28 May Sunday

കളിയല്ല; വിളിയിലുമുണ്ട് കാര്യം

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2017

ആശയവിനിമയത്തിനുള്ള ഉപാധികള്‍ ഏറെ വിപുലീകരിക്കപ്പെട്ട ഇന്നത്തെ കാലത്തും ടെലിഫോണിന്റെ പ്രാധാന്യത്തിന് ഒട്ടും കുറവ് വന്നിട്ടില്ല. നേരില്‍ കണ്ട് സംസാരിക്കാന്‍ സാധിക്കുന്ന വീഡിയോ കോളിങ്ങിലായാലും ശബ്ദം വഴിയുള്ള ആശയവിനിമയത്തിനാണ് പ്രാമുഖ്യം. വീഡിയോ കോളിങ്ങും വീഡിയോ കോണ്‍ഫറന്‍സിങ്ങുമൊക്കെ പുതിയ കാലത്ത് ഉദ്യോഗാര്‍ഥികള്‍ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെങ്കിലും ഇവിടെ മുഖ്യമായി പ്രതിപാദിക്കുന്നത് സാധാരണ ടെലിഫോണിന്റെ ഉപയോഗത്തെക്കുറിച്ചാണ്.
തൊഴിലന്വേഷണത്തിന്റെ ഘട്ടത്തില്‍തന്നെ നിങ്ങള്‍ക്ക് നിരവധി പേരുമായി ടെലിഫോണില്‍ സംസാരിക്കേണ്ടി വരും. തൊഴില്‍ സാധ്യതകളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാനും അപേക്ഷ അയച്ച സ്ഥാപനങ്ങളുെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനുമൊക്കെ പലരെയും ടെലിഫോണില്‍ വിളിക്കും. അപേക്ഷിച്ച കമ്പനിയില്‍നിന്ന് നിങ്ങളുടെ ഫോണിലേക്ക് ഒരു വിളി ഏത് നിമിഷവും പ്രതീക്ഷിക്കാം. ഈ രണ്ട് വേളകളിലും ടെലിഫോണ്‍ ഇടപെടല്‍ നിങ്ങളുടെ വരാനിരിക്കുന്ന ഇന്റര്‍വ്യൂ പോലെ പ്രധാനപ്പെട്ടതാണെന്ന് ഓര്‍ക്കണം. ടെലിഫോണ്‍ ആശയവിനിമയം ഫലപ്രദമാക്കാനും നിങ്ങളുടെ വ്യക്തിത്വത്തെ പോസിറ്റീവായി പ്രതിഫലിപ്പിക്കുന്നതിനുമായി നടത്തേണ്ട തയ്യാറെടുപ്പുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.


പ്രസന്നമായ ശബ്ദം
ടെലിഫോണില്‍ സംസാരിക്കുന്നയാള്‍ ആദ്യം വിലയിരുത്തുക നിങ്ങളുടെ ശബ്ദത്തെയാകും. അതുകൊണ്ട് തൊഴില്‍ സംബന്ധമായതോ മറ്റേതെങ്കിലും ഔപചാരിക സന്ദര്‍ഭങ്ങളിലോ നിങ്ങളുടെ ടെലിഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്യുക. അത് വീണ്ടും കേട്ടുനോക്കി ഇനി പറയുന്ന കാര്യങ്ങള്‍ സ്വയം വിലയിരുത്തുക.
1. ശബ്ദത്തിലെ പ്രസന്നത. 2. ഊര്‍ജസ്വലത. 3. ഉച്ചത്തിലാണോ 4. അതോ പതിഞ്ഞതാണോ 5. വ്യാകരണം 6. ശൈലി 7. കൃത്രിമത്വം 8. തനിനാടന്‍. ഇങ്ങനെ ഒട്ടനവധി കാര്യങ്ങള്‍ സംസാരവുമായി ബന്ധപ്പെട്ട് പരിശോധിക്കാനാവും. ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ പരിശീലനംനടത്തി ശബ്ദവും സംസാരവും മെച്ചപ്പെടുത്തേണ്ടതാണ്.


