09 December Saturday

തകർച്ചയിൽ നിന്ന് തിരിച്ചുവരവിന് അവസരം ലഭിക്കാതെ ഓഹരി വിപണി

കെ ബി ഉദയ ഭാനുUpdated: Sunday Aug 27, 2023

ഓഹരി വിപണിക്ക് തളര്‍ച്ചയില്‍ നിന്നും തിരിച്ചു വരവിന് അവസരം ലഭിച്ചില്ല. വിദേശ ധനകാര്യസ്ഥാപനങ്ങള്‍ സൃഷ്ടിച്ച വില്‍പ്പന തരംഗത്തിന് മുന്നില്‍ തുടര്‍ച്ചയായ അഞ്ചാം വാരത്തിലും വിപണിയുടെ കാലിടറി. ആഭ്യന്തര ഫണ്ടുകള്‍ വന്‍ നിക്ഷേപം ഇറക്കി തകര്‍ച്ചയില്‍ നിന്നും ഓഹരി സൂചികയെ കൈപിടിച്ച് ഉയര്‍ത്താന്‍ നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല.

ഏകദേശം 8500 കോടി രൂപ നിക്ഷേപിച്ച് വിപണിക്ക് പുതുജീവന്‍ പകരാന്‍ ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ ശ്രമിച്ചു. എന്നാല്‍ ഈ നീക്കം തകര്‍ക്കാന്‍ വിദേശ ശക്തികള്‍ വെളളിയാഴ്ച്ച ഒറ്റ ദിവസം 4638 കോടി രൂപയുടെ ഓഹരികള്‍ പിന്‍വലിച്ചത് വിപണിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. സെന്‍സെക്‌സ് 62 പോയിന്റ്റും നിഫ്റ്റി 44 പോയിന്റ്റും പ്രതിവാര നഷ്ടത്തിലായി. ഏഷ്യന്‍ ഓഹരി വിപണികള്‍ പലതും വാരാന്ത്യം തളര്‍ച്ചയിലാണ്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പലിശ നിരക്ക് ഉയര്‍ത്തുക മാത്രം ഏക മാര്‍ഗ്ഗമെന്ന യു എസ് ഫെഡ് റിസര്‍വ് ചെയര്‍മാന്റ്റ വിലയിരുത്തല്‍ സാന്പത്തിക മേഖലയെ വീണ്ടും പിടിച്ച് ഉലയ്ക്കാം. നിരക്ക് വര്‍ദ്ധനയുമായി പൊരുത്തപ്പെടാന്‍ ഒരുങ്ങണമെന്ന ഫെഡ് ചെയര്‍മാന്റ്റ ആഹ്വാനം യു എസ്‌യുറോപ്യന്‍ വിപണികളെ ഉഴുത് മറിക്കാം.

നടപ്പ് വര്‍ഷം ഫെഡ് റിസര്‍വ് പല തവണ പലിശ ഉയര്‍ത്തിയ ഫലമായി നാണയപ്പെരുപ്പം അതിന്റ്റ എറ്റവും ഉയര്‍ന്ന തലത്തില്‍ നിന്നും തിരിച്ച് ഇറങ്ങാന്‍ അവസരം ഒരുക്കി. എന്നാല്‍ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഇനിയും യു എസ് കേന്ദ്ര ബാങ്കിനായില്ല. അമേരിക്ക പലിശ ഉയര്‍ത്തിയാല്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന പല വിദേശ ഫണ്ടുകള്‍ ഓഹരിയിലെ ബാധ്യതകള്‍ വിറ്റുമാറാന്‍ ഇടയുണ്ട്.  നിഫ്റ്റി സൂചിക നാലാഴ്ച്ചകളിലെ തിരിച്ചടിയില്‍ നിന്നും കരകയറുമെന്ന് നിഷേപകര്‍ വിലയിരുത്തിയ ഘട്ടത്തില്‍ വിദേശ ഓപ്പറേറ്റര്‍മാര്‍ മുന്‍ നിര രണ്ടാം നിര ഓഹരികളില്‍ സൃഷ്ടിച്ച കനത്ത വില്‍പ്പന വിപണിയുടെ താളം തെറ്റിച്ചു. 19,310 ല്‍ നിന്നും നിഫ്റ്റി 19,584 ല്‍ എത്തിയ ഘട്ടത്തിലാണ് ഫണ്ടുകള്‍ വില്‍പ്പനയ്ക്ക് മത്സരിച്ചത്. ഇതോടെ ആടി ഉലഞ്ഞ നിഫ്റ്റി 19,229 പോയിന്റ്റ് വരെ താഴ്ന്ന ശേഷം വാരാന്ത്യം 19,265 ലാണ്. വിപണി ആഗസ്റ്റ് സീരീസ് സെറ്റില്‍മെന്റിന് ഒരുങ്ങുന്നു. ഊഹക്കച്ചവടക്കാര്‍ വാരമദ്ധ്യം ഷോട്ട് കവറിങിന് ഇറങ്ങിയാല്‍ നീക്കം നടത്തിയാല്‍ സൂചികയില്‍ കുതിപ്പിന് സാധ്യത.
    സെന്‍സെക്‌സ് 64,948 ല്‍ നിന്നും ഏതാണ്ട് ആയിരം പോയിന്റ് മുകളില്‍ 65,900 മറികടന്നത് കണ്ട് വിദേശ ഫണ്ടുകള്‍ ബ്ലൂചിപ്പ് ഓഹരികള്‍ വിറ്റഴിച്ചു. ഇതോടെ 64,600 ലെ താങ്ങ് തകര്‍ത്ത് 64,332 പോയിന്റ്റിലേയ്ക്ക് സെന്‍സെക്‌സ്  ശക്തിപരീക്ഷണ നടത്തിയെങ്കിലും വ്യാപാരാന്ത്യം 64,886 പോയിന്റ്റിലാണ്.

