20 April Saturday

ജോബ് പ്രൊഫൈല്‍, റഫറന്‍സ്, റെക്കമന്‍ഡേഷന്‍

പി കെ എ റഷീദ്Updated: Monday Nov 13, 2017

പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യത നേടിയവരടക്കം ഇന്ന് ബന്ധപ്പെട്ട മേഖലകളില്‍ മാത്രമല്ല ജോലി തേടുന്നത്. അതുകൊണ്ടുതന്നെ പഠിച്ച വിഷയങ്ങള്‍ക്കായിരിക്കില്ല ,ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായിരിക്കും അഭിമുഖങ്ങളില്‍ പ്രാമുഖ്യം. ചോദ്യങ്ങളില്‍ ഭൂരിഭാഗവും പ്രത്യക്ഷമായോ പരോക്ഷമായോ നിയമനം തേടുന്ന ജോലിയുമായി ബന്ധപ്പെട്ടുള്ളതായിരിക്കും. പ്രസ്തുത ജോലിയെ സംബന്ധിച്ച്നിങ്ങള്‍ക്കുള്ള സങ്കല്‍പ്പങ്ങളും പ്രതീക്ഷകളും മനസ്സിലാക്കാന്‍  ഇന്റര്‍വ്യു ബോര്‍ഡ് സ്വാഭാവികമായും ശ്രമിക്കും.  ഇവിടെയാണ് നേടിയെടുക്കാന്‍ ശ്രമിക്കുന്ന ജോലിയെക്കുറിച്ച് ഉദ്യോഗാര്‍ഥി ആഴത്തില്‍ മനസ്സിലാക്കേണ്ടതിന്റെ  പ്രാധാന്യം. വിവിധ ജോലികള്‍ക്കായി ശ്രമിക്കുന്ന ഒരാള്‍ ഒരോ ജോലിയുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങള്‍ അടങ്ങിയ പ്രത്യേക രൂപരേഖ തയ്യാറാക്കിവയ്ക്കണം. ഈ രൂപരേഖകളാണ് 'ജോബ് പ്രൊഫൈല്‍'. അഭിമുഖത്തെ ആത്മവിശ്വാസത്തോടെ നേരിടാനും  വ്യത്യസ്ത ജോലികളില്‍നിന്ന് അനുയോജ്യമായ ജോലി തെരഞ്ഞെടുക്കാനുമുള്ള പ്രക്രിയയില്‍  'ജോബ് പ്രൊഫൈല്‍' ഉദ്യോഗാര്‍ഥിക്ക് ഏറെ സഹായകമാവും.
ഉദ്യോഗാര്‍ഥി സമ്പാദിക്കേണ്ട മറ്റു  പ്രധാന സംഗതികള്‍ റഫറന്‍സുകളും ശുപാര്‍ശ കത്തുകളുമാണ്. രണ്ടോ മൂന്നോ പ്രമുഖ വ്യക്തികളുടെ റഫറന്‍സുകളും നിങ്ങളുടെ മികവിനെ അടിവരയിടുന്ന ഏതാനും ശുപാര്‍ശകത്തുകളും ഉദ്യോഗാര്‍ഥി സമാഹരിക്കണം. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് റഫറന്‍സുകളും ശുപാര്‍ശക്കത്തുകളും നിങ്ങളെ ഊതിവീര്‍പ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയായിക്കൂടാ. നിങ്ങളുടെ യോഗ്യതയും വ്യക്തിത്വവും സാക്ഷ്യപ്പെടുത്താന്‍  അനുയോജ്യരായവരുടെ റഫറന്‍സ് ആയിരിക്കണം നിങ്ങള്‍ നല്‍കേണ്ടത്. ക്ളര്‍ക്ക് ജോലിക്ക് അഭിമുഖത്തിന് വിളിക്കുമ്പോള്‍  നിങ്ങളെ പരിചയം പോലുമില്ലാത്ത ആണവശാസ്ത്രജ്ഞന്റെ റഫറന്‍സിന് ശ്രമിക്കേണ്ട കാര്യമില്ല. അതുപോലെ ശുപാര്‍ശ കത്തുകളില്‍ നിങ്ങള്‍ക്കില്ലാത്ത കഴിവുകള്‍ എഴുതിവയ്ക്കാതെ ഉത്തമ സാക്ഷ്യപത്രങ്ങളാകാന്‍  പ്രത്യേകം ശ്രദ്ധിക്കണം. കത്തുനല്‍കുന്ന ആളെ കമ്പനിയുടെയും ജോലിയുടേയും പ്രത്യേകതകള്‍ ധരിപ്പിച്ച് നിങ്ങളുടെ കഴിവുകള്‍ കമ്പനിക്ക് എങ്ങനെ അനുഗുണമാകുമെന്ന് പ്രതിപാദിക്കുന്ന ശുപാര്‍ശ  നേടിയെടുക്കാന്‍ ഉദ്യോഗാര്‍ഥിതന്നെയാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top