29 March Friday

കോവിഡ് ആഘാതം : കൊച്ചി തുറമുഖത്ത് ചരക്കുനീക്കം കുറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 13, 2020

കൊച്ചി
കോവിഡ് മഹാമാരി ലോക സമ്പദ്‌വ്യവസ്ഥയെ സ്തംഭിപ്പിച്ചതോടെ കൊച്ചി തുറമുഖത്തുനിന്നുള്ള ചരക്കുനീക്കം ​ഗണ്യമായി കുറഞ്ഞു. നടപ്പ് സാമ്പത്തികവർഷത്തിന്റെ ഏപ്രിൽമുതൽ സെപ്തംബർവരെയുള്ള ആദ്യപകുതിയിൽ കൊച്ചി തുറമുഖത്ത് കൈകാര്യം ചെയ്തത് 12.58 ദശലക്ഷം മെട്രിക് ടൺ ചരക്കാണ്. കഴിഞ്ഞ സാമ്പത്തികവർഷത്തിലെ ഇതേ കാലയളവുമായി തട്ടിച്ചുനോക്കുമ്പോൾ ചരക്കുനീക്കത്തിൽ 24.42 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നതെന്ന് തുറമുഖ അധികൃതർ വ്യക്തമാക്കി. 

കഴിഞ്ഞ ആറുമാസത്തിനുള്ളിൽ കൊച്ചി തുറമുഖം വഴിയുള്ള പെട്രോൾ, ഓയിൽ, ലൂബ്രിക്കന്റ്‌ ഉൽപ്പന്നങ്ങളുടെ കയറ്റുമതി 7.20 ദശലക്ഷം മെട്രിക് ടണ്ണായിരുന്നു. 33.98 ശതമാനമാണ് ഈ വിഭാ​ഗത്തിൽ ഇടിവുണ്ടായിരിക്കുന്നത്. കോവിഡ് മൂലം ആ​ഗോളതലത്തിൽത്തന്നെ യാത്രവാഹന ​ഗതാ​ഗതവും ചരക്കുനീക്കവും കുത്തനെ കുറഞ്ഞതും വിമാന സർവീസുകൾ നിലച്ചതുമാണ് പെട്രോളിയം ഉൽപ്പന്നങ്ങളുടെ  കയറ്റുമതി കുറയുന്നതിന് കാരണമായത്.

കൊച്ചി തുറമുഖത്ത് ഈ കാലയളവിൽ 2.85 ലക്ഷം ടിഇയു കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തത്. മുൻ സാമ്പത്തികവർഷത്തിന്റെ ആദ്യപകുതിയെ അപേക്ഷിച്ച് 8.90 ശതമാനമാണ് ഇതിൽ കുറവ് വന്നിരിക്കുന്നത്. എന്നാൽ, കോവിഡ്‌ ആഘാതത്തിൽനിന്ന്‌ വിപണി തിരിച്ചുവരുന്നതിന്റെ സൂചനകൾ നൽകിക്കൊണ്ട്  സെപ്തംബറിൽ കഴിഞ്ഞവർഷത്തേക്കാൾ 9.23 ശതമാനം വളർച്ച കൈവരിച്ചെന്നും കൊച്ചി തുറമുഖ ട്രസ്റ്റിന്റെ കണക്കുകൾ പറയുന്നു.

വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽനിന്ന് സെപ്തംബറിൽ കൈകാര്യം ചെയ്തത് 62,472 ടിഇയു കണ്ടെയ്നറുകളാണ്. ഒരുമാസത്തിനുള്ളിൽ കൈകാര്യം ചെയ്യുന്ന കണ്ടെയ്നറുകളുടെ കാര്യത്തിൽ ഇതൊരു പുതിയ റെക്കോഡാണെന്നും തുറമുഖ അധികൃതർ അറിയിച്ചു. കയർ, ഭക്ഷ്യവസ്തുക്കൾ, ടെക്സ്റ്റൈൽ, ​ഗാർമെന്റ്‌സ്‌, സമുദ്രോൽപ്പന്നങ്ങൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ തുടങ്ങിയവയാണ് കൊച്ചി തുറമുഖത്തുനിന്ന്‌ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top