16 April Tuesday

ടിസിസി കുതിപ്പ് തുടരുന്നു; ലാഭം 25 കോടി പിന്നിട്ടു

കെ പി വേണുUpdated: Monday Apr 16, 2018

 റ്റവും വലിയ സംസ്ഥാന പൊതുമേഖലാ വ്യവസായശാലയായ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് 2017  18 വർഷവും മികച്ച ലാഭത്തിലേക്ക്. 25 കോടിയാണ് ലാഭം പ്രതീക്ഷിച്ചതെങ്കിലും ഇത് കവിയുമെന്നാണ് കരുതുന്നത്. 2015  16 വരെ തുടർച്ചയായി നഷ്ടം രേഖപ്പെടുത്തിയ വർഷങ്ങൾക്കുശേഷം ശക്തമായ മാനേജ്മെന്റ് ഇടപെടലുകളിലൂടെ 2016   17 സാമ്പത്തികവർഷംമുതൽ ലാഭത്തിലേക്കു തിരിച്ചുകയറുകയായിരുന്നു. 2016 മേയിൽ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായിരുന്നില്ലെങ്കിൽ ഒരുപക്ഷെ ഈ സ്ഥാപനം നിലനിൽക്കുക പോലുമില്ലായിരുന്നു. 2016  17 ലെ മാത്രം നഷ്ടം 7.37 കോടിയായിരുന്നു. ആ വർഷം ആർജിതനഷ്ടം 25.36 കോടിയിലെത്തി.

തുടർച്ചയായ നഷ്ടം മൂലധനച്ചോർച്ച ഉണ്ടാക്കി. കമ്പനിയെ പീഡിത വ്യവസായമായി പ്രഖ്യാപിക്കുന്ന സഥിതിയിലേക്ക് എത്തുകയും ചെയ്തു. തൊഴിലാളികൾ ഇനി എന്തെന്ന് ആശങ്കപ്പെടുമ്പോഴാണ് ഭരണമാറ്റം ഉണ്ടായത്. എച്ച്ഐഎൽ സിഎംഡി ആയിരിക്കെ സ്ഥാപനത്തെ തുടർച്ചയായ നഷ്ടത്തിൽനിന്ന് ലാഭത്തിലേക്കെത്തിച്ച കെ ഹരികുമാറിനെ എൽഡിഎഫ് സർക്കാർ ടിസിസി മാനേജിങ് ഡയറക്ടറാക്കി. 10 വർഷത്തിലധികം എച്ച്ഐഎലിൽ ജോലിചെയ്ത കാലത്താകെ ആ സ്ഥാപനത്തെ ലാഭത്തിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. നല്ല പ്രവർത്തന ചരിത്രമുള്ള എംഡിയെ കണ്ടെത്തി ടിസിസിയുടെ ചുമതല ഏൽപ്പിക്കുകയും സർക്കാർ കലവറയില്ലാത്ത പിന്തുണ നൽകുകയും ചെയ്തതോടെ കമ്പനി ലാഭത്തിലേക്ക് പ്രയാണം തുടങ്ങി. ഉൽപ്പാദനച്ചെലവിൽ തൊഴിലാളികളുടെ കൂലിയും ആനുകൂല്യങ്ങളും ഏറ്റവും ഉയർന്ന അനുപാതം കാണിക്കുന്ന വ്യവസായശാലയാണ് ടിസിസി.

