25 April Thursday

ആസൂത്രിത ബിരുദ പഠനം തൊഴിലിലേക്കുള്ള കാല്‍വയ്പ്പ്

പി രാജീവന്‍Updated: Monday Sep 4, 2017

ബിരുദപഠനകാലം ഏറെ സുപ്രധാനമാണ്. വിജയകരമാകേണ്ട കരിയര്‍ ജീവിതത്തിന്റെ അടിത്തറ സുദൃഢമാക്കിയെടുക്കേണ്ടത് ഈ കാലഘട്ടത്തിലാണ്. ജ്ഞാനസമ്പാദനം, നൈപുണ്യവികസനം, അനുഗുണമായ മനോഭാവം എന്നിവയെല്ലാം വ്യക്തിയുടെ സ്വഭാവത്തിന്റെ ഭാഗമായി മാറേണ്ടതും ഈ പ്രായത്തിലാണ്. പഠനകാലയളവില്‍ ഭാവിപദ്ധതികള്‍ കൃത്യതയോടെ ആസൂത്രണം ചെയ്യണം. ബിരുദപഠനത്തിന്റെ ആദ്യഘട്ടത്തില്‍ വേണം ഈ ആസൂത്രണ പ്രക്രിയ ആരംഭിക്കാന്‍. ബിരുദാനന്തരം തുടര്‍പഠനമാണോ അതോ തൊഴില്‍ കണ്ടെത്തുകയാണോ വേണ്ടത് എന്ന കാര്യവും പ്രാരംഭഘട്ടത്തില്‍ മനസ്സിലുറപ്പിക്കണം. ഇത്തരം കാര്യങ്ങള്‍ക്കാവശ്യമായ കരിയര്‍ കൌണ്‍സലിങ് കരിയര്‍ ഡെവലപ്മെന്റ് സെന്ററുകളില്‍നിന്ന് ലഭ്യമാണ്.


ഉന്നത പഠനം സ്വപ്നം കാണുമ്പോള്‍
ബിരുദാനന്തരമുള്ള പഠനം, ഗവേഷണം മുതലായവയെല്ലാം വലിയ പ്രാധാന്യമുള്ള കാര്യങ്ങളാണ്. മുന്‍കാല പരീക്ഷകളിലെ മികവ്, ഉയര്‍ന്ന പഠനത്തിലുള്ള താല്‍പര്യം, കഠിനമായ അധ്വാനശേഷി, വായന എന്നിവ കൈവശമുള്ളവര്‍ തീര്‍ച്ചയായും തുടര്‍പഠനത്തിന് തയ്യാറെടുക്കുകയാണ് ചെയ്യേണ്ടത് (മുന്‍കാല പരീക്ഷകളില്‍ മാര്‍ക്ക് കുറഞ്ഞവരില്‍ ചിലര്‍ പിന്നീട് നല്ല പഠിതാക്കളായേക്കാം. അവര്‍ക്കും ഉന്നതപഠനം ലക്ഷ്യംവയ്ക്കാം.)  ബിരുദാനന്തരം പഠനത്തിന് തെരഞ്ഞെടുക്കുന്ന കോഴ്സ്, വിഷയം, ഇന്‍സ്റ്റിറ്റ്യൂട്ട് മുതലായ കാര്യങ്ങള്‍ ഡിഗ്രി മൂന്നാം സെമസ്റ്ററിനകം തീരുമാനിക്കാന്‍ കഴിയണം.


