25 April Thursday

ടിസ്സില്‍നിന്നും എംഎ, എംഫില്‍, പിഎച്ച്ഡി

വെബ് ഡെസ്‌ക്‌Updated: Monday Dec 11, 2017

ടിസ്സിലെ ബിഎ, ഡിഗ്രിയെക്കുറിച്ചായിരുന്നു കഴിഞ്ഞാഴ്ചത്തെ പംക്തിയില്‍ പ്രതിപാദിച്ചത്. ഉന്നതപഠന സാധ്യതകളെകുറിച്ചാണ് ഈ ആഴ്ച. ടിസ്സില്‍നിന്നും ലഭിക്കുന്ന ബിരുദാനന്തര ബിരുദം ഉന്നത ഗുണനിലവാരവും  ഉയര്‍ന്ന  തൊഴില്‍ സാധ്യതയും ഉള്ള പ്രോഗ്രാമുകള്‍ ആണ്. സൈദ്ധാന്തിക പഠനത്തോടൊപ്പം പ്രായോഗിക അനുഭവവും ലഭ്യമാകുന്ന നിലയില്‍ രൂപപ്പെടുത്തിയ അന്തര്‍ദേശീയ നിലവാരമുള്ള പാഠ്യക്രമമാണ് എല്ലാ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കുമുള്ളത്.


ടിസ്സ് നെറ്റ് (TISS NET)
ബിരുദാനന്തര ബിരുദപ്രോഗ്രാമുകളിലേക്ക് പ്രവേശനം നല്‍കുന്നതിന് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് നടത്തുന്ന പ്രവേശന പരീക്ഷയാണ് ടിസ്സ് നെറ്റ്. ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയാണ് പ്രവേശന യോഗ്യത. അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. മാര്‍ക്കിന്റെ നിബന്ധന ഇല്ല. ഈവര്‍ഷം അപേക്ഷിക്കേണ്ട സമയം കഴിഞ്ഞു. 2018 നവമ്പര്‍, ഡിസംബര്‍ മാസങ്ങളില്‍ അടുത്ത വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിക്കും. ഇപ്പോള്‍ രണ്ടാം വര്‍ഷ ബിരുദപഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ടിസ്സ് നെറ്റ് ലക്ഷ്യംവയ്ക്കാം. പൊതുവിജ്ഞാനം, അനലിറ്റിക്കല്‍ എബിലിറ്റി, ലോജിക്കല്‍ റീസണിങ് എന്നിവയാണ് ടിസ്സ് നെറ്റിലെ വിഷയങ്ങള്‍. നെഗറ്റീവ് മാര്‍ക്കുണ്ടാകാറില്ല. എല്ലാ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ക്കും ഒരേ പരിക്ഷയാണ് എഴുതേണ്ടത്. കംപ്യൂട്ടറധിഷ്ഠിത പരീക്ഷയായ ടിസ്സ്നെറ്റില്‍ നൂറു ചോദ്യങ്ങളും നൂറു മാര്‍ക്കുമാണുണ്ടാവുക. വിശദമായ സിലബസ് നെറ്റില്‍ ലഭിക്കും.


പ്രവേശന രീതി
എന്‍ട്രന്‍സ് പരീക്ഷയില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന വിദ്യാര്‍ഥികളെ പ്രീ ഇന്റര്‍വ്യു ടെസ്റ്റിനും (പിഐടി) വിളിക്കും. മുംബൈ, തുള്‍ജാപ്പൂര്‍, ഹൈദരാബാദ്, ഗുവാഹത്തി കേന്ദ്രങ്ങളിലാണ് പിഐടി നടക്കുക. ഈ സന്ദര്‍ഭത്തില്‍ എഴുത്തുപരീക്ഷ ഉണ്ടാകും. ചില പ്രോഗ്രാമുകള്‍ക്ക് ഗ്രൂപ്പ് ഡിസ്കഷനുമുണ്ടാകാറുണ്ട്. പിഐടി ക്ക് ശേഷം നടക്കുന്ന പേഴ്സണല്‍ ഇന്റര്‍വ്യു (പിഐ) കഴിഞ്ഞാല്‍ മാത്രമേ പ്രവേശനം ഉറപ്പിക്കാന്‍ കഴിയൂ.