കേരളത്തിനകത്തും പുറത്തുമുള്ള മറ്റു കമ്പനികളിൽ വിറ്റുവരവിന്റെ എട്ടുമുതൽ 10 ശതമാനംവരെയാണിത്. എന്നാൽ ടിസിസിയിൽ ഇത് 28 ശതമാനമാണ്. നേരത്തെ ഇത് 35 ശതമാനമായിരുന്നു. എന്നാൽ തൊഴിലാളികളുടെ വേതനവും ആനുകൂല്യങ്ങളും കുറയ്ക്കാതെ കമ്പനിയുടെ ഉൽപ്പാദനശേഷി പരമാവധി ഉപയോഗിക്കുക എന്നതാണ് കമ്പനിയെ നേട്ടത്തിലെത്തിക്കാൻ സ്വീകരിച്ച സമീപനം. അത് 100 ശതമാനത്തിൽ നിന്ന് 104 ലേക്കും തുടർന്ന് 105 ശതമാനത്തിലേക്കും പിന്നെ 110 ലേക്കും വർധിപ്പിച്ചു. അതുവഴി ഉൽപ്പാദനച്ചെലവും തൊഴിലാളിച്ചെലവിന്റെ പങ്കും കുറയുകയും ചെയ്തു. ഒരുദിവസം 175 ടൺ ഉൽപ്പാദനമായിരുന്നത് 250 വരെയാക്കി ഉയർത്തുകയാണ് ലക്ഷ്യം. ഇതിന് അംഗീകാരം ലഭിക്കുകയും പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു. ഇതിന്റെ ഫലം പ്രകടമായിരുന്നു.1617 വർഷം 6.21 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുൻവർഷത്തെ 7.37 കോടി നഷ്ടം കണക്കിലെടുത്താൽ യഥാർഥ ലാഭം 13.58 കോടി ആണെന്ന് കാണാം. 2017 18 വർഷം ലാഭം 25 കോടി കവിയുമെന്ന് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ കെ വിജയകുമാർ പറഞ്ഞു.

1951ലാണ് കമ്പനി ആരംഭിച്ചത്. 54ൽ 20 ടൺ കാസ്റ്റിക് സോഡയായിരുന്നു പ്രതിദിന ഉൽപ്പാദനം. രാജ്യത്തെ ആദ്യത്തെ റയോൺ ഗ്രേഡ് കാസ്റ്റിക് സോഡ ഉൽപ്പാദകരാണ്. രാജ്യത്തെ മൂന്നു ശതമാനം കാസ്റ്റിക് സോഡ ഉൽപ്പാദനം ടിസിസിയുടേതാണ്. ക്ലോറിൻ, ഹൈഡ്രോ ക്ലോറിക് ആസിഡ് തുടങ്ങിയവയാണ് മറ്റ് ഉൽപ്പന്നങ്ങൾ. കേരളത്തിൽ കെഎംഎംഎൽ, ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ്, ഫാക്ട്, സിഎംആർഎൽ എന്നീ കമ്പനികളിലേക്കും പുറത്ത് തമിഴ്നാട് ന്യൂസ് പ്രിന്റ്, എംആർപിഎൽ, മാംഗളൂർ ഫെർട്ടിലൈസേഴ്സ്, മധുര കോട്സ്, ഗ്രാസിം തുടങ്ങിയ കമ്പനികൾക്കും ടിസിസി ഉൽപ്പന്നങ്ങൾ നൽകുന്നുണ്ട്. കടുത്ത മത്സരമുള്ളതാണ് വിപണി.

ലാഭത്തിന്റെ വഴികള്‍

 പ്രധാനമായും മൂന്ന് വഴികളിലൂടെയാണ് ടിസിസി ലാഭത്തിലേക്കെത്തിയത്. ശേഷിയുടെ പരമാവധി ഉപയോഗം സാധ്യമാക്കുകയാണ് ആദ്യത്തേത്. പുതിയ പദ്ധതികൾവഴി ഉൽപ്പാദനം ഉയർത്തുക. രണ്ടാമത്തെവഴി പ്രവർത്തനച്ചെലവ് കുറയ്ക്കലാണ്. ഒരു ടൺ കാസ്റ്റിക് സോഡ ഉൽപ്പാദനത്തിന് 2300 യൂണിറ്റ് വൈദ്യുതി എന്നത് പുതിയ പ്ലാന്റ് വരുമ്പോൾ 2000 യൂണിറ്റായി കുറയും. ഹൈഡ്രോക്ലോറിക് ആസിഡ് നിർമാണം താപമോചക പ്രവർത്തനമാണ്. നിലവിൽ പ്ലാന്റ് പുറത്തുവിടുന്ന ഉയർന്ന ഊഷ്മാവിലുള്ള നീരാവിയെ തണുപ്പിച്ചുകളയുകയായിരുന്നു. എന്നാൽ ഈ നീരാവികൊണ്ട് പ്രവർത്തിപ്പിക്കാവുന്ന പുതിയ പ്ലാന്റ് നിലവിൽവരുന്നതോടെ ചെലവ് കുറച്ച് ഇനിയും ഉൽപ്പാദനം കൂട്ടാനാകും. പ്രതിവർഷം മൂന്നുകോടി ലാഭം പ്രതീക്ഷിക്കുന്ന പദ്ധതി സർക്കാർ അനുമതിക്ക് സമർപ്പിച്ചിരിക്കയാണ്. അനുയോജ്യമായ വിപണി കണ്ടെത്തലാണ് മൂന്നാമത്തെ മാർഗം.

