29 March Friday

സൂക്ഷിക്കുക; നിങ്ങള്‍ ബോര്‍ഡിന്റെ നിരീക്ഷണത്തിലാണ്

വെബ് ഡെസ്‌ക്‌Updated: Monday Sep 4, 2017

ജോലിക്കുള്ള നിങ്ങളുടെ അര്‍ഹത ബോധ്യപ്പെടുത്താനാണല്ലോ വിശദമായ റെസ്യുമെ തയ്യാറാക്കി അയക്കുന്നത്. പിന്നെയെന്തിനാണൊരു ഇന്റര്‍വ്യൂ എന്ന ചോദ്യം സ്വാഭാവികമാണ്. റെസ്യുമെ ഇന്റര്‍വ്യൂവിന് പകരമാവില്ല എന്നതാണ് ഈ ചോദ്യത്തിനുള്ള ഉത്തരം. ഒരു ചിത്രകാരന്‍ രചനയ്ക്കുമുമ്പായി പെന്‍സില്‍ സ്കെച്ച് ചെയ്യുന്നതുപോലെയാണ് റെസ്യുമെ. ഒരു ഔട്ട്ലൈന്‍ മാത്രം. അതില്‍ നിറങ്ങളില്ല. ഭാവമില്ല. നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച് അറിയാന്‍ ത്രിമാന ദൃശ്യസാധ്യതകളില്ല.
നിങ്ങളുടെ ലക്ഷ്യങ്ങള്‍, ജീവിതനേട്ടങ്ങള്‍ ഇവയെല്ലാം തൊഴില്‍ദാതാവിന് ബോധ്യമാകാന്‍ നേര്‍ക്കുനേര്‍ സംസാരിച്ചേ പറ്റൂ. അത് നിങ്ങള്‍ക്കുള്ള ഏറ്റവും വിലപ്പെട്ട അവസരമാണ്. അതുകൊണ്ടുതന്നെ അഭിമുഖത്തെ പ്രതികൂലമായി കാണാതെ തുറന്ന മനസ്സോടെ അഭിമുഖീകരിക്കുകയാണ് വേണ്ടത്. ഈ സുവര്‍ണാവസരം പരമാവധി ഭംഗിയായി ഉപയോഗപെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വയം ആരായുകയും പരിശീലിക്കുകയും വേണം. തൊഴില്‍ദാതാവ് എന്താണ് നിങ്ങളില്‍നിന്ന് പ്രതീക്ഷിക്കുന്നത് എന്നതിനെക്കുറിച്ചുള്ള ധാരണ ആദ്യം ഉള്ളിലുറപ്പിക്കണം.
സ്വയം ബോധ്യപ്പെടല്‍: ഇന്റര്‍വ്യൂവിന് വിളിക്കപ്പെട്ടവരില്‍ മികച്ച വ്യക്തി നിങ്ങള്‍ തന്നെയാണെന്ന് കരുതുന്നതില്‍ തെറ്റൊന്നുമില്ല. കുറഞ്ഞപക്ഷം കൂട്ടത്തിലുള്ള മറ്റേതൊരാള്‍ക്കുമുള്ള സാധ്യത തനിക്കുമുണ്ടെന്നുള്ള ബോധ്യമെങ്കിലും വേണം. നിങ്ങള്‍ നല്‍കിയ റെസ്യുമെ തൃപ്തികരമായതിനാലാണ് നിങ്ങളെ അഭിമുഖത്തിന് വിളിച്ചത്. അടുത്തഘട്ടം റെസ്യുമെയില്‍ പറഞ്ഞ യോഗ്യതകള്‍ പ്രായോഗിക പ്രവര്‍ത്തനത്തില്‍ ഉപയോഗിക്കാനുള്ള കഴിവ് ബോര്‍ഡിനെ ബോധ്യപ്പെടുത്താനുള്ള അവസരമാണ്. ഇതാകട്ടെ നിങ്ങള്‍ക്കുമാത്രം നിര്‍വഹിക്കാനുള്ള കടമയാണെന്ന ഓര്‍മ വേണം.
