29 March Friday

കോവിഡിന്‌ ശേഷമുള്ള തൊഴിൽമേഖല ; അസാപ്‌ ഓൺലൈൻ സംവാദവും പരിശീലനവും

വെബ് ഡെസ്‌ക്‌Updated: Monday Apr 20, 2020


ആലപ്പുഴ
കോവിഡ്‌ ഭീതിയകലുമ്പോൾ തൊഴിൽമേഖലയിലുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാകും? രാജ്യാന്തര തൊഴിൽരംഗത്തെ മാറ്റങ്ങൾ രാജ്യത്തെയും നമ്മുടെ കൊച്ചുകേരളത്തിലെ തൊഴിൽസാധ്യതകളെയും എങ്ങനെ സ്വാധീനിക്കും?.

ഇതേക്കുറിച്ച്‌ സംവദിക്കാനും മാറ്റങ്ങൾക്കനുസരിച്ച്‌ അഭ്യസ്‌തവിദ്യർക്ക്‌ തൊഴിൽ നൈപുണ്യ പരിശീലനം നൽകാനും അസാപ്‌ അവസരമൊരുക്കും. ഇതിന്റെ ഭാഗമായി 14 ജില്ലകളിലും കലക്‌ടർമാരുമായി വിദഗ്‌ധരും പ്രൊഫഷണൽ ബിരുദമുള്ളവരും വിദ്യാർഥികളും ഓൺലൈനിൽ സംവദിക്കും.
എല്ലാ ജില്ലകളിലെയും സംവാദത്തിനുശേഷം പുതിയ തൊഴിൽ നൈപുണ്യ പരിശീലനം ആരംഭിക്കും. അതത്‌ ജില്ലയ്‌ക്ക്‌ അനുയോജ്യമായ തൊഴിൽ മേഖലകളിലാകും പരിശീലനം. സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന്‌  കീഴിലുള്ള അഡീഷണൽ സ്‌കിൽ അക്യുസിഷൻ പ്രോഗ്രാം (അസാപ്‌) 14 ജില്ലകളിലും നടപ്പാക്കുന്ന കമ്യൂണിറ്റി സ്‌കിൽ പാർക്കുകളിലാകും പുതിയ പരിശീലനം.

കോവിഡിനുശേഷമുള്ള സാമ്പത്തിക പ്രതിസന്ധി ഏതൊക്കെ വിദേശ തൊഴിൽമേഖലയിൽ പ്രതിസന്ധിയുണ്ടാക്കും തുടങ്ങിയ കാര്യങ്ങൾ സംവാദങ്ങളിൽ ചർച്ചചെയ്യുമെന്ന്‌ അസാപ്‌ കമ്യൂണിറ്റി സ്‌കിൽ പാർക്ക്‌ സംസ്ഥാന മേധാവി ടി വി വിനോദ്‌ പറഞ്ഞു.

സംവാദത്തിന്റെ ആദ്യഘട്ടമായി തിങ്കളാഴ്‌ച എറണാകുളം ജില്ലയിൽ പകൽ മൂന്നുമുതൽ നാലുവരെ കലക്‌ടറും ഉദ്യോഗാർഥികളും വിദ്യാർഥികളും  ഓൺലൈനിൽ സംവദിക്കും. ഇതിൽ പങ്കെടുക്കാനുള്ള ലിങ്ക്‌ www.skillparkkerala.in/csp--perumbavoor/,    www.skillparkkerala.in/csp--kalamasseri/ മറ്റ്‌ ജില്ലകളിലുള്ളവർക്കും ഇത്‌ തത്സമയം കാണാമെങ്കിലും ചർച്ചകളിൽ പങ്കെടുക്കാൻ അതത്‌ ജില്ലകളിലുള്ളവർക്കാണ്‌ മുൻഗണന. മറ്റു ജില്ലകളിലെ തീയതികൾ പീന്നീട്‌ www.skillparkkerala.in വെബ്‌സൈറ്റിൽ അറിയിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top