഷയല്ലെന്ന് ഓര്‍ക്കണം. പറയുന്ന കാര്യങ്ങളുടെ ഏറ്റക്കുറച്ചിലിന് അനുസരിച്ചല്ല മാര്‍ക്ക്. ബുദ്ധിപൂര്‍വമായി ചുരുക്കി കാര്യങ്ങള്‍ പറയുന്നതായിരിക്കും മികവ്. പരീക്ഷയിലെന്നപോലെ ശരി, തെറ്റ് എന്ന വ്യക്തമായ വേര്‍തിരിവ് ഇന്റര്‍വ്യൂവില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. ബോര്‍ഡംഗങ്ങള്‍ വിയോജിക്കുമ്പോഴും നിങ്ങളുടെ വാദമുഖങ്ങള്‍ സമര്‍ഥമായി അവതരിപ്പിക്കാനായാല്‍ അവര്‍ക്ക് മതിപ്പുണ്ടാകും.
ബോര്‍ഡ് അംഗങ്ങള്‍ എല്ലാവരും അതിവിദഗ്ധര്‍: മിക്ക ഇന്റര്‍വ്യൂവിലും ബോര്‍ഡംഗങ്ങള്‍ എല്ലാവരും ശാസ്ത്രീയമായ അഭിമുഖത്തിന് പ്രാപ്തിയുള്ളവര്‍ ആയിരിക്കില്ല. ചിലര്‍ വാചകമടിച്ച് ഉദ്യോഗാര്‍ഥിയുടെ മുന്നില്‍ ആളു ചമയാന്‍ ശ്രമിക്കുന്നവര്‍ ആയിരിക്കും. അഭിമുഖം തുടങ്ങി നിമിഷങ്ങള്‍ക്കകം തീരുമാനം എടുത്തുകഴിഞ്ഞു എന്ന നിലയില്‍ ചിലര്‍ സംസാരിച്ചെന്നിരിക്കും. നിങ്ങളുടെ മനഃസാന്നിധ്യത്തെ ഇല്ലാതാക്കുന്ന ഇടപെടലുകള്‍ ഉണ്ടായേക്കാം. ഇത്തരം അനുഭവം ഉണ്ടായാല്‍ സൌമ്യമായി കേള്‍വിക്കാരനായി ഇരിക്കുകയും ചോദ്യങ്ങള്‍ക്ക് ഫലപ്രദമായി മറുപടി പറയാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ഇന്റര്‍വ്യൂ അലസിപ്പോയെന്ന ഭാവത്തില്‍ വൈകാരികമായി പ്രതികരിക്കരുത്.
തെറ്റായാലും ഉത്തരം പറയണം: അറിയാത്ത ചോദ്യങ്ങള്‍ക്ക് തെറ്റായ ഉത്തരം നല്‍കുന്നതിന് പകരം അറിയില്ല എന്ന് പറയുന്നതാണ് ഏറ്റവും ഉചിതം. അറിവില്ലായ്മ സമ്മതിക്കുന്നതിന് പകരം ഉരുണ്ടുകളിച്ചാല്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് നിങ്ങളുടെ സത്യസന്ധതയില്‍ വിശ്വാസക്കുറവ് ഉണ്ടാകും.
സൌന്ദര്യമാണ് ഘടകം: മുഖസൌന്ദര്യത്തിന് പ്രാധാന്യം കല്‍പിക്കുന്ന അപൂര്‍വ മേഖലകള്‍ ഒഴിച്ച് നിങ്ങളുടെ വ്യക്തിത്വമാണ് ജോലി കിട്ടുന്നതിനുള്ള മാനദണ്ഡം. ആകര്‍ഷമായ വസ്ത്രധാരണം ഏത് ഇന്റര്‍വ്യൂവിലും പ്രധാനമാണ്.