ഇന്റര്‍വ്യൂ എങ്ങനെയായിരിക്കുമെന്ന് ഒന്ന് ഭാവനയില്‍ കണ്ടുനോക്കൂ. നിങ്ങള്‍ക്ക് അപരിചിതരായ രണ്ടോ അതിലധികമോപേര്‍ ചേര്‍ന്ന് നിങ്ങളെ ഒരു സമ്പൂര്‍ണ പരിശോധനയ്ക്ക് വിധേയമാക്കുകയാണവിടെ. അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക എന്നത് ആ പരിശോധനയിലെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ. ഇവിടെ നിങ്ങളോ മറ്റുള്ളവരോ എഴുതിക്കൊടുത്ത റെസ്യുമെയിലെ യോഗ്യതകളല്ല, മറിച്ച് ഇന്റര്‍വ്യൂവില്‍ പ്രകടിപ്പിക്കപ്പെടുന്ന മികവാണ് മൂല്യനിര്‍ണയത്തിന് മാനദണ്ഡമാക്കപ്പെടുന്നത്. ചോദ്യങ്ങളോടുള്ള പ്രതികരണത്തിലൂടെയും മറ്റ് ഇടപെടലുകളിലൂടെയും നിങ്ങളുടെ മികവ് ബോര്‍ഡിനെ ബോധ്യപ്പെടുത്താനായാല്‍ ജോലി ഉറപ്പിക്കാം. റെസ്യുമെ പ്രകാരം ഏറ്റവും അനുയോജ്യരായ ഉദ്യോഗാര്‍ഥിയാകണമെന്നില്ല അഭിമുഖത്തില്‍ ബോര്‍ഡ് കണ്ടെത്തുന്ന മികച്ച ഉദ്യോഗാര്‍ഥി. നിങ്ങളേക്കാള്‍ പരിചയസമ്പത്തും യോഗ്യതയും ഉള്ള ആള്‍ ആ പ്രത്യേക ദിവസം മോശം പ്രകടനം കാഴ്ചവെച്ചുവെന്ന് വരാം. ചുരുക്കത്തില്‍ മറ്റൊരാളുടെ അധികയോഗ്യത അഭിമുഖത്തില്‍ ഒരു തരത്തിലും നിങ്ങളുടെ സാധ്യതയെ കുറയ്ക്കുന്നില്ലെന്നര്‍ത്ഥം.
ഇന്റര്‍വ്യൂവില്‍ പൊതുവില്‍ പരിഗണിക്കപ്പെടുന്ന ഘടകങ്ങള്‍ ഇനി പറയുന്നവയാണ്.
1. ജോലിക്ക് നിശ്ചയിച്ചിട്ടുള്ള അടിസ്ഥാനയോഗ്യത, നിങ്ങള്‍ക്കുള്ള പ്രത്യേക കഴിവുകള്‍ക്ക്, ജോലിയില്‍ നിങ്ങള്‍ക്ക് വ്യത്യസ്തമായി എന്ത് ചെയ്യാന്‍ കഴിയും, പൊതുവില്‍ നിങ്ങള്‍ക്ക് എന്തൊക്കെ അറിയാം.
2. പരിചയവും പശ്ചാത്തലവും.
3. വ്യക്തിത്വവും പെരുമാറ്റവും.
4. ആശയ വിനിമയപാടവം.
5. വേഗത്തില്‍ തീരുമാനമെടുക്കാനുള്ള കഴിവ്.
മേല്‍പറഞ്ഞതില്‍ ജോലിയുടെ അവശ്യയോഗ്യതകളായി വിദ്യാഭ്യാസ യോഗ്യതയും പരിചയവും മാത്രമേ നിബന്ധനയായി വെക്കാനാവുകയുളളൂ. ബാക്കിയുള്ളതെല്ലാം ഉദ്യോഗാര്‍ഥിക്ക് തൊഴില്‍ ദായകനെ ബോധ്യപ്പെടുത്താനുള്ള അവസരമാണ് ഇന്റര്‍വ്യൂ. മത്സരം കടുത്ത ഇന്നത്തെ കാലത്ത് ഒരേപോലെ കഴിവുള്ള ഒന്നിലേറെപേര്‍ ബോര്‍ഡിന് മുന്നിലെത്തിയെന്നുവരാം. ഇത്തരം ഘട്ടങ്ങളില്‍ ബോര്‍ഡിനെ നിങ്ങള്‍ക്ക് അനുകൂലമാക്കാന്‍ എന്തു ചെയ്യാന്‍ കഴിയും.
1. ജോലി, സ്ഥാപനം, അതിന്റെ വികസനം എന്നിവ സംബന്ധിച്ച് തനതായ ഒരു കാഴ്ചപ്പാട് നിങ്ങള്‍ക്കുണ്ടെന്ന് ബോര്‍ഡിനെ ധരിപ്പിക്കാന്‍ സാധിക്കണം.
2. തൊഴിലിനുള്ള യോഗ്യതയായി പറഞ്ഞതില്‍നിന്ന് ഭിന്നമായി അധിക പ്രാവീണ്യവും പരിചയവും നിങ്ങള്‍ക്കുണ്ടെന്ന് തൊഴില്‍ദായകനെ ബോധ്യപ്പെടുത്താന്‍ ശ്രദ്ധിക്കണം.
