20 April Saturday

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ അംഗീകാരത്തിന്റെ നിറവിൽ

P RajeevanUpdated: Monday Mar 19, 2018

മുഖ്യമന്ത്രിയുടെ 2016ലെ ഇന്നവേഷൻസ് ഇൻ പബ്ലിക് പോളിസി അവാർഡ് നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പിനാണ് ലഭിച്ചത്. കാലാനുസൃതമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ അംഗീകാരമായി വേണം ഇതിനെ കാണാൻ. മാർച്ച് 21 ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം ദർബാർ ഹാളിൽ അവാർഡ് വിതരണം ചെയ്യും. വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന കരിയർ ഡവലപ്‌മെന്റ് സെന്റർ, എംപ്ലോയബിലിറ്റി സെന്റർ, ഇ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്നീ പദ്ധതികൾക്കാണ് അവാർഡ്. രാജ്യത്തെ ഏറ്റവും ബൃഹത്തായ മനുഷ്യവിഭവ വിവരശേഖരമാണ് കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ. പേര് രജിസ്റ്റർ ചെയ്തവർക്ക് യോഗ്യതയുടെയും സീനിയോറിറ്റിയുടെയും അടിസ്ഥാനത്തിൽ താൽക്കാലികവും സ്ഥിരവുമായ തൊഴിൽ നൽകുന്ന സ്ഥാപനമായി മാത്രമേ പലരും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ കരു തുന്നുള്ളൂ. എന്നാൽ ഇതിലപ്പുറവും നിരവധി ചുമതലകൾ നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പ് നിർവഹിക്കുന്നു.  തൊഴിൽ വിപണിയെ സംബന്ധിച്ച് ശാസ്ത്രീയമായ പഠനം നടത്തുന്ന ഇന്ത്യയിലെ ഏകസർക്കാർ സ്ഥാപനം നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പാണ്. വൊക്കേഷണൽ ഗൈഡൻസ്, സ്വയംതൊഴിൽവായ്പ, വികലാംഗർ, വിധവകൾ, വിവാഹമോചനം നേടിയവർ മുതലായവരുടെ തൊഴിൽപരമായ പുനരധിവാസം തുടങ്ങി നിരവധി പദ്ധതികൾ ഈ വകുപ്പ് കൈകാര്യം ചെയ്യുന്നു. ആഗോളവൽക്കരണം, സാങ്കേതികവിദ്യയുടെ വികാസത്തിലുണ്ടാകുന്ന വിപ്ലവകരമായ മുന്നേറ്റങ്ങൾ മുതലായവ തൊഴിൽ കമ്പോളത്തിലുണ്ടാക്കുന്ന മാറ്റങ്ങൾക്ക് അനുസൃതമായി മനുഷ്യവിഭവശേഷിയെ രൂപപ്പെടുത്തുകയെന്ന സുപ്രധാനലക്ഷ്യമാണ് ലോകത്ത് പബ്ലിക് എംപ്ലോയ്‌മെന്റ് ഓഫീസുകൾ നിർവഹിക്കുന്നത്്. ഈ പാതയിലാണ് കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും.

എംപ്ലോയബിലിറ്റി സെന്റർ
സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ ഉദ്യോഗാർഥികൾക്ക് ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് എംപ്ലോയബിലിറ്റി സെന്ററുകൾ. സ്വകാര്യമേഖലയിൽ തൊഴിൽ ചെയ്യാൻ അനിവാര്യമായ കഴിവുകൾ പരിശീലിപ്പിച്ച് പ്ലേസ്‌മെന്റിലെത്തിക്കുകയാണ് എംപ്ലോയബിലിറ്റി സെന്ററിന്റെ ചുമതല. ഈ മേഖലയിൽ വൈഭവമുള്ള സ്വകാര്യസ്ഥാപനങ്ങളുമായി സഹകരിച്ചാണ് എംപ്ലോയബിലിറ്റി സെന്റർ പ്രവർത്തിക്കുന്നത്.

കരിയർ ഡവലപ്‌മെന്റ് സെന്റർ (സിഡിസി)
കരിയർ മേഖലയിലെ ചൂഷണം അവസാനിപ്പിക്കാനും ശരിയായ കരിയർ വിജ്ഞാനം യഥാസമയം ലഭ്യമാക്കാനും വേണ്ടിയാണ് വികസിത രാജ്യങ്ങളിലെ  മാതൃകയിൽ കരിയർ ഡവലപ്‌മെന്റ് സെന്ററിന് രൂപംകൊടുത്തത്.
 ഓരോ വ്യക്തിയേയും പരിഗണിച്ചുള്ള കരിയർ ആസൂത്രണം വികസിത സാമൂഹ്യഘടനയിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റത്തിന് ഗതിവേഗം വർധിപ്പിക്കും. കേരളത്തിൽ  സർക്കാർ മേഖലയിൽ പ്രൊഫഷണൽ കരിയർ കൗൺസിലർമാർ പ്രവർത്തിക്കുന്നില്ല.
സിഡിസികളിലെ കരിയർ സൈക്കോളജിസ്റ്റുകളുടെ നിയമനം ഈ പ്രശ്‌നം പരിഹരിക്കാനുള്ള സർക്കാരിന്റെ ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമായി വേണം കാണാൻ. നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പ് നേരിട്ടാണ് സിഡിസിയുടെ പ്രവർത്തനങ്ങൾ നടത്തുന്നത്. മികച്ച പ്രൊഫഷണലുകളെയാണ് കരാർ അടിസ്ഥാനത്തിൽ സിഡിസികളിൽ നിയമിക്കുന്നത്.
ഇ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ ഓൺലൈനായതോടെ സേവനലഭ്യതയുടെ വേഗവും, സുതാര്യതയും ഇരട്ടിച്ചു. സേവനങ്ങൾ ആർക്കും എപ്പോഴും എവിടെവച്ചും പ്രയോജനപ്പെടുത്താൻ കഴിയുംവിധം സുസജ്ജമായ ഓൺലൈൻ സോഫ്റ്റ്‌വെയർ വികസിപ്പിച്ചു പ്രയോഗത്തിലെത്തിച്ചുവെന്നതാണ് ഇ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ പ്രസക്തി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ ആശ്രയിക്കുന്നവരുടെ (ഉദ്യോഗദായകരായാലും ഉദ്യോഗാർഥികളായാലും) എണ്ണം ഇനിയും വർധിക്കും. ഏറ്റവും വലിയ ജോബ് പോർട്ടലായി ഇ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ പരിവർത്തനം ചെയ്യപ്പെടുമ്പോൾ കേരളീയ സമൂഹത്തിനു മുന്നിൽ വലിയ സാധ്യതയാകും തുറക്കുക. വിദ്യാർഥികൾ, തൊഴിലന്വേഷകർ, രക്ഷകർത്താക്കൾ, ഉദ്യോഗദായകർ, അധ്യാപകർ, വിദഗ്ധ തൊഴിലാളികൾ, മാനേജ്‌മെന്റ് വിദഗ്ധർ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ മേഖലയിലുള്ളവരുടെയും സംഗമകേന്ദ്രമായി ഇപ്പോൾ  കരിയർ ഡവലപ്‌മെന്റ് സെന്റർ മാറി. എല്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളും കരിയർ ഡവലപ്‌മെന്റ് സെന്ററുകളായി വികസിക്കുന്ന കാലഘട്ടം അതിവിദൂരമല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top