25 April Thursday

തൊഴിൽ നൽകാൻ നൂറിലേറെ കമ്പനികൾ; കൊച്ചിയിൽ മെഗാ ജോബ്ഫെയർ 11ന്‌

സ്വന്തം ലേഖകൻUpdated: Friday Dec 3, 2021


കൊച്ചി> ജില്ലാ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ 11ന്‌ സംഘടിപ്പിക്കുന്ന മെഗാ ജോബ്‌ഫെയറിൽ ഉദ്യോഗാർഥികളെ തേടിയെത്തുന്നത്‌ നൂറിലേറെ സ്വകാര്യ തൊഴിൽദായകർ. കളമശേരി സെന്റ്‌ പോൾസ്‌ കോളേജിൽ രാവിലെ ഒമ്പതുമുതൽ വൈകിട്ട്‌ അഞ്ചുവരെയാണ്‌ ജോബ്‌ഫെയർ. മൂവായിരത്തിലേറെപ്പേർക്ക്‌ തൊഴിൽ ലഭിക്കുന്ന മെഗാ ജോബ്‌ഫെയർ 2015 മുതൽ സംഘടിപ്പിച്ചുവരുന്നുണ്ട്‌. കോവിഡ്‌ കാരണം കഴിഞ്ഞവർഷം മുടങ്ങി.

എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചിലോ എംപ്ലോയബിലിറ്റി സെന്റിലോ നേരത്തേ പേര്‌ രജിസ്‌റ്റർ ചെയ്യാത്തവർക്കും  പങ്കെടുക്കാം. എന്നാൽ, എംപ്ലോയബിലിറ്റി സെന്ററിൽ പേര്‌ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളവർക്ക്‌ എക്‌സ്ചേഞ്ച്‌ സംസ്ഥാനത്ത്‌ എവിടെയും സംഘടിപ്പിക്കുന്ന ചെറുതും വലുതുമായ തൊഴിൽമേളകളിലും പങ്കെടുക്കാനാകും. മെഗാ ജോബ്‌ഫെയറിനോടനുബന്ധിച്ച്‌ എംപ്ലോയബിലിറ്റി സെന്ററിൽ പേര്‌ രജിസ്‌റ്റർ ചെയ്യാനും അവസരമൊരുക്കും. ഒറ്റത്തവണയായി 250 രൂപയാണ്‌ ഫീസ്‌. മെഗാ ജോബ്‌ഫെയറിൽ പങ്കെടുക്കാൻ പ്രത്യേകഫീസ്‌ ആരിൽനിന്നും വാങ്ങുന്നില്ലെന്ന്‌ ജില്ലാ എംപ്ലോയ്‌മെന്റ്‌ ഓഫീസർ ബെന്നി മാത്യു പറഞ്ഞു.

സ്വകാര്യസംരംഭകരുടെ ചെറുതും വലുതുമായ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ലഭിക്കാനുള്ള അവസരമാണ്‌ ഇതിലൂടെ ഒരുങ്ങുന്നത്‌. എൻജിനിയറിങ് ടെക്‌നോളജി, ഐടി, ആരോഗ്യം, ഓട്ടോമൊബൈൽ, ടെക്‌സ്‌റ്റൈൽ, വിദ്യാഭ്യാസം, സെയിൽസ്‌, മാർക്കറ്റിങ്‌ എന്നിങ്ങനെ വ്യത്യസ്‌ത മേഖലകളിലുള്ള തൊഴിൽദായകരാണ്‌ ഉദ്യോഗാർഥികളെ അന്വേഷിക്കുന്നത്‌.

ലുലു, ഭീമ ജ്വല്ലേഴ്‌സ്‌, മലബാർ ഗോൾഡ്‌, ജോയ്‌ ആലുക്കാസ്‌, നിപ്പോൺ ടയോട്ട, ആസ്‌റ്റർ മെഡ്‌സിറ്റി, റിനൈ മെഡിസിറ്റി തുടങ്ങിയ വൻകിട സ്ഥാപനങ്ങൾ ജോബ്‌ഫെയറിന്‌ എത്തുന്നുണ്ട്‌. നൂറിലേറെ കമ്പനികൾ ഇതിനകം രജിസ്‌റ്റർ ചെയ്‌തു.  മൂവായിരത്തിലേറെപ്പേർക്ക്‌ തൊഴിൽ ലഭിക്കുമെന്നാണ്‌ പ്രതീക്ഷ. തൊഴിൽദായകർക്കുള്ള സ്‌റ്റാളുകൾ ഉൾപ്പെടെ സൗകര്യങ്ങൾ സൗജന്യമായാണ്‌ നൽകിവരുന്നതെന്ന്‌ ജില്ലാ എംപ്ലോയ്‌മെന്റ്‌ ഓഫീസർ പറഞ്ഞു.

എസ്‌എസ്‌എൽസി മുതൽ ബിരുദാനന്തരബിരുദം, പാരാമെഡിക്കൽ, ഐടിഐ, ഡിപ്ലോമ, ബിടെക്‌ തുടങ്ങിയ യോഗ്യതയുള്ളവർക്കും തൊഴിൽപരിചയമുള്ളവർക്കും ഇല്ലാത്തവർക്കും ജോബ്‌ഫെയറിൽ പങ്കെടുക്കാം. ഉദ്യോഗാർഥികൾക്ക്‌ വേണ്ട യോഗ്യതയും തൊഴിൽപരിചയവും തൊഴിൽദായകർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റിൽ പേര്‌ രജിസ്റ്റർ ചെയ്‌ത്‌ ലോഗിൻ ചെയ്‌താൽ ഈ വിവരങ്ങൾ അറിയാം. കൂടുതൽ വിവരങ്ങൾ കാക്കനാട് കലക്‌ടറേറ്റിലെ എംപ്ലോയബിലിറ്റി സെന്ററിലെ ഹെൽപ്പ്‌ ഡെസ്‌കിലെത്തി നേരിട്ട്‌ അറിയാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top