 ശാസ്ത്ര-മാനവിക-മാനേജ്മെന്റ് വിഷയങ്ങളില്‍ അന്തര്‍ദേശീയ നിലവാരം പുലര്‍ത്തുന്ന നിരവധി കോഴ്സുകള്‍ നടത്തുന്ന മികവിന്റെ കേന്ദ്രങ്ങള്‍ നമ്മുടെ രാജ്യത്ത് ധാരാളമുണ്ട്. ഈ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് ബിരുദാനന്തര പഠനത്തിനു പ്രവേശനം നല്‍കുന്നത്. അത്തരം പരിക്ഷകള്‍ക്ക് സ്വയമോ അല്ലെങ്കില്‍ പരിശീലന കേന്ദ്രങ്ങള്‍ വഴിയോ കര്‍ക്കശമായ പരിശീലനം നാലാം സെമസ്റ്റര്‍മുതല്‍ ആരംഭിക്കണം. ആവശ്യമായ പരിശീലനമില്ലാതെ ഇത്തരം പരീക്ഷകള്‍ വിജയിക്കുമെന്ന അതിരുകടന്ന ആത്മവിശ്വാസം ചിലപ്പോള്‍ വിനയായി മാറും.
    മികവിന്റെ കേന്ദ്രങ്ങളായ ഈ സ്ഥാപനങ്ങളെക്കുറിച്ചും കോഴ്സുകള്‍, പ്രവേശനപരീക്ഷയുടെ രീതികള്‍ മുതലായവയെക്കുറിച്ചുമെല്ലാം മറ്റൊരവസരത്തില്‍ വിശദമായി പ്രതിപാദിക്കാം. നമ്മുടെ മിടുക്കരായ കുട്ടികള്‍ ഇത്തരം സ്ഥാപനത്തില്‍ എത്തിപ്പെടുകതന്നെ വേണം.


തൊഴില്‍ ലക്ഷ്യമാക്കുമ്പോള്‍
ഏതെങ്കിലും ഒരു തൊഴിലിന് ബിരുദധാരി വേണമെന്ന് ഒരു കമ്പനി ആഗ്രഹിക്കുന്നത് പ്രസ്തുത തൊഴിലില്‍ ഉയര്‍ന്നുവരുന്ന ആവശ്യകതകളും വെല്ലുവിളികളും ഏറ്റെടുക്കാന്‍ ഒരു ബിരുദധാരി പര്യാപ്തനാണെന്ന് ധരിക്കുന്നത്കൊണ്ടാണ്. ബിരുദപഠനത്തിന്റെ കരിക്കുലം സാമാന്യം ഉയര്‍ന്ന നിലവാരമുള്ളതാണ്. പഠനം പലപ്പോഴും പരീക്ഷയില്‍ ജയിക്കുന്നതിനും സര്‍ട്ടിഫിക്കറ്റിനും വേണ്ടിയാകുമ്പോള്‍ പഠനാനന്തരം വ്യക്തിക്ക് ലഭിക്കേണ്ട സമഗ്രത ലഭിക്കാതെ പോകും. പഠിക്കുന്നത് എന്തും നാളെ തൊഴിലിടങ്ങളില്‍ പ്രയോഗിക്കാനുള്ളതാണെന്ന നിലയില്‍ വേണം ബിരുദപഠനം പൂര്‍ത്തീകരിക്കാന്‍.


  പ്രായത്തില്‍ കവിഞ്ഞ പക്വതയും മികച്ച പെരുമാറ്റ ശീലവും ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള കഴിവും ഭാഷാശേഷിയും ബിരുദപഠനകാലയളവില്‍ സ്വായത്തമാക്കാന്‍ വ്യക്തിക്ക് കഴിയണം. അത്തരത്തിലുള്ളവര്‍ക്ക് പഠനം കഴിയുമ്പോഴേക്കും തൊഴില്‍ ലഭിക്കുമെന്ന് ഉറപ്പാണ്. മാര്‍ക്കറ്റിങ്, അക്കൌണ്ടിങ്, അഡ്മിനിസ്ട്രേഷന്‍, ലോജിസ്റ്റിക്സ് തുടങ്ങിയ ധാരാളം വിഭാഗങ്ങളിലായി നിരവധി തൊഴിലവസരങ്ങളാണ് സ്വകാര്യമേഖലയില്‍ ഉള്ളത്. ഉയര്‍ന്ന വേതനവും ധാരാളം മറ്റ് ആനുകൂല്യങ്ങളും സ്വകാര്യ മേഖലയില്‍ ലഭ്യമാണ്. അടുത്ത ലക്കത്തില്‍ - ജോബി ഹണ്ടിങ് പഠനകാലത്തുതന്നെ തുടങ്ങണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top