27 April Saturday

ഭവനവായ്പയ‌്ക്കുള്ള നികുതി ഇളവുകൾ പ്രയോജനപ്പെടുത്താം

കെ അരവിന്ദ്‌Updated: Monday Jul 23, 2018

പല നികുതിദായകരും ഭവനവായ്പയുമായി ബന്ധപ്പെട്ട ചില നികുതി ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താതെ പോകാറുണ്ട്. ഭവനവായ്പയിന്മേൽ ലഭ്യമാകുന്ന നികുതി ഇളവുകളെക്കുറിച്ച് ശരിയായി മനസ്സിലാക്കിയാൽ ഇത്തരം പിഴവുകൾ ഒഴിവാക്കാം. ആദായനികുതി നിയമം സെക്ഷൻ 24 പ്രകാരം ഭവനവായ്പയുടെ പലിശയ്ക്ക് നികുതിയിളവ് ലഭ്യമാണ്. ഇഎംഐ തിരിച്ചടവ് ചില മാസങ്ങളിൽ മുടങ്ങിയാലും നികുതിയിളവ് അവകാശപ്പെടാവുന്നതാണ്. വായ്പയുടെ പലിശയിനത്തിലുള്ള ബാധ്യത നിലനിൽക്കുന്നിടത്തോളം നികുതിയിളവിന് അർഹതയുണ്ട്.

ഇങ്ങനെ നികുതിയിളവ് നേടിയെടുക്കുമ്പോൾ വായ്പയെടുത്ത ബാങ്കോ ധനകാര്യസ്ഥാപനമോ നൽകുന്ന പലിശ സർട്ടിഫിക്കറ്റിന്റെ പകർപ്പ് സൂക്ഷിക്കുന്നത് നല്ലതാണ‌്. വായ്പാതുക, പലിശബാധ്യത തുടങ്ങിയവ ഈ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്നതിനാൽ ആദായനികുതിവകുപ്പിൽനിന്ന‌് ഏതെങ്കിലും തരത്തിലുള്ള ചോദ്യങ്ങളുണ്ടാകുകയാണെങ്കിൽ ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വിശദീകരണം നൽകാം. ഭവനം വാങ്ങുകയോ നിർമിക്കുകയോ ചെയ്ത് രണ്ടുവർഷത്തിനുശേഷം വിൽക്കുകയാണെങ്കിൽ ദീർഘകാല മൂലധന നേട്ട നികുതിയാകും ബാധകമാകുക. നേരത്തെ മൂന്നുവർഷത്തിനുമുമ്പ് വിൽക്കുകയാണെങ്കിൽ ഹ്രസ്വകാല മൂലധനനേട്ട നികുതി നൽകേണ്ടതുണ്ടായിരുന്നു.

അതേസമയം ഭവനം വാങ്ങുകയോ നിർമിക്കുകയോ ചെയ്തശേഷം അ ഞ്ചുവർഷത്തിനുള്ളിൽ വിൽക്കുകയാണെങ്കിൽ നികുതി ആനുകൂല്യം നഷ്ടമാകും. നേരത്തെ നികുതിയിളവായി നേടിയ തുക ഭവനം വിറ്റ വർഷത്തെ വരുമാനത്തിനൊപ്പം ചേർക്കേണ്ടിവരും. അഞ്ചുവർഷത്തിനുള്ളിൽ വിൽക്കുകയാണെങ്കിൽ നേരത്തെ നികുതിയിളവായി നേടിയെടുത്ത തുക വരുമാനത്തിനൊപ്പം ചേർക്കണമെന്ന വ്യവസ്ഥ ആദായനികുതി നിയമം 80 സിക്ക് മാത്രമാണ് ബാധകം. ആദ്യവർഷങ്ങളിൽ ഇഎംഐയുടെ ഏറിയപങ്കും പലിശയിനത്തിലേക്കാണ് പോകുന്നതെന്നതിനാൽ ഇങ്ങനെ തിരിച്ചടയ‌്ക്കേണ്ടി വരുന്നത് താരതമ്യേന  ചെറിയ തുകയാകും. ആദായനികുതിനിയമം 80സി പ്രകാരം മൂലധനയിനത്തിലുള്ള തിരിച്ചടവിനാണ് നികുതിയിളവ് ലഭിക്കുന്നത്. ഇത് ആദ്യവർഷങ്ങളിൽ ഇഎംഐയുടെ ചെറിയ പങ്ക് മാത്രമാണ്.

ഇഎംഐ അടയ്ക്കുന്നതുകൊണ്ടു മാത്രം നികുതി ആനുകൂല്യം ലഭിക്കില്ല. ഭവനത്തിന്റെ ഉടമ നിങ്ങളാണെങ്കിൽ മാത്രമേ നികുതിയിളവിന് അർഹതയുണ്ടാകൂ. മാതാപിതാക്കളുടെയോ ജീവിതപങ്കാളിയുടെയോ ഉടമസ്ഥതയിലുള്ള ഭവനത്തിനായി എടുത്ത വായ്പയുടെ തിരിച്ചടവ്  നടത്തുന്നവർക്ക് നികുതി ആനുകൂല്യം നഷ്ടമാകും. ഭവനം ഭാര്യയുടെയും ഭർത്താവിന്റെയും ഉടമസ്ഥതയിൽ ആകുകയും ഇരുവരും സംയുക്തമായി ഭവനവായ്പയെടുക്കുകയും ചെയ്യുകയാണെങ്കിൽ ഇരുവർക്കും നികുതിയിളവ് അവകാശപ്പെടാം. അതേസമയം ജീവിതപങ്കാളിക്കൊപ്പം ഭവനത്തിന്റെ സംയുക്ത ഉടമസ്ഥത ഉണ്ടെങ്കിൽക്കൂടി വായ്പയെടുത്തത് പങ്കാളിയുടെ പേരിൽ മാത്രമാണെങ്കിൽ നിങ്ങൾക്ക് ഇളവ് ലഭിക്കില്ല.

ഭവനത്തിന്റെ നിർമാണവേളയിൽ തിരിച്ചടച്ച പലിശയ്ക്കുള്ള നികുതിയിളവിന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിച്ചശേഷമേ അർഹതയുണ്ടാവുകയുള്ളൂ. നിർമാണവേളയിൽ തിരിച്ചടച്ച പലിശയിന്മേലുള്ള നികുതിയിളവ് ഭവനത്തിന്റെ നിർമാണം പൂർത്തിയായശേഷമുള്ള ആദ്യത്തെ അഞ്ച് വർഷം തുല്യമായി നേടിയെടുക്കാം. അതായത് ഭവന നിർമാണം പൂർത്തിയായ വർഷത്തിൽ ആ വർഷം തിരിച്ചടച്ച പലിശയും നിർമാണവേളയിൽ തിരിച്ചടച്ച മൊത്തം പലിശയുടെ അഞ്ചിലൊന്നും ചേർത്ത് നികുതിയിളവ് നേടിയെടുക്കാം. ഇത് അഞ്ചുവർഷം തുടരാം.

തന്റെ ഉടമസ്ഥതയിലുള്ളതും താമസിക്കുന്നതുമായ ഭവനത്തിനായി എടുത്ത വായ്പയുടെ രണ്ടരലക്ഷം രൂപവരെയുള്ള പലിശയ്ക്കാണ് നികുതിയിളവ് നേടാനാകുക. വാടകയ്ക്കായി നൽകിയ വീടിനായി എടുത്ത ഭവനവായ്പയുടെ പലിശയുടെ നികുതി ഇളവിനും ഈ പരിധി ബാധകമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top