20 April Saturday

എല്‍ഐസി ഹൌസിങ് ഫിനാന്‍സ്: 7ന് മുമ്പ് അപേക്ഷിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Sep 4, 2017

എല്‍ഐസി ഹൌസിങ് ഫിനാന്‍സ് ലിമിറ്റഡ് അസിസ്റ്റന്റ്, അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ 164 അസിസ്റ്റന്റിന്റെയും 100 അസിസ്റ്റന്റ് മാനേജരുടെയും ഒഴിവാണുള്ളത്. അസിസ്റ്റന്റ് തസ്തികയില്‍ ഒരാള്‍ക്ക് ഒരുസംസ്ഥാനത്തേ അപേക്ഷിക്കാന്‍ കഴിയൂ. തെരഞ്ഞെടുക്കുന്ന സംസ്ഥാനത്തേ ഓണ്‍ലൈന്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനാകൂ. ഒന്നിലധികം രജിസ്ട്രേഷനുണ്ടെങ്കില്‍ ഏറ്റവും അവസാനമായി ചെയ്തതായിരിക്കും അംഗീകരിക്കുക. പരീക്ഷക്ക് അപേക്ഷിച്ച സംസ്ഥാനത്തായിരിക്കും ആദ്യനിയമനം. ആവശ്യമാണെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റി നിയമിക്കും. അടിസ്ഥാന ശമ്പളം 13,980 രൂപ. മറ്റ് അലവന്‍സുകള്‍ ചേര്‍ത്ത് 21,236 രൂപ ലഭിക്കും. ഇതിനുപുറമെ നിയമാനുസൃത ആനുകൂല്യങ്ങളുമുണ്ട്. 60 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് യോഗ്യത. കംപ്യൂട്ടര്‍ പരിചയം വേണം. പ്രായപരിധി: 21-28(ജൂലൈ ഒന്ന് 2017).
 അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ ഇന്ത്യയില്‍ എവിടെയും നിയമിക്കാന്‍ കമ്പനിക്ക് അധികാരമുണ്ട്. അടിസ്ഥാന ശമ്പളം 32,815 രൂപയാണ്. മറ്റ് അലവന്‍സുകള്‍ ചേര്‍ത്ത് 49,805 രൂപ ലഭിക്കും. ഇതിനുപുറമെ നിയമാനുസൃത ആനുകൂല്യങ്ങളുമുണ്ട്. അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ നിയമനം ലഭിക്കുന്നതിനുമുമ്പ് ഒരുവര്‍ഷത്തെ മാനേജ്മെന്റ് ട്രെയിനി പരിശീലനമുണ്ട്. പരിശീലനകാലയളവില്‍ 25,000 രൂപ ലഭിക്കും. ട്രെയിനിങ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അസിസ്റ്റന്റ് മാനേജരായി നിയമനം നല്‍കും. നിയമനം ലഭിക്കുന്ന ദിവസംമുതല്‍ ഒരുവര്‍ഷമാണ് പ്രൊബേഷന്‍ കാലയളവ്.  അംഗീകൃത സര്‍വകലാശാല/വിദ്യാഭ്യാസ സ്ഥാപനങ്ങള്‍/ബോര്‍ഡുകളില്‍നിന്നുള്ള 60 ശതമാനം മാര്‍ക്കോടെയുള്ള എംബിഎ ബിരുദം. കംപ്യൂട്ടര്‍ പരിചയം വേണം. പ്രായപരിധി: 21-28 (ജൂലൈ ഒന്ന് 2017).
രണ്ട് തസ്തികകളിലും പ്രത്യേക ഓണ്‍ലൈന്‍ പരീക്ഷയും ഇന്റര്‍വ്യൂവിലൂടെയുമാണ് നിയമനം. ചോദ്യങ്ങള്‍ ഇംഗ്ളീഷിലായിരിക്കും. രണ്ടു മണിക്കൂര്‍ സമയത്തേക്കുള്ള ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്സ് പരീക്ഷയാണ്. ഇംഗ്ളീഷ്് ലാംഗ്വേജ്, ലോജിക്കല്‍റീസണിങ് എന്നിവയ്ക്ക് 35 മിനിറ്റ് വീതമുള്ള 50 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. ജനറല്‍ അവയര്‍നസ് 15 മിനിറ്റില്‍ 50 ചോദ്യങ്ങള്‍ക്കും ന്യൂമറിക്കല്‍ എബിലിറ്റി 35 മിനിറ്റിനുള്ളില്‍ 50 ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കണം. തെറ്റായ ഉത്തരത്തിന് ഒരുചോദ്യത്തിന് കാല്‍ മാര്‍ക്ക് കുറയും. അപേക്ഷിക്കേണ്ട വിധം, ഫീസ്, പരീക്ഷാ തിയതി എന്നിവയെല്ലാം വിശദമായി  www.lichousing.com ലഭിക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സെപ്തംബര്‍ ഏഴിന് അവസാനിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top