24 April Wednesday

പ്രീ-പ്രൈമറി ടീച്ചര്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

വെബ് ഡെസ്‌ക്‌Updated: Monday Dec 18, 2017

കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പ്രീ-പ്രൈമറി ടീച്ചര്‍ (458/2016) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും തുറമുഖ വകുപ്പില്‍ ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ്-2 (മെക്കാനിക്കല്‍) - (46/2016) റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനും പിഎസ്സി യോഗം തീരുമാനിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഓഡിയോളജിസ്റ്റ് ആന്‍ഡ് സ്പീച്ച് പാത്തോളജിസ്റ്റ് (219/2017) ഓണ്‍ലൈന്‍ പരീക്ഷ നടത്തും. ആരോഗ്യ വകുപ്പില്‍ ക്ളിനിക്കല്‍ സൈക്കോളജിസ്റ്റ് (ഒന്നാം എന്‍സിഎ - എസ്സി-293/2017)  ഇന്റര്‍വ്യു നടത്തും.
ക്ളര്‍ക്ക്, ഓഫീസ് അറ്റന്‍ഡന്റ് ഗ്രേഡ്-രണ്ട്, ഡ്രൈവര്‍ ഗ്രേഡ്-രണ്ട് എന്നീ പൊതുതസ്തികകള്‍ക്ക് ജില്ലാതല തെരഞ്ഞെടുപ്പായതിനാലും പിന്നോക്ക സമുദായ വികസന വകുപ്പിന്  ആസ്ഥാന ഓഫീസ്, മേഖലാ ഓഫീസ് എന്നിവ മാത്രമുള്ളതിനാലും ഈ വകുപ്പിലെ ക്ളര്‍ക്ക്, ഓഫീസ് അറ്റന്‍ഡന്റ് ഗ്രേഡ്-രണ്ട്, ഡ്രൈവര്‍ ഗ്രേഡ്-രണ്ട് എന്നീ തസ്തികകളുടെ ഒഴിവുകള്‍ പൊതുതസ്തികകളിലേക്ക് നിലവിലുള്ള പിഎസ്സി റാങ്ക് പട്ടികയില്‍നിന്ന് നികത്താന്‍ അവ ഹെഡ്ക്വാര്‍ട്ടര്‍ ഒഴിവുകളായി പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന് സര്‍ക്കാരിനെ അറിയിക്കും. പട്ടികജാതി/ പട്ടികവര്‍ഗവികസന കോര്‍പറേഷനിലെ താഴ്ന്ന തസ്തികയിലെ ജീവനക്കാര്‍ക്കായി നീക്കിവച്ച അഞ്ചുശതമാനം ഒഴിവുകള്‍ നികത്താനുള്ള നിയമന രീതി തസ്തികമാറ്റം വഴിയാണോ, താഴ്ന്നശമ്പളത്തിലുള്ള കോര്‍പറേഷനിലെ ജീവനക്കാരില്‍നിന്ന് പ്രൊമോഷന്‍ മുഖേനയാണോ ഡിപ്പാര്‍ട്ട്മെന്റല്‍ ക്വോട്ടയില്‍നിന്ന് നേരിട്ടാണോയെന്നതിന് സര്‍ക്കാരില്‍നിന്ന് വ്യക്തത വരുത്തും. ഫിഷറീസ് വകുപ്പിലെ ഫിഷറീസ് കോ-ഓപറേറ്റീവ് ഇന്‍സ്പെക്ടര്‍ തസ്തികയുടെ നിയമന രീതി, യോഗ്യത എന്നിവ സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ കരട് നിര്‍ദേശം അംഗീകരിച്ചു.
ഇതേവകുപ്പിലെ നേരിട്ടുള്ള നിയമന രീതി നിലവിലുള്ള വിവിധ തസ്തികകള്‍ സംയോജിപ്പിച്ച് രൂപീകൃതമായ അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തികക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സ്ഥാനക്കയറ്റം വഴിയുള്ള നിയമനത്തിന് പുറമേ നേരിട്ടുള്ള നിയമന രീതികൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും.  മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ സോഷ്യല്‍ വര്‍ക്കര്‍ തസ്തികയുടെ യോഗ്യത, നിയമന രീതി സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഭേദഗതികളോടെ അംഗീകരിച്ചു.
2017 ഡിസംബര്‍ ഒമ്പതിന് ഹാന്‍ടെക്സില്‍ സെയില്‍സ്മാന്‍/ സെയില്‍സ് വുമണ്‍ തസ്തികയിലേക്ക് തിരുവനന്തപുരം ജില്ലയില്‍ പെരുമ്പഴുതൂര്‍ ഗവ. ഹൈസ്കൂളിലെ പരീക്ഷാ കേന്ദ്രത്തില്‍ നടന്ന പരീക്ഷയെ സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും പരീക്ഷ കൃത്യസമയത്തുതന്നെ തടസ്സം കൂടാതെ നടന്നതായും  വിലയിരുത്തി. ഉദ്യോഗാര്‍ഥികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഇത്തരം വാര്‍ത്തകളില്‍ കമിഷന്‍ ആശങ്ക രേഖപ്പെടുത്തി. ഓഖി ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കമീഷന്‍ അംഗങ്ങളുടെ രണ്ടുദിവസത്തെ ശമ്പളം സംഭാവന നല്‍കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top