വൈവിധ്യമാര്‍ന്ന പ്രോഗ്രാം
നിരന്തരം പരിഷ്കരിക്കപ്പെടുന്നതും കാലാനുസൃതവുമായ പ്രോഗ്രാമുകളാണ് ടിസ്സിന്റെ പ്രത്യേകത. എഡ്യുക്കേഷന്‍, ഡവലപ്മെന്റല്‍ സ്റ്റഡീസ്, ക്ളൈമറ്റ് ചെയിഞ്ച് ആന്‍ഡ് സസ്റ്റൈനബിലിറ്റി സ്റ്റഡീസ്, അര്‍ബര്‍ പോളിസി ആന്‍ഡ് ഗവേണന്‍സ്, വാട്ടര്‍ പോളിസി ആന്‍ഡ് ഗവേണന്‍സ്, പബ്ളിക് ഹെല്‍ത്ത്, അപ്ളൈഡ് സൈക്കോളജി, നിയമം, ഹ്യൂമണ്‍ റിസോഴ്സസ് മാനേജ്മെന്റ്, മീഡിയ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് തുടങ്ങി വിവിധ സെന്ററുകളിലായി അറുപതോളം പ്രോഗ്രാമുകളാണ് ടിസ്സില്‍ ഉള്ളത്. കേരളത്തിലുള്ള ഒരു സെന്റര്‍ തിരുവനന്തപുരത്താണ്. ഈ സെന്ററില്‍ ഇക്കോളജി,  എന്‍വയോണ്‍മെന്റ് ആന്‍ഡ് സസ്റ്റൈനബിള്‍ ഡവലപ്മെന്റ് എന്ന വിഷയത്തിലുള്ള എംഎ പ്രോഗ്രാമാണുള്ളത്.


എംഫില്‍/പിഎച്ച്ഡി പ്രോഗ്രാം:
ഇപ്പോള്‍ അപേക്ഷിക്കാം
രണ്ട് രീതിയിലുള്ള പിഎച്ച്ഡി പ്രോഗ്രാമുകളാണ് ടിസ്സില്‍ ഉള്ളത്.
1) ഇന്റഗ്രേറ്റഡ് എംഫില്‍-പിഎച്ച്ഡി
2) നേരിട്ട്് പിഎച്ച്ഡി
ഇന്റഗ്രേറ്റഡ് എംഫില്‍-പിഎച്ച്ഡിക്ക് അതത് വിഷയത്തിലുള്ള 55 ശതമാനം മാര്‍ക്കോട് കൂടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. നേരിട്ടുള്ള പിഎച്ച്ഡിക്ക് അഞ്ച് വര്‍ഷത്തെ പോസ്റ്റ് പിജി വര്‍ക്ക് എക്സ്പീരിയന്‍സ് കൂടിയുണ്ടായിരിക്കണം.


പ്രവേശനം
റിസര്‍ച്ച് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (RAT)   വഴിയാണ് പ്രവേശനം. RAT ന്റെ മാതൃകാപേപ്പറും നിയമാവലികളും 2018 ജനുവരിയോടെ ടിസ്സിന്റെ സൈറ്റില്‍ ലഭ്യമാകും. അപേക്ഷ നല്‍കേണ്ട അവസാന തിയതി 2018 ജനുവരി 13 ആണ്. ഞഅഠ പരീക്ഷക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ ഷോര്‍ട്ട് ലിസ്റ്റ് 2017 ജനുവരി 27 ന് പ്രസിദ്ധീകരിക്കും. 2018 ഫെബ്രുവരി ഒമ്പതിന് പകല്‍ മൂന്നുമുതല്‍ ആറ്  വരെയാണ് പരീക്ഷ. മുംബൈ, ഗുവാഹത്തി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ വച്ചാണ് ടെസ്റ്റ്. 2018 ഏപ്രില്‍ രണ്ട് മുതല്‍ ഏപ്രില്‍ 16 വരെയുള്ള തിയതികളില്‍ ഇന്റര്‍വ്യു നടക്കും. 2018 മെയ് മാസം അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും. സോഷ്യല്‍ സയന്‍സസ്, സോഷ്യല്‍ വര്‍ക്ക്, ഡിസാസ്റ്റര്‍ സ്റ്റഡീസ്, ഡവലപ്മെന്റ് സ്റ്റഡീസ് തുടങ്ങിയ മേഖലകളിലെ ഗവേഷണപഠനത്തിനുള്ള അവസരങ്ങളാണ് ടിസ്സ് ഒരുക്കുന്നത്. സാമൂഹ്യശാസ്ത്രമേഖലയിലെ ഉന്നത ഗുണനിലവാരമുള്ള ഗവേഷണസാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ നമ്മുടെ മിടുക്കരായ കുട്ടികള്‍ക്ക് കഴിയണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top