26 April Friday

പിഎസ്‌സി സംശയങ്ങൾക്ക്‌ മറുപടി -അഡ്വ. എം കെ സക്കീർ

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

പിഎസ്‌സി വിജ്ഞാപനവുമായി ബന്ധപ്പെട്ട്‌ യോഗ്യത, തത്തുല്യ യോഗ്യത, പുതുതലമുറ കോഴ്‌സുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കഴിഞ്ഞ തവണ വിശദീകരിച്ചല്ലോ. ഉയർന്ന യോഗ്യത,  തുല്യതാ കോഴ്‌സുകൾ,  വിദൂര വിദ്യഭ്യാസ യോഗ്യത തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കുള്ള മറുപടിയാണ്‌ ഇത്തവണ.  ഉദ്യോഗാർഥികളുടെ പൊതുവായ സംശയങ്ങൾ ഇ മെയിൽ വഴി അയക്കാം.  വിലാസം:  pscquestionanswer@gmail.com

തത്തുല്യ യോഗ്യത 
ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ പിഎസ്‌സി വിശേഷാൽ ചട്ടങ്ങളിലും വിജ്ഞാപനത്തിലും നിശ്ചിത യോഗ്യതകൾക്കൊപ്പം തത്തുല്യ( or equilant) ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ തന്റെ യോഗ്യതകൾ  സ്വീകാര്യമാണോയെന്ന് അപേക്ഷ ബോധിപ്പിക്കലിന്റെ മുന്നോടിയായി ഉദ്യാഗാർഥികൾ വ്യക്തമായി മനസ്സിലാക്കണം. യോഗ്യത തെളിയിക്കുന്ന രേഖകൾ കൈവശം ഉണ്ടാകണം. അപേക്ഷയിൽ കാണിച്ച യോഗ്യത വിജ്ഞാപനത്തിലെ അതേ യോഗ്യതയല്ലെങ്കിൽ അക്കാര്യത്തിൽ സർക്കാർ ഉത്തരവ് കൃത്യസമയത്ത് ഹാജരാക്കാത്ത പക്ഷം പ്രസ്തുത അപേക്ഷ നിരസിക്കും. ഉയർന്ന യോഗ്യത  ഉദ്യോഗാർഥിയുടെ യോഗ്യത വിജ്ഞാപനത്തിലെ യോഗ്യതയെക്കാൾ അതേ ഫാക്കൽറ്റിയിലുള്ള ഉയർന്ന യോഗ്യതയാണെങ്കിൽ ഉദ്യോഗാർഥി ബന്ധപ്പെട്ട രേഖകൾ തീരുമാനത്തിനായി കമീഷൻ മുമ്പാകെ നിശ്ചയിച്ച സമയത്തിനകം ഹാജരാക്കണം. ബിഎ, ബിഎസ്‍സി, ബികോം, 
അല്ലെങ്കിൽ തത്തുല്യം പല പൊതുതസ്തികൾക്കും ബിഎ, ബിഎസ്‍സി, ബികോം, അല്ലെങ്കിൽ തത്തുല്യ ബിരുദം എന്ന് പ്രത്യേകം യോഗ്യത നിഷ്കർഷിച്ചിട്ടുണ്ടെങ്കിൽ യുജിസി അംഗീകാരമുള്ള സർവകലാശാലകൾ നൽകുന്ന ഏതു ബിരുദവും തത്തുല്യ പരിശോധനക്ക്‌ വിധേയമാക്കി സ്വീകരിക്കും. പത്താംതരം തുല്യത- കേരള സാക്ഷരത മിഷൻ നടത്തുന്ന പത്താംതരം തുല്യത (എ ലെവൽ) എസ്‍എസ്എൽസിയുടെ തത്തുല്യ യോഗ്യതയായി സ്വീകരിക്കും. സെക്കൻഡറി തുല്യത ഓപ്പൺ സ്കൂൾ പ്ലസ്ടു തുല്യത കോഴ്സ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓപ്പൺ സ്കൂളിങ് വഴിയുള്ള പ്ലസ് ടു കോഴ്സ്  സർക്കാർ ഉത്തരവുകളുടെ വ്യവസ്ഥകൾക്ക് വിധേയമായി തത്തുല്യമായി സ്വീകരിക്കും.  