ഉൽപ്പന്നത്തിന്റെ വില നിശ്ചയിക്കുന്നത് വിപണിയാണ്. കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നം കൊടുക്കണമെങ്കിൽ ദുരച്ചെലവ് കുറഞ്ഞ വിപണി കണ്ടെത്തണം. ബിപിസിഎൽ, കെഎംഎംഎൽ എന്നിവ വികസനത്തിന്റെ പാതയിലാണ് എന്നത് ടിസിസിക്ക് പ്രതീക്ഷ നൽകുന്നു. ഒരുവിധ മലിനീകരണവും ഇല്ലാതെയാണ് കമ്പനി പ്രവർത്തിക്കുന്നതെന്ന് എംഡി പറഞ്ഞു. നേരത്തെ മെർക്കുറി സാങ്കേതികവിദ്യയിലൂടെയാണ് ഉൽപ്പാദനം നടത്തിയിരുന്നത്. 2003ൽ ടെക്നോളജി മാറി. ഇപ്പോൾ സീറോ ഡിസ്ചാർജ് നിലയിലാണ്. ഒരുതുള്ളി മലിനജലംപോലും പെരിയാറിലേക്ക് ഒഴുക്കുന്നില്ല. പാഴ്ജലം ശുദ്ധീകരിച്ച് വിവിധ ആവശ്യങ്ങൾക്കായി കമ്പനിയിൽതന്നെ ഉപയോഗിക്കുകയാണ്. ഐഎസ്ഒയുടെ 8000, 9000, 24000 തുടങ്ങിയ ഗുണമേന്മാ സർട്ടിഫിക്കറ്റുകൾ നേടിയിട്ടുണ്ട്. ബിഇഇയുടെ എനർജി എഫിഷ്യൻസി സർട്ടിഫിക്കറ്റും കമ്പനി നേടിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതി ഉപഭോക്താവാണ് ടിസിസി. 4.8 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിന ഉപഭോഗം. ഉൽപ്പാദനച്ചെലവിന്റെ 50 ശതമാനത്തോളം വൈദ്യുത ചെലവാണ്. നേരത്തെ പവർ ട്രേഡിങ് കോർപറേഷൻവഴി എവിടെനിന്നും വൈദ്യുതി വാങ്ങാൻ ഓപ്പൺ ആക്സസ് ലൈസൻസ് ഉണ്ടായിരുന്നു. 2013 മുതൽ അത് സാധ്യമായിരുന്നില്ല.് കെഎസ്ഇബിയിൽനിന്ന് അവർ നിശ്ചയിക്കുന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടതായി വന്നു. നഷ്ടത്തിന് ഇതും കാരണമായി. എൽഡിഎഫ് സർക്കാർ വന്നതോടെയാണ് ഓപ്പൺ ആക്സസ് പുനഃസ്ഥാപിച്ചത്. ഇത് ലാഭത്തിലേക്കുള്ള വഴി എളുപ്പമാക്കി. കെഎസ്ഇബി, കെഎഫ്സി എന്നിവയ്ക്കുണ്ടായിരുന്ന ഭീമമായ കുടിശ്ശികയും തൊഴിലാളികൾക്കു കൊടുക്കേണ്ടിയിരുന്ന ആനുകൂല്യങ്ങളുടെ കുടിശ്ശികയുമൊക്കെ തീർത്താണ് കമ്പനി മികച്ച ലാഭത്തിൽ തുടരുന്നത്. സംതൃപ്തരായ തൊഴിലാളികളും താങ്ങായിനിൽക്കുന്ന സംസ്ഥാന സർക്കാരും ദുരക്കാഴ്ചയോടെ പ്രവർത്തിക്കുന്ന മാനേജ്മെന്റുമാണ് ഇന്ന് ടിസിസിയുടെ യഥാർഥ ശക്തി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top