24 April Wednesday

ട്രാക്കോ കേബിളിന് 86 കോടി രൂപയുടെ പുതിയ ഓർഡര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020

കൊച്ചി
കേബിൾ നിർമാണമേഖലയിലെ സംസ്ഥാന പൊതുമേഖലാസ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിക്ക്‌ കെഎസ്ഇബിയിൽനിന്ന്‌ 86 കോടി രൂപയുടെ പുതിയ ഓർഡർ ലഭിച്ചു. നിലവിലുള്ള 70 കോടി രൂപയുടെ ഓർഡറിന് പുറമെയാണിത്. ഇതോടെ കമ്പനിയുടെ ഇപ്പോഴത്തെ മൊത്തം ഓർഡർ 187 കോടി രൂപയിലെത്തി. ഇതിൽ പഞ്ചാബ്, രാജസ്ഥാൻ ഇലക്ട്രിസിറ്റി  ബോർഡുകളുടെതും ഉൾപ്പെടുന്നു.

പുതിയ ഓർഡറിൽ 76 കോടി രൂപ നാല് മാസത്തിനുള്ളിൽ 18,000 കിലോമീറ്റർ എസിഎസ്ആർ കണ്ടക്റ്ററുകൾ (അലൂമിനിയം കമ്പി) നൽകുന്നതിനും  ബാക്കി ഒരുവർഷത്തിനുള്ളിൽ ഒരുലക്ഷം കോയിൽ (10,000 കിലോമീറ്റർ) വെതർ പ്രൂഫ് കേബിൾ (വീടുകളിലേക്കും മറ്റും വൈദ്യുതി ലഭ്യമാക്കുന്ന സർവീസ് വയറുകൾ) നൽകുന്നതിനുമാണ്.

സംസ്ഥാന സർക്കാർ കഴിഞ്ഞ ബജറ്റിൽ ട്രാക്കോ കേബിളിന് അഞ്ചു കോടി രൂപ മൂലധനം അനുവദിച്ചിരുന്നു.  ഇത് ഉപയോ​ഗപ്പെടുത്തി പുതിയ യന്ത്രങ്ങളും അനുബന്ധസാമ​ഗ്രികളും വാങ്ങി കമ്പനി ഉൽപ്പാദന ക്ഷമത വർധിപ്പിച്ചു. കൂടാതെ, സർക്കാരിൽനിന്നുതന്നെ പ്രവർത്തന മൂലധനമായി ലഭിച്ച നാലു കോടി രൂപകൊണ്ട് അസംസ്കൃത വസ്തുക്കളും മറ്റും കൂടുതലായി വാങ്ങി ഉൽപ്പാദനം വർധിപ്പിച്ച് പ്രതിവർഷം 35 കോടി രൂപയുടെ അധിക വിറ്റുവരവ് നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രാക്കോ കേബിളിന്റെ മാനേജിങ് ഡയറക്ടർ പ്രസാദ് മാത്യു പറഞ്ഞു.

ട്രാക്കോ കേബിളിന് എറണാകുളത്തെ ഇരുമ്പനം, തിരുവല്ലയിലെ ചുമത്തറ, കണ്ണൂരിലെ പിണറായി എന്നിവിടങ്ങളിലായി മൂന്ന് നിർമാണ യൂണിറ്റുകളാണുള്ളത്. ഇരുമ്പനത്ത് പ്രധാനമായും എസിഎസ്ആർ കണ്ടക്റ്ററുകൾ, എഎസി കണ്ടക്റ്ററുകൾ, കൺട്രോൾ കേബിൾ തുടങ്ങിയവയും ചുമത്തറയിൽ എൽടി, എച്ച്ടി കേബിളുകളും പിണറായി യൂണിറ്റിൽ വീട് വയറിങ് കേബിളുകളുമാണ് ഉൽപ്പാദിപ്പിക്കുന്നത്. 

കേന്ദ്ര ഗവൺമെന്റ്‌ സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ അടക്കമുള്ള മുൻനിര ഉൽപ്പാദകരിൽനിന്ന് ഗുണനിലവാരമുള്ള ചെമ്പ് വാങ്ങുന്നതിനാൽ വീട് വയറിങ് കേബിളുകളടക്കം ഉന്നത ഗുണനിലവാരമുള്ള  ഉൽപ്പന്നങ്ങളാണ്  കമ്പനി ലഭ്യമാക്കുന്നതെന്ന് എംഡി വ്യക്തമാക്കി. കോവിഡ് കാലത്തും മികച്ച ഓർഡറുകൾ ഉള്ളതിനാൽ 2020–-21 സാമ്പത്തിക വർഷത്തിൽ 195 കോടി രൂപയുടെ വിറ്റുവരവ് നേടാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top