ചുമതലാബോധം: തൊഴില്‍ദായകനോ അവര്‍ക്കുവേണ്ടി ഇന്റര്‍വ്യൂ നടത്തുന്നവരോ നിങ്ങളെ തെരഞ്ഞെടുക്കാന്‍ പോകുന്ന ജോലിയില്‍ വൈദഗ്ധ്യം ഉള്ളവരായിരിക്കില്ല. പ്രൊഫഷണല്‍ വൈദഗ്ധ്യമുള്ള ആവശ്യമുള്ള ജോലികളില്‍ സാങ്കേതിക വൈദഗ്ധ്യം മാത്രമല്ല, ജോലിയിലുള്ള ആത്മാര്‍ഥതയും സുപ്രധാനമാണ്. ഒരു പ്രത്യേക ജോലിയുടെ ഉത്തരവാദിത്തം പൂര്‍ണമായി ഏറ്റെടുക്കാനുള്ള നിങ്ങളുടെ സന്നദ്ധത ബോര്‍ഡിനെ ബോധ്യപ്പെടുത്തുകയെന്നതാണ് പ്രധാനം. ഇവിടെ,  പ്രാവീണ്യം മാത്രമല്ല, ജോലിക്കാരന്‍ എന്നതിലുപരി ചുമതലാബോധത്തോടെ പ്രവര്‍ത്തിക്കും എന്ന ബോധ്യപ്പെടുത്തല്‍ അനിവാര്യമായി വരുന്നു. ഇതിനായി താഴെപറയുന്ന കാര്യങ്ങള്‍ ഉദ്യോഗാര്‍ഥികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
1. അഭിമുഖത്തെക്കുറിച്ച് സമ്പൂര്‍ണമായ ഹോംവര്‍ക്ക് .
2. ഇന്റര്‍വ്യൂ  തീര്‍ത്തും ഔപചാരികമാണ്. അലസത പാടില്ല.
3. ജോലി കിട്ടുന്നെങ്കില്‍ കിട്ടട്ടെ എന്നല്ല, കിട്ടണം, കിട്ടും എന്നതാകണം സമീപനം.
4. ജോലിയുടെ സ്വഭാവം മനസ്സിലാക്കുക. താല്‍പര്യമില്ലാത്തതാണെങ്കില്‍ ഭാഗ്യപരീക്ഷണത്തിന് പോകരുത്.
5. ആശയവിനിമയത്തിലെ വ്യക്തതയാണ് പ്രധാനം. എന്ത് പറയുന്നു എന്നതല്ല ബോര്‍ഡ് എന്ത് മനസ്സിലാക്കി എന്നതാണ് കാര്യം.
6. ചുരുക്കിപ്പറഞ്ഞ് പ്രസക്തമായ കാര്യങ്ങള്‍ വിട്ടുപോകുന്നതും പരത്തിപ്പറഞ്ഞ് സങ്കീര്‍ണത സൃഷ്ടിക്കുന്നതും ഒഴിവാക്കണം.
7. സ്വന്തം കഴിവിനെക്കുറിച്ചുള്ള വിശ്വാസം പോലെ പ്രധാനമാണ് പോരായ്മകളെക്കുറിച്ചുള്ള ബോധ്യവും.
8. നിങ്ങളുടെ കഴിവുകള്‍ ബോധ്യപ്പെടുത്തുന്നതിലപ്പുറം തനിക്ക് എന്ത് ലഭിക്കുമെന്ന അമിതമായ ആകാംഷ ഗുണംചെയ്യില്ല.
ഔപചാരികതയും ഔദ്യോഗിക സ്വഭാവവും അനിവാര്യമാണെന്ന് കരുതി അസ്വാഭാവിതകതയിലേക്കും കൃത്രിമത്വത്തിലേക്കും വഴുതിക്കൂട.
ഇതോടൊപ്പം തൊഴില്‍ദായകന്‍ നിങ്ങളില്‍നിന്ന് പ്രതീക്ഷിക്കുന്ന ഗുണങ്ങളെക്കുറിച്ചുകൂടി ബോധവാനായിരിക്കുക.
1. സാഹചര്യത്തിനൊത്ത് ഉയരല്‍.
2. ടീം സ്പിരിറ്റ്.
3. ഇടപെടുന്നവരുമായി സഹകരണം.
4. സന്നദ്ധത, ചുമതലാബോധം.
5. ജോലിയില്‍ ആസ്വാദ്യത.
6. സമചിത്തതയും ശുഭാപ്തി വിശ്വാസവും.
7. മാറ്റങ്ങളോട് സഹിഷ്ണുത.
8. ആകര്‍ഷകമായ വ്യക്തിത്വം.
9. പുതിയ അറിവുകള്‍ നേടാനും പ്രയോഗിക്കാനുമുള്ള താല്‍പര്യം.
10. സമയനിഷ്ഠ, കൃത്യനിഷ്ഠ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top