28 May Sunday

വിശകലനം ചെയ്യുക; സ്ഥാപനത്തേയും നിങ്ങളേയും

പി കെ എ റഷീദ്Updated: Monday Oct 2, 2017

തൊഴില്‍ദാതാവില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്യുക എന്നത് അഭിമുഖത്തിന്  തയ്യാറെടുക്കുമ്പോള്‍ ഏറെ പ്രധാനം അര്‍ഹിക്കുന്നു. തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനത്തിലോ അഭിമുഖത്തിനുള്ള അറിയിപ്പിനൊപ്പമോ എങ്ങനെയുള്ളവരെയാണ് തൊഴില്‍ദാതാവ് തേടുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ടാവും.ഉദ്യോഗാര്‍ഥിയില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്ത്? തെരഞ്ഞെടുക്കപ്പെടുന്നപക്ഷം നിങ്ങള്‍ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമെന്ത്? ഇക്കാര്യങ്ങളിലെല്ലാം തൊഴില്‍ദാതാവിന്റെ വീക്ഷണം നിങ്ങള്‍ നന്നായി പിന്തുടരേണ്ടതുണ്ട്. തൊഴില്‍ദാതാവിന്റെ ആവശ്യങ്ങള്‍ വിശകലനം ചെയ്യുന്നതിന്റെ ഭാഗമായി താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ ചെയ്യണം.
1. തൊഴില്‍ വിജ്ഞാപനവും അഭിമുഖ അറിയിപ്പിനൊപ്പം ലഭിക്കുന്ന കുറിപ്പും പൂര്‍ണമായി  വായിക്കണം. ഒരോ വാക്കിലും വാചകത്തിലും ശ്രദ്ധചെല്ലണം.
2 ജോലിയുടെ പ്രധാനപ്പെട്ട പ്രത്യേകതകള്‍ സൂചിപ്പിക്കുന്ന ഭാഗം അടയാളപ്പെടുത്തിവെക്കണം. ഉദാഹരണത്തിന് സംഘാടനം, ബജറ്റ് തയ്യാറാക്കല്‍, റിപ്പോര്‍ട് തയ്യാറാക്കല്‍, ഉപഭോക്താക്കളെ കൈകാര്യം ചെയ്യല്‍ എന്നിവ.
3. ഇതില്‍ ഏതിലെങ്കിലും നിങ്ങള്‍ക്ക് മുന്‍പരിചയമോ എടുത്തുപറയാവുന്ന നേട്ടമോ ഉണ്ടെങ്കില്‍ വിശദാംശങ്ങളടങ്ങിയ കുറിപ്പ് തയ്യാറാക്കിവയ്ക്കണം.
4.ഈ നോട്ടിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട മേഖലകളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടിപ്പിടിക്കണം.
5. റെസ്യുമില്‍ നല്‍കിയ കാര്യങ്ങളും തൊഴിലിന്  നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന യോഗ്യതകളും താരതമ്യം ചെയ്ത് നിങ്ങളുടെ അവകാശവാദങ്ങള്‍ എളുപ്പത്തില്‍ തെളിയിക്കാന്‍ പാകത്തില്‍ സര്‍ടിഫിക്കറ്റുകളും മറ്റുരേഖകളും ക്രമീകരിക്കണം. ഇന്റര്‍വ്യു ബോര്‍ഡിന് മുന്നിലിരുന്ന് രേഖകള്‍ പരതുന്നത് നല്ലശീലമല്ല.
ജോലിക്ക് അനുയോജ്യമായ വ്യക്തിത്വഗുണങ്ങള്‍ മിക്ക കമ്പനികളും നിഷ്കര്‍ഷിക്കാറുണ്ട്. ഉദേഗാര്‍ഥികള്‍ക്ക് അയക്കുന്ന ഇത്തരം ഇന്‍ഫര്‍മേഷന്‍ പാക്കിലെ നിര്‍ദേശങ്ങളോടുള്ള നിങ്ങളുടെ മനോഭാവവും പ്രതികരണവും ഇന്റര്‍വ്യു ബോര്‍ഡ് പ്രത്യേകം ശ്രദ്ധിക്കും. അക്കാദമിക് യോഗ്യതയുടെ കാര്യത്തിലെന്ന പോലെ വ്യക്തിത്വ ഗുണത്തിലും മേല്‍ അവലംബിച്ച രീതിതന്നെ പിന്തുടരണം. ഉദാഹരണത്തിന് കൃത്യനിഷ്ഠ, സത്യസന്ധത, നേതൃഗുണം, ധീരത തുടങ്ങിയവ തെളിയിക്കുന്നതിന് നിങ്ങളുടെ മുന്‍അനുഭവങ്ങള്‍ ബോര്‍ഡിനെ ബോധ്യപ്പെടുത്താന്‍  തയ്യാറെടുപ്പുകള്‍ നടത്തണം. ഇതില്‍ നിങ്ങള്‍ക്ക് സ്വാഭാവികമായുള്ള വ്യക്തിത്വ ഗുണത്തെ ഹൈലൈറ്റ് ചെയ്യുകയും മറ്റുള്ളവയെ ക്രിതൃമത്വം ഇല്ലാതെ പ്രതിഫലിപ്പിക്കുകയുംവേണം. ഒരോ ജോലിക്കും അനുയോജ്യമാകുന്ന വ്യക്തിത്വ ഗുണങ്ങള്‍ വ്യത്യസ്തമായിരിക്കും. അതിനനുസരിച്ച് തയ്യാറെടുപ്പുകളില്‍ ക്രമീകരണം വരുത്തണം.
ഇന്റര്‍വ്യു ബോര്‍ഡില്‍ ആരാണ് വരുന്നതെന്ന് നേരത്തെ മനസ്സിലാക്കുന്നത് നന്നായിരിക്കും. ഭേദപ്പെട്ട സ്വകാര്യ കമ്പനികളെല്ലാം ഹ്യൂമന്‍ റിസോഴ്സ് ഡിപ്പാര്‍ടുമെന്റില്‍ അന്വേഷിക്കുന്നവരോട് ഇക്കാര്യം വെളിപ്പെടുത്താറുണ്ട്. എന്നാല്‍ ഇത്തരം വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്ന സ്ഥാപനങ്ങളോട് വഴിവിട്ട് അന്വേഷണം നടത്തുന്നത് ഗണുകരമായിരിക്കില്ല. ബോര്‍ഡില്‍ വരുന്നത് കമ്പനിയിലെ ഏതെല്ലാം ഡിപ്പാര്‍ടുമെന്റിന്റെ ആളുകളായിരിക്കും എന്നെങ്കിലും മനസ്സിലാക്കുന്നത് ചോദ്യങ്ങളിലേക്കുള്ള ജാലകമായിരിക്കും.
അഭിമുഖത്തിന് പോകുന്ന സ്ഥാപനങ്ങളില്‍ പരിചയക്കാരോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ അവരിലൂടെ കമ്പനിയുടെ ആഭ്യന്തരകാര്യങ്ങള്‍ വസ്തുനിഷ്ഠമായി മനസ്സിലാക്കാന്‍ ശ്രമിക്കണം. ഈ ശ്രമത്തില്‍ നിങ്ങള്‍ ആശ്രയിക്കുന്ന ആള്‍ 'ഡിപെന്റബിള്‍' അല്ലെങ്കില്‍ ഫലം വിപരീതമായിരിക്കുമെന്ന് കൂടി ഓര്‍ക്കണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top