ചോദ്യോത്തര പരിപാടി: ശരിയുത്തരങ്ങളിലെ മാര്‍ക്കല്ല, ജോലിയുടെയും സ്ഥാപനത്തിന്റെയും പ്രത്യേകതകള്‍ക്ക് അനുസരിച്ച് ജോലിചെയ്യാന്‍ നിങ്ങള്‍ പ്രാപ്തനാണോ എന്നതാണ് ഇന്റര്‍വ്യൂവില്‍ അളക്കപ്പെടുന്നത്. അതിനുതകുന്ന ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. ശരിയെന്ന് നിങ്ങള്‍ കരുതുന്ന ഉത്തരങ്ങള്‍ ഒരു പക്ഷേ ബോര്‍ഡിന് തൃപ്തികരമാകണമെന്നില്ല.
സംസാരം ചുരുക്കണം: അമിതമായി സംസാരിച്ച് മുഷിപ്പിക്കുന്നതുപോലെ തീരെ കുറച്ച് സംസാരിക്കുന്നതും നിങ്ങളെക്കുറിച്ചുള്ള മതിപ്പ് ഇല്ലാതാക്കും. പറയാനുള്ള കാര്യങ്ങള്‍ക്ക് എത്ര സംസാരം വേണോ, അത്രയുമാകാം; അതിന് പിശുക്കേണ്ടതില്ല. വളച്ചുകെട്ടലുകള്‍ ഒഴിവാക്കണം. ചുരുക്കണമെന്ന നിര്‍ബന്ധം കാരണം ആശയവ്യക്തത നഷ്ടപ്പെട്ടുപോകരുത്. വിശദാംശങ്ങള്‍ ഒഴിവാക്കണം. ആവശ്യമെങ്കില്‍ ബോര്‍ഡ് അംഗങ്ങള്‍ ചോദിച്ചുകൊള്ളും.
സ്മാര്‍ട്ടായിരിക്കണം: നിങ്ങളുടെ സ്മാര്‍ട്ട്നെസ് തെളിയിക്കാന്‍ ബോര്‍ഡിനോട് തിരിച്ച് ചോദ്യം ചോദിച്ചാല്‍ എങ്ങനെയായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വ്യക്തത ആവശ്യമുള്ള കാര്യങ്ങള്‍ ഉണ്ടെങ്കില്‍ ബോര്‍ഡ് അംഗങ്ങള്‍ ചോദ്യങ്ങള്‍ അവസാനിപ്പിക്കുന്ന ഘട്ടത്തില്‍ നിങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാം. ഇത് നെഗറ്റീവ് സ്വഭാവത്തിലുള്ളതാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
നിങ്ങള്‍ നിങ്ങള്‍ ആയാല്‍ മതി: ശരിയാണ്, പക്ഷേ നിങ്ങളില്‍ പല സ്വഭാവരീതികളും മാനറിസങ്ങളും കാണും. ഇതൊന്നും ബോര്‍ഡിന് മുന്നില്‍ പ്രദര്‍ശിപ്പിക്കേണ്ട. ജോലിയുടെ സ്വഭാവത്തിനനുസരിച്ച് ആവശ്യമായ ഔപചാരികതകള്‍ നിങ്ങള്‍ പ്രകടിപ്പിക്കണം. ഇത് നിങ്ങളുടെ വ്യക്തിത്വം വികൃതമാക്കപ്പെടുംവിധമുള്ള ജാഡകളായിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.
ബോര്‍ഡിന്റെ കണ്ണ് നിങ്ങളുടെ പോരായ്മകളിലായിരിക്കും: ഈ ധാരണ നിങ്ങളുടെ പ്രകടനം പ്രതിരോധത്തിലും അവിശ്വാസത്തിലും ഊന്നിയതാക്കി മാറ്റും. നിങ്ങളുടെ കുറവുകളല്ല കഴിവുകളാണ് അവര്‍ക്ക് വേണ്ടത്. ആ ബോധം നിങ്ങള്‍ക്ക് പോസിറ്റീവ് എനര്‍ജി നല്‍കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top