20 April Saturday

മാറുന്ന ലോകം .. മാറേണ്ട കേരളം ...സാങ്കേതിക വിദ്യകള്‍ മാറുന്നതിനനുസരിച്ച് ലോകത്തെ പറ്റി മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടിUpdated: Monday Jul 17, 2017

മുരളി തുമ്മാരുകുടി

മുരളി തുമ്മാരുകുടി

ദ്യംവേണ്ടത് ലോകം മാറുകയാണ് എന്ന് അറിയുകയും അംഗീകരിക്കുകയുമാണ്. പുതിയ തലമുറക്ക് എല്ലാ അര്‍ത്ഥത്തിലും വിജ്ഞാനത്തിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്.ലോകത്ത് എവിടെ, എന്തു സംഭവിച്ചാലും ഉടന്‍ അറിയാം. ചുറ്റും അറിവുണ്ടെന്നു കരുതി അത് നമ്മിലേക്ക് ഇടിച്ചുകയറുകയില്ല.  മാറുന്ന ലോകത്തെ നമ്മള്‍ ശ്രദ്ധിക്കണം. മാറുന്ന ലോകത്തെ കേരളത്തില്‍ ഇരുന്ന് പ്രതിരോധിക്കാം എന്ന ചിന്തയും മാറണം. സാങ്കേതിക വിദ്യകള്‍ മാറുന്നതിനനുസരിച്ച് ലോകത്തെ പറ്റിയുള്ള നമ്മുടെ കാഴ്ചപ്പാടുകള്‍ മാറിയേ പറ്റൂ, തൊഴില്‍ ജീവിതത്തെ പറ്റി പ്രത്യേകിച്ചും.

ചെറുതായി വരുന്ന കംപ്യൂട്ടറുകള്‍, വികസിച്ചുവരുന്ന കൃത്രിമബുദ്ധി,  വര്‍ധിച്ചുവരുന്ന റോബോട്ടുകളുടെ ഉപയോഗം എന്നീ കാരണങ്ങളാല്‍ ലോകത്തുള്ള തൊഴിലുകളില്‍ പകുതിയും അടുത്ത ഒരു തലമുറക്കകം അപ്രത്യക്ഷമാകും എന്നാണ് ഓക്സ്ഫോര്‍ഡ് മാര്‍ട്ടിന്‍ സ്കൂളില്‍ നടത്തിയ ഗവേഷണം സൂചിപ്പിക്കുന്നത്. 2013ല്‍ ഈ ഗവേഷണഫലം പുറത്തുവന്നപ്പോള്‍ അതിശയോക്തിയാണെന്ന് പലരും ചിന്തിച്ചുവെങ്കിലും അടുത്ത നാലുവര്‍ഷത്തില്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമായി. അഞ്ചുവര്‍ഷം മുന്‍പ് സയന്‍സ് ഫിക്ഷന്‍പോലെ തോന്നിയ ആളില്ലാക്കാറുകള്‍ ഇപ്പോള്‍  വന്‍നഗരങ്ങളില്‍ വിജയകരമായി ഓടി. പത്തുവര്‍ഷത്തിനകം വാഹനങ്ങളില്‍ സ്റ്റിയറിങ് ഇല്ലാതാകും. കാറും ബസ്സും ലോറിയും ട്രെയിനും കപ്പലും വിമാനവുമെല്ലാം കംപ്യൂട്ടര്‍ നിയന്ത്രിക്കുന്ന കാലം അകലെയല്ല. പൈലറ്റാകാന്‍ ശ്രമിക്കുന്നവര്‍ കരുതിയിരിക്കുക, ഡ്രൈവര്‍ എന്ന തൊഴിലിനെപ്പറ്റി ഭാവിയില്‍ ചിന്തിക്കുകയേ വേണ്ട.
 