സൈനിക സേവനത്തിന് നൽകുന്ന ബിരുദം- പതിനഞ്ച് വർഷത്തിൽ കുറയാത്ത സേവനം അനുഷ്ഠിച്ചുള്ള സൈനികർക്ക്‌ അനുവദിക്കുന്ന ബിരുദം( ഗ്രാജ്വേഷൻ) പിഎസ്‍സി മുഖേനയുള്ള തെരഞ്ഞെടുപ്പിന് സ്വീകാര്യമാണ്.  വിദൂര വിദ്യാഭ്യാസ യോഗ്യത വിവിധ സർവകലാശാല/ സ്ഥാപനങ്ങളിലെ  വിദൂര വിദ്യാഭ്യാസ കോഴ്‌സുകളുടെ സ്വീകാര്യത ഓരോ തസ്തികയുടെയും യോഗ്യതാ നിബന്ധനക്ക് അനുസരിച്ചാണ്. ഒരു തസ്തികയ്ക്ക്‌ വിജ്ഞാപന വ്യവസ്ഥ പ്രകാരം റഗുലർ പഠനത്തിലൂടെ യോഗ്യത നേടിയിരിക്കണമെന്ന് പ്രത്യേകം നിഷ്കർഷിച്ചിട്ടില്ലെങ്കിൽ വിദൂര വിദ്യാഭ്യാസ യോഗ്യത സ്വീകാര്യമാണ്. ‘പി‍എസ്‍സി അംഗീകരിച്ച സ്ഥാപനം’; 
പരസ്യവാചകം നിയമവിരുദ്ധം പി‍എസ്‍സി അംഗീകരിച്ച സ്ഥാപനം അല്ലെങ്കിൽ അംഗീകരിച്ച കോഴ്സ് എന്നത് പല സ്ഥാപനങ്ങളുടെയും പരസ്യവാചകമായി  കാണുന്നുണ്ട്. ഇതിന്റെ യാഥാർഥ്യം എന്താണെന്ന്‌ നിരവധി പേർ സംശയം ഉന്നയിച്ചിട്ടുണ്ട്‌.  കോഴ്സ് അംഗീകാരം, വിദ്യാഭ്യാസ സ്ഥാപങ്ങളുടെ അംഗീകാരം നൽകൽ എന്നിവ പി‍എസ്‍സി, യുപിഎസ്‍സി  എന്നീ ഭരണഘടനാ സ്ഥാപനങ്ങളുടെ ചുമതലയല്ല. പിഎസ്‍സി  അംഗീകരിച്ച സ്ഥാപനം, പിഎസ്‍സി അംഗീകൃത കോഴ്സ് എന്ന പരസ്യവാചകങ്ങൾ  തെറ്റിദ്ധാരണ പരത്തുന്നതാണ്. ഓരോ തസ്തികയുടെയും നിയമന ചട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ള യോഗ്യതയുടെ ചുവടുപിടിച്ച് “പിഎസ്‍സി അംഗീകാരം”എന്നുള്ള പ്രചാരണം വ്യാജമാണ്. കേരള പിഎസ്‍സി ഒരു കോച്ചിങ് സ്ഥാപനവും നടത്തുന്നില്ല. ഇത്തരം വിഷയത്തിൽ കമീഷൻ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. ചില വ്യക്തികളും സ്ഥാപനങ്ങളും നിയമവിരുദ്ധമായി പിഎസ്‍സിയുടേതെന്ന് തെറ്റിദ്ധരിപ്പിക്കുംവിധം ലോഗോ സൃഷ്ടിച്ച് ക്ലാസ്‌ നടത്തുന്നുണ്ട്. പുതിയകാലത്തെ ചതിക്കുഴികൾ തിരിച്ചറിഞ്ഞ് അത്തരക്കാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ ഉദ്യോഗാർഥി സമൂഹം തയ്യാറാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top