26 April Friday

ഹേമന്തിന‌് ശമ്പളം 50 ലക്ഷം; റെക്കോഡിൽ എൻഐടി ക്യാമ്പസ‌് പ്ലേസ‌്മെന്റ‌്

എം ജഷീനUpdated: Friday May 10, 2019

കോഴിക്കോട‌്> എൻഐടിയിൽ ബിടെക‌് കംപ്യൂട്ടർ സയൻസ‌് വിദ്യാർഥിയാണ‌് ആന്ധ്ര സ്വദേശി ഹേമന്ത്‌. കോഴ‌്സ‌് കഴിഞ്ഞ‌്  ഈ മാസം ഇറങ്ങുമ്പോൾ ഹേമന്ത്‌ വെറും വിദ്യാർഥിയല്ല, 50 ലക്ഷം രൂപ വാർഷിക ശമ്പളം വാങ്ങാൻ  പോകുന്ന ഉദ്യോഗസ്ഥനാണ‌്.  ക്യാമ്പസിലേക്ക‌്  മിടുക്കരെ തപ്പിയിറങ്ങിയ അന്താരാഷ‌്ട്ര കമ്പനി ആർടിഫാക്ട‌് ആണ‌് പഠനം കഴിയും മുമ്പ‌്  എൻഐടിയിലെ റെക്കോർഡ‌് ശമ്പളത്തിൽ ഹേമന്തിനെ ‘പൊക്കി’യത‌്.  ഇങ്ങനെ ഒന്നും രണ്ടുമല്ല, 606 വിദ്യാർഥികളാണ‌് ശരാശരി 10 ലക്ഷം രൂപ ശമ്പളത്തിൽ  എൻഐടിയിൽനിന്ന‌് ഇത്തവണ ക്യാമ്പസ‌് പ്ലേസ‌്മെന്റ‌് നേടിയത‌്.

ഏറ്റവും ഉയർന്ന ശമ്പളവും  കൂടുതൽ പേർക്ക‌് ജോലിയും ലഭ്യമാക്കിയ റെക്കോർഡ‌് പ്ലേസ‌്മെന്റാണ‌് ഈ വർഷം  എൻഐടിയിൽ നടന്നത‌്.  ഇതിന‌് പുറമെ മൂന്ന‌്  അന്താരാഷ‌്ട്ര കമ്പനികൾ ആദ്യമായി പങ്കെടുത്തെന്ന പ്രത്യേകതയും ഉണ്ട‌്. ഇത്തവണ 87 ശതമാനം പേർക്കാണ‌് ജോലി ലഭിച്ചത‌്. 2018ൽ ഇത‌് 74 ശതമാനം ആണ‌്.

വിദ്യാർഥികളുടെ കഴിവിനൊപ്പം  എൻഐടിയുടെ എൻഐആർഎഫ‌്(നാഷണൽ ഇൻസ‌്റ്റിറ്റ്യൂഷണൽ റാങ്കിങ‌് ഫ്രെയിം വർക്ക‌്) റാങ്ക‌്  ഉയർന്നതും  തൊഴിൽ സാധ്യതകൾ വർധിച്ചതിന‌് കാരണമായി. റിക്രൂട്ട‌്മെന്റിന‌് കമ്പനികളെ ക്യാമ്പസിൽ എത്തിക്കാൻ പ്രതിസന്ധി സൃഷ്ടിച്ച‌്   നിപായും പ്രളയവും ഉണ്ടായിരുന്നിട്ടും അതിനെ അതിജീവിച്ച‌് വലിയ വിജയം നേടാനായത‌് എൻഐടിയുടെ നേട്ടമാണ‌്.

ബ്രിട്ടൻ, ഓസ‌്ട്രേലിയ, മധ്യേഷ്യ എന്നിവിടങ്ങളിൽനിന്നുള്ള മൂന്ന‌് എണ്ണമടക്കം 130 കമ്പനികളാണ‌് പങ്കെടുത്തത‌്.  കുറേ വർഷങ്ങൾക്ക‌ുശേഷമുള്ള ഉയർന്ന ശമ്പളമാണ‌് ഇത്തവണ കമ്പനികൾ വാഗ‌്ദാനം ചെയ‌്തത‌്. 2018ൽ 40 ലക്ഷമായിരുന്ന ഉയർന്ന ശമ്പളം. ഈ വർഷം 50 ലക്ഷമായി. ശരാശരി ശമ്പളത്തിലും വർധനയുണ്ട‌്.  8.5 ലക്ഷമായിരുന്നത‌് ഈ വർഷം 10 ലക്ഷമായി. ബിടെക‌്, എംടെക‌് വിദ്യാർഥികൾക്ക‌് പുറമെ പിഎച്ച‌്ഡി ചെയ്യുന്ന മൂന്ന‌് പേർക്കും ജോലി കിട്ടിയിട്ടുണ്ട‌്. നിയമനം നേടിയ 606 കുട്ടികളിൽ 180 പേർ പെൺകുട്ടികളാണ‌്.

ബിടെക‌് കംപ്യൂട്ടർ സയൻസ‌് (121ൽ 120ഉം), ഇലക‌്ട്രോണിക‌്സ‌് (98ൽ 92) എന്നീ കോഴ‌്സുകളിലാണ‌് കൂടുതൽ പേർക്ക‌് ജോലി കിട്ടിയത‌്. കംപ്യൂട്ടർ സയൻസിൽ  ശരാശരി ശമ്പളം 12.5 ലക്ഷവും ഇലക‌്ട്രോണിക‌്സിൽ 9.16 ലക്ഷവുമാണ‌്.  എൽഎൻടി, ഒറാസി, ടാർഗറ്റ‌്, ആംടോക‌്സ‌്, എംആർഎഫ‌്, ആമസോൺ, മൈക്രോസോഫ‌്ട‌്, മൾട്ടിപ്ലക‌്സ‌്, ജനറൽ ഇലക‌്ട്രിക‌്, ഇന്റൽ, അഡോബി, മോർഗൻ സ‌്റ്റാൻലി, മാരുതി സുസുക്കി, ജെപി മോർഗാൻ തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം പ്ലേസ‌്മെന്റിൽ പങ്കെടുത്തു. കെട്ടിട നിർമാണം, ഉൽപ്പാദനം, ഓട്ടോമൊബൈൽ,  ബാങ്കിങ‌് ആൻഡ‌് ഫിനാൻസ‌്, ഓയിൽ ആൻഡ‌് ഗ്യാസ‌്, ഓൺലൈൻ ട്യൂട്ടറിങ‌് തുടങ്ങിയ  മേഖലകളിലാണ‌് വിദ്യാർഥികൾക്ക‌് നിയമനം ലഭിച്ചത‌്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top