പെട്രോളിയത്തില്‍നിന്ന് പരമ്പരാഗതമായ ഊര്‍ജ സ്രോതസ്സുകളിലേക്കുള്ളതാണ് മറ്റൊരു സുപ്രധാന മാറ്റം. ഇലക്ട്രിക്ക് കാറുകളുടെ വരവോടെ പെട്രോള്‍ കാറുകളുടെ ഉല്‍പാദനം ചില കമ്പനികള്‍ നിര്‍ത്തി. പെട്രോള്‍ വില ബാരലിന് നൂറ്റമ്പതില്‍നിന്ന് അമ്പതിനുതാഴെ എത്തി.  പ്രകൃതിവാതകത്തിന് ഡിമാന്‍ഡ് ഉണ്ടാകുമെങ്കിലും ലോകകമ്പോളത്തില്‍ പെട്രോളിയത്തിന്റെ വില വന്‍തോതില്‍ കൂടാന്‍ ഇനി സാധ്യത കുറവാണ്. എണ്ണയെ  ആശ്രയിക്കുന്ന രാജ്യങ്ങള്‍ സമ്പദ്വ്യവസ്ഥ വൈവിധ്യവല്‍ക്കരിക്കാന്‍ നെട്ടോട്ടമോടുന്നു, അവിടുത്തെ യുവാക്കള്‍ക്ക് ജോലി നല്‍കാന്‍ വഴി കാണന്നുമില്ല.
 

സാങ്കേതികവിദ്യയിലുള്ള മാറ്റങ്ങള്‍കാരണം തൊഴില്‍ ഇല്ലാതാകുന്ന  കാലത്ത് രാഷ്ട്രീയരംഗത്തെ മാറ്റങ്ങളും തൊഴില്‍സാധ്യതകളെ മാറ്റിമറിക്കുന്നു. ഇന്റര്‍നെറ്റിന്റെ വരവോടെ ശക്തിയാര്‍ജിച്ച ആഗോളതൊഴില്‍വിപണി തീവ്രവാദത്തിന്റെ വ്യാപനത്തോടെ പിന്നോട്ടടിക്കുകയാണ്. മറ്റു രാജ്യങ്ങളില്‍നിന്ന് ആളുകള്‍ കുടിയേറിപ്പാര്‍ക്കുന്നതിനെതിരെ  മതിലുകള്‍ ഉയരുന്നു. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ കുടിയേറ്റം,  പ്രത്യേകിച്ച് എണ്ണ സമ്പന്നമായ മധ്യേഷ്യയിലേക്കുള്ളത്, ഏറെ പ്രധാനമാണ്. മധ്യേഷ്യയിലെ സമ്പദ്വ്യവസ്ഥകള്‍ പിന്നോട്ട് പോവുകയും മറ്റു വികസിത രാജ്യങ്ങളില്‍ കുടിയേറ്റത്തിനെതിരെ മതിലുകള്‍ ഉയരുകയും ചെയ്താല്‍   തൊഴിലന്വേഷിക്കുന്ന കേരളത്തിലെ പുതിയ തലമുറ എന്താണ് ചെയ്യേണ്ടത് ?.