കുറിച്ചുവച്ച് സംസാരിക്കുക:
തൊഴില്‍ ദാതാവുമായുള്ള സംഭാഷണത്തില്‍ അദ്ദേഹത്തെ എന്ത് ധരിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അതിന്റെയെല്ലാം കുറിപ്പ് മുന്‍കൂട്ടി തയ്യാറാക്കിവയ്ക്കണം. ഇത്തരത്തില്‍ ആസൂത്രിതമായി സംസാരിക്കുമ്പോഴും ശബ്ദത്തിലോ ശൈലിയിലോ കൃത്രിമത്വം കടന്നുകൂടാതെ തീര്‍ത്തും സ്വാഭാവിക രീതിയില്‍ സംസാരിക്കാനുള്ള പരിശീലനം നടത്തേണ്ടതുണ്ട്.


മര്യാദകള്‍:
തൊഴിലന്വേഷണത്തിന്റെയോ തൊഴില്‍ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരശേഖരണത്തിന്റെയോ ഭാഗമായി സംസാരിക്കുമ്പോള്‍ അപ്പുറത്തുനിന്ന് പറയുന്ന വിവരങ്ങള്‍ കുറിച്ചെടുക്കാന്‍ നിങ്ങള്‍ തയ്യാറായിരിക്കണം. കാര്യങ്ങള്‍ പറഞ്ഞുതുടങ്ങുമ്പോള്‍- ഒരു മിനിറ്റ് പേനയും കടലാസും എടുത്തോട്ടെ എന്ന് പറയുന്ന രീതി തീര്‍ത്തും മര്യാദകേടാണ്. ഇത്തരം തയ്യാറെടുപ്പുകള്‍ നടത്താതിരിക്കുന്നത് തൊഴില്‍ദായകന് നിങ്ങളെക്കുറിച്ച് അവമതിപ്പേ ഉണ്ടാക്കൂ. ഇനി എടുത്തുവച്ച പേനയില്‍ മഷി ഇല്ലാതെ പോയാലോ അപ്പോഴും അനുഭവം പഴയതുതന്നെ. നിങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനുള്ള ചോദ്യങ്ങള്‍ ഇത്തരം വേളകളില്‍ മറുവശത്തുനിന്ന് പ്രതീക്ഷിക്കണം.  അതിന് തടസ്സമേതുമില്ലാതെ ഉത്തരം നല്‍കാന്‍ റെസ്യൂമെ ഉള്‍പ്പെടെ ആവശ്യമായ രേഖകളുടെയെല്ലാം കോപ്പി കൈയെത്തും ദൂരത്ത് കരുതണം.
സംസാരിക്കുന്ന ആളുടെ തിരക്കുകള്‍ നാം ഓര്‍മിക്കണം. പറയാനുള്ളത് വളച്ചുകെട്ടില്ലാതെ ചുരുക്കിപ്പറയണം. ഇതിനായി റിഹേഴ്സല്‍ ചെയ്യണം. അമിതാവേശവും അലസതയും കേള്‍വിക്കാരന് ഫീല്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക.
ടെലിഫോണ്‍ വിളി കഴിയുന്നതും ഓഫീസ് സമയത്തിന്റെ ആരംഭത്തില്‍തന്നെയാക്കാന്‍ ശ്രദ്ധിക്കുക. വിളിക്കുന്ന ആളിന്റെ തിരക്കുകള്‍ കൂടിക്കൂടി വരികയാണെന്ന് ഓര്‍ക്കണം. വിളിച്ച ആളെ അപ്പോള്‍ കിട്ടിയില്ലെങ്കില്‍ നിങ്ങളുടെ പേര്, നമ്പര്‍, വിളിച്ചതിന്റെ ഉദ്ദേശ്യം എന്നിവ ചുരുക്കി സൂചിപ്പിച്ച് ഒരു മെസേജ് നല്‍കാവുന്നതാണ്. തിരിച്ചുവിളിക്കുമ്പോള്‍ നിങ്ങള്‍ ലഭ്യമല്ലാത്ത സമയം ഉണ്ടെങ്കില്‍ ആ കാര്യം വ്യക്തമായി സൂചിപ്പിക്കണം.