ആദ്യംവേണ്ടത് ലോകം മാറുകയാണ് എന്ന് അറിയുകയും അംഗീകരിക്കുകയുമാണ്. പുതിയ തലമുറക്ക് എല്ലാ അര്‍ഥത്തിലും വിജ്ഞാനത്തിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്.ലോകത്ത് എവിടെ, എന്തു സംഭവിച്ചാലും ഉടന്‍ അറിയാം. ചുറ്റും അറിവുണ്ടെന്നു കരുതി അത് നമ്മിലേക്ക് ഇടിച്ചുകയറുകയില്ല.  മാറുന്ന ലോകത്തെ നമ്മള്‍ ശ്രദ്ധിക്കണം. മാറുന്ന ലോകത്തെ കേരളത്തില്‍ ഇരുന്ന് പ്രതിരോധിക്കാം എന്ന ചിന്തയും മാറണം. സാങ്കേതിക വിദ്യകള്‍ മാറുന്നതിനനുസരിച്ച് ലോകത്തെ പറ്റിയുള്ള നമ്മുടെ കാഴ്ചപ്പാടുകള്‍ മാറിയേ പറ്റൂ, തൊഴില്‍ ജീവിതത്തെ പറ്റി പ്രത്യേകിച്ചും. ഇഷ്ടമുള്ള വിഷയത്തില്‍  ശ്രദ്ധ ചെലുത്തി,  ഉന്നത ബിരുദം നേടി തൊഴില്‍നേടുക എന്നതായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിലെ കരിയര്‍ സങ്കല്‍പം. സര്‍ക്കാരിലും സ്വകാര്യമേഖലയിലും ജോലിക്ക് കയറിക്കഴിഞ്ഞാല്‍ പിന്നെ പഠനവും പരിശീലനവുമെല്ലാം തൊഴില്‍ദാതാവിന്റെ ഉത്തരവാദിത്തമാണ്.  സര്‍ക്കാരിലാണെങ്കില്‍ 56 വരെയും സ്വകാര്യമേഖലയില്‍ 60 വരെയും ജോലി ചെയ്താല്‍ മതി. അതും ഇരുപത് വയസ്സില്‍ പഠിച്ച ബിരുദവുമായി ബന്ധപ്പെട്ടുമാത്രം.

മനുഷ്യന്റെ ആയുസ്സ് അതിവേഗം കൂടുകയാണ്. അതുംനല്ല ആരോഗ്യത്തോടെ. അപ്പോള്‍ മുപ്പത്തിയഞ്ചു വര്‍ഷം ജോലിചെയ്ത്  നാല്‍പ്പത്തിയഞ്ച് വര്‍ഷം വിശ്രമിക്കുന്നത് സര്‍വസാധാരണമാകും.  പുതിയ തലമുറ റിട്ടയറാകുന്നതിനെപ്പറ്റി ചിന്തിക്കാതിരിക്കുന്നതാണ് ബുദ്ധി.

തൊഴിലുകള്‍ അപ്രത്യക്ഷമാകുന്നതിനെപ്പറ്റി ആദ്യം പറഞ്ഞല്ലോ.  അപ്പോള്‍ വിദ്യാഭ്യാസത്തിന്റെ ആദ്യകാലത്തുതന്നെ വളരെനാള്‍ ഒരു വിഷയത്തില്‍ പരിശീലിക്കുന്നതില്‍ വലിയ കാര്യമില്ല, കാരണം പത്തോ പതിനഞ്ചോ വര്‍ഷത്തിനകം ആ തൊഴില്‍ ഇല്ലാതായേക്കും. പുതിയൊരു തൊഴില്‍രംഗത്തേക്ക് മാറേണ്ടതായും വരും. അപ്പോള്‍ ഏത് തൊഴില്‍രംഗത്തേക്കാണോ പോകുന്നത് അവിടെ തൊഴില്‍ കിട്ടാനും  ചെയ്യാനും ആവശ്യമായ പഠനം നേടി ഏറ്റവും വേഗത്തില്‍ തൊഴില്‍രംഗത്ത് എത്താനാണ് ശ്രമിക്കേണ്ടത്. തൊഴില്‍ ലഭിച്ചാല്‍ തൊഴില്‍രംഗത്ത് വരുന്ന മാറ്റങ്ങളനുസരിച്ച് കൂടുതല്‍ അറിവുനേടണം. തൊഴിലില്ലാതെ മറ്റൊരു തൊഴിലിലേക്ക് പോകേണ്ടിവരുമെന്ന് എപ്പോഴും ചിന്ത വേണം. അതുകൊണ്ട് ഏത് തൊഴില്‍രംഗത്ത്  എത്തിയാലും ഉപയോഗപ്പെടുന്ന കാര്യങ്ങള്‍ (ഉദാ: ഭാഷ) കൂടുതല്‍ സ്വായത്തമാക്കണം. തൊഴില്‍കമ്പോളം മാറിവരുന്നതനുസരിച്ച് കൂടുതല്‍ ആവശ്യമുള്ള തൊഴിലുകളില്‍ പുതുതായി പരിശീലനം നേടണം. അങ്ങനെയാകുമ്പോള്‍ ജീവിതകാലം മുഴുവന്‍ പഠനത്തിനായി ചെലവഴിക്കുന്ന കാലം കൂടിവരും. പക്ഷേ, ജീവിതാരംഭത്തില്‍ പഠിക്കുന്ന സമയം കുറച്ചുകൊണ്ടുവരണം.

കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് നിര്‍ണായകമായ  കാര്യമാണ്. ഇന്നത്തെ തലമുറ മുഴുവന്‍ അവര്‍ ചെയ്യുന്ന തൊഴിലിനുവേണ്ടതിലും കൂടതല്‍ അറിവുള്ളവരാണ്. പത്താംക്ളാസ് മാത്രം വേണ്ട ജോലികള്‍ക്ക് പിഎച്ച്ഡി കഴിഞ്ഞവര്‍ ക്യൂ നില്‍ക്കുകയാണ്. കഴിഞ്ഞ ഇരുപത് വര്‍ഷം നമ്മുടെ കോളേജുകളില്‍ പഠിച്ചിറങ്ങിയവര്‍ ചെയ്യുന്ന ജോലിയും  വിദ്യാഭ്യാസവും പരിശോദിച്ചാല്‍ അമ്പരക്കും. ഇത്തരത്തില്‍ 'വിദ്യാഭ്യാസത്തിനായുള്ള  വിദ്യാഭ്യാസം' എന്ന സങ്കല്പത്തില്‍നിന്ന് മാറിയില്ലെങ്കില്‍ പുതിയ തലമുറക്ക് തൊഴില്‍രംഗത്ത് ഭാവിയില്ല.

കേരളത്തിലെ പുതിയ തലമുറ തൊഴില്‍കമ്പോളത്തിലെ ആവശ്യങ്ങള്‍ക്ക് ഉതകാത്ത തരത്തിലുള്ള വിദ്യാഭ്യാസം നേടി തൊഴിലില്ലാത്തവരാകുന്നു. പ്രൊഫഷണല്‍ ബിരുദങ്ങളുള്ളവര്‍ക്ക് പോലും മിനിമം ശമ്പളം കിട്ടുന്നില്ല. ഉന്നതബിരുദങ്ങള്‍ ഉള്ളവര്‍ പുറംനാടുകളില്‍ പോയി പഠനത്തിനും ഏറെ താഴെയുള്ള ജോലി ചെയ്യുന്നു. ഇതേസമയം നമ്മുടെ ചുറ്റും ലക്ഷക്കണക്കിന് തൊഴിലുകളില്‍ ആളെ  കിട്ടാതെ കേരളത്തിന് പുറത്തുനിന്ന് രണ്ടായിരവും മൂവായിരവും കിലോമീറ്റര്‍ ദൂരത്തുനിന്നും ആളുകള്‍ കേരളത്തിലെത്തി തൊഴില്‍ നേടി പണം സമ്പാദിക്കുന്നു. മൂന്നുവര്‍ഷം ബിരുദവും പിന്നെ ബിഎഡും കഴിഞ്ഞ അധ്യാപകരും നാലുവര്‍ഷം ഡിഗ്രി കഴിഞ്ഞ നേഴ്സുമാരുമൊക്കെ മാസം പതിനായിരം രൂപക്ക് ജോലി  കിട്ടാന്‍ മത്സരിക്കുമ്പോള്‍ പതിനെട്ട് വയസ്സ് തികഞ്ഞ് പ്രത്യേകിച്ച് ഒരു പരിശീലനവുമില്ലാത്തവര്‍ ധാരാളം തൊഴിലുകളില്‍ ദിനവും അഞ്ഞൂറുമുതല്‍ ആയിരം രൂപ വരെ സമ്പാദിക്കുന്നു, മാസം ഇരുപതിനായിരത്തിന് മുകളില്‍ പണം ഉണ്ടാക്കുന്നവരാണ് കേരളത്തിലെ മറുനാടന്‍ തൊഴിലാളികള്‍ ഏറെയും. അതേ, കേരളം മറുനാട്ടുകാരുടെ ഗള്‍ഫ് ആയിരിക്കുന്നു.

ഈ സാഹചര്യം നമുക്ക് എളുപ്പത്തില്‍ പുതിയ തലമുറക്ക്   അനുകൂലമാക്കാം. ഒന്നാമത്കേരളത്തില്‍ ലഭ്യമായ തൊഴിലുകളിലെല്ലാം പരിശീലനവും പ്രൊഫഷണലിസവും നിര്‍ബന്ധമാക്കുക. മരപ്പണിയാണെങ്കിലും മുടിവെട്ടാണെങ്കിലും വികസിതരാജ്യങ്ങളില്‍ രണ്ടോ മൂന്നോ വര്‍ഷം പരിശീലനം നേടിയ ശേഷമാണ്  തൊഴില്‍രംഗത്ത് എത്തുന്നത്.  ഓരോ തൊഴിലിലും സാങ്കേതികവിദ്യയുടെ പുരോഗതിയനുസരിച്ച് ഉപകരണങ്ങളുടെ ഉപയോഗങ്ങള്‍ വര്‍ധിക്കുകയാണ്. കേരളത്തില്‍ ഇന്ന്  'അണ്‍സ്കില്‍ഡ്' എന്ന് നാം ചിന്തിക്കുന്ന എല്ലാ ജോലിയും  (ഉദാ: റോഡില്‍ കാന താഴ്ത്തുന്നത്) പരിശീലനത്തിന്റെയും ഉപകരണങ്ങളുടെയും സഹായത്തോടെ സ്കില്‍ഡ് ജോലിയായിട്ടാണ് മറ്റു രാജ്യങ്ങളില്‍ അറിയപ്പെടുന്നത്. ഇത്തരത്തില്‍ നമ്മുടെ തൊഴിലാളികളെ നവീകരിച്ചാല്‍ ഈ തൊഴിലുകളുടെ മാന്യത  കൂടും, വരുമാനം വര്‍ധിക്കും, നമ്മുടെ കുട്ടികള്‍ അനാവശ്യമായി ബിരുദങ്ങള്‍ നേടി നമ്മുടെ തൊഴില്‍കമ്പോളത്തില്‍നിന്ന് പുറത്താകില്ല.

നമ്മുടെ തൊഴില്‍ജീവിതത്തിന്റെ ഭാവി  തിരുവനന്തപുരത്തുനിന്നോ ഡല്‍ഹിയില്‍നിന്നോ ഒന്നുമല്ല, നിയന്ത്രിക്കാന്‍ പോകുന്നത്. ലോകം മാറുകയാണ്, ജോലികളും.   അതിനോടൊത്ത് നമ്മുടെ കാഴ്ചപ്പാടുകള്‍ മാറ്റി, മാറുന്ന ലോകത്തിനുവേണ്ടി തയ്യാറെടുത്താലേ പുതിയ തലമുറക്ക് ഈ നൂറ്റാണ്ടില്‍ ഭാവി ഉള്ളൂ. സ്വന്തം ഭാവി സ്വന്തം ചുമതലയായെടുക്കണം. ലോകം എങ്ങോട്ടാണ് പോകുന്നതെന്ന് ശ്രദ്ധിക്കുക. ഫുട്ബോളിലെ  നല്ല കളിക്കാരന്‍  എപ്പോഴും  പന്തിന് പിന്നാലെ ഓടിയെത്തുന്ന ആളല്ല, അടുത്ത നിമിഷത്തില്‍ പന്ത് എവിടെയെത്തുമെന്ന് ചിന്തിച്ച് അവിടെയെത്തുന്നവനാണെന്ന് എപ്പോഴും ഓര്‍ക്കുക. നാളത്തെ ലോകത്തിനാണ് നിങ്ങള്‍ തയ്യാറെടുക്കേണ്ടത്, ഇന്നലത്തെയോ ഇന്നത്തെയോ ലോകത്തിനല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top