പരിചിതനല്ലാത്തവ്യക്തിയോടാണ് സംസാരിക്കുന്നത് എന്നതിനാല്‍ പേരിനോടൊപ്പം ങൃ, ങ തുടങ്ങിയ ഔപചാരിക പദങ്ങള്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. ആദ്യം സംസാരിക്കുന്നത് റിസപ്ഷനിസ്റ്റ്, അസിസ്റ്റന്റ്, സെക്രട്ടറി എന്നിവരോടായിരിക്കും. അവരോടും മര്യാദയോടെ സംസാരിക്കണം. സ്ഥാനത്തും അസ്ഥാനത്തും സാര്‍ എന്ന വിളി ആവര്‍ത്തിക്കുന്നത് ഗുണമല്ല ദോഷമാണ് ചെയ്യുകയെന്നും ഓര്‍ക്കണം.
മുഖം കാണുന്നില്ലെങ്കിലും നിങ്ങള്‍ ചിരിച്ചുകൊണ്ട് സംസാരിക്കാന്‍ ശ്രമിക്കണം. നിങ്ങളുടെ ചുണ്ടിലെ ചിരി പ്രസന്നമായ ശബ്ദമായി മറുവശത്തുള്ളവര്‍ക്ക് അനുഭവപ്പെടാതിരിക്കില്ല. അപേക്ഷയും റെസ്യൂമെയും കിട്ടിയെന്ന് ഉറപ്പുവരുത്താനുള്ള വിളിയില്‍ തെറ്റില്ല. പക്ഷേ അത് ഇന്റര്‍വ്യൂവിന് വേണ്ടിയുള്ള അഭ്യര്‍ഥനയായി മാറിപ്പോകാതിരിക്കണം. തൊഴില്‍പഠനത്തില്‍ തന്നെ ഫോണ്‍ വഴിയുള്ള അന്വേഷണങ്ങള്‍ വിലക്കുന്ന സ്ഥാപനങ്ങള്‍ ഉണ്ട്. ഇത്തരം ഘട്ടങ്ങളില്‍ ഇ-മെയില്‍ വഴിയുള്ള അന്വേഷണമാക്കി പരിമിതപ്പെടുത്തണം.
പേരും ശബ്ദവുമൊക്കെ മാറ്റിക്കൊണ്ടുള്ള അന്വേഷണങ്ങള്‍ ഒരിക്കലും പാടില്ല. തൊഴില്‍ ദാതാവിനോടുള്ള സത്യസന്ധത പുലര്‍ത്തണം. ആദ്യം ഫോണെടുക്കുന്നത് പ്രധാനിയല്ലെങ്കിലും തിടുക്കവും അപമര്യാദയും പാടില്ല. നിങ്ങളുടെ തുടക്കംമുതലുള്ള ഇടപെടലുകള്‍ മനസ്സിലാക്കാന്‍ തൊഴില്‍ദാതാവിന് ഒരു വിഷമവും ഉണ്ടാകില്ല.
പ്രധാന ഫോണ്‍ വിളികളും സ്വീകരിക്കലും തയ്യാറെടുപ്പോടുകൂടിയേ പാടുള്ളൂ. മറ്റ് കാര്യങ്ങളില്‍ വ്യാപൃതനായിരിക്കുകയോ, ആവശ്യമായ രേഖകള്‍ കൈയില്‍ ഇല്ലാതിരിക്കുകയോ ചെയ്യുമ്പോള്‍ ഇത്തരം വിളികള്‍ ഒഴിവാക്കുക. തയ്യാറെടുപ്പോടെ ഏറ്റവും അടുത്ത സന്ദര്‍ഭത്തില്‍ അത്തരം വിളികള്‍ നിര്‍വഹിക്കുക.
അപരിചിതരോടുള്ള സംസാരത്തില്‍ സംഭവിച്ചേക്കാവുന്ന പരിഭ്രമം ശബ്ദത്തില്‍ പ്രകടമാകാതിരിക്കാന്‍ കഴിയുന്നത്ര മനസ്സാന്നിധ്യം നേടിയശേഷംമാത്രം വിളിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top