വിപണിയുടെ സാങ്കേതിക വശങ്ങള്‍ വിലയിരുത്തിയാല്‍ ഈവാരം 64,440 ലെ താങ്ങ് നിലനിര്‍ത്തിയാല്‍ 65,623 66,360 ലക്ഷ്യമാക്കി സെപ്റ്റംബറില്‍ വിപണി സഞ്ചരിക്കും. വീണ്ടും തിരുത്തലിന് മുതിര്‍ന്നാല്‍ 63,994 താങ്ങുണ്ട്. മറ്റ് സാങ്കേതിക വശങ്ങള്‍ നിരീക്ഷിച്ചാല്‍ പാരാബോളിക്ക് എസ് ഏ ആര്‍ സെല്ലര്‍മാര്‍ക്ക് അനുകുലം. എം ഏ  സി ഡി ദുര്‍ബലവസ്ഥയിലും. മുന്‍ നിര ഓഹരിയായ ആര്‍ ഐ എല്‍, എം ആന്റ് എം, സണ്‍ ഫാര്‍മ്മ, എച്ച് ഡി എഫ് സി ബാങ്ക്, ജെ എസ് ഡബ്ലയു സ്റ്റീല്‍, ടാറ്റാ മോട്ടേഴ്‌സ്, എസ് ബി ഐ, എല്‍ ആന്റ് റ്റി, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയവയ്ക്ക് തളര്‍ച്ച. നിക്ഷേപകര്‍ ഇന്‍ഫോസീസ്, ഇന്‍ഡസ് ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, എയര്‍ ടെല്‍, ടാറ്റാ സ്റ്റീല്‍, എച്ച് യു എല്‍, മാരുതി, ഐ റ്റി സി, റ്റി സി എസ് ഓഹരികളില്‍ താല്‍പര്യം കാണിച്ചു.

ആഭ്യന്തര ഫണ്ടുകള്‍ അഞ്ച് ദിവസവും നിക്ഷപകരായി രംഗത്ത് നിറഞ്ഞ് നിന്നു. 8496 കോടി രൂപയുടെ ഓഹരികള്‍ സ്വന്തമാക്കി. വിദേശ ഫണ്ടുകള്‍ 7034 കോടി രൂപയുടെ ഓഹരികള്‍ വിറ്റു മാറി. രൂപയുടെ മൂല്യത്തില്‍ ചാഞ്ചാട്ടം. യു എസ് ഡോളറിന് മുന്നില്‍ 83.10 ല്‍ നിന്നും 82.33 ലേയ്ക്ക് കരുത്ത് കാണിച്ചെങ്കിലും വാരാന്ത്യം  രൂപ 82.65 ലാണ്. ഈവാരം രൂപ മികവിന് ശ്രമിച്ചാല്‍ 82.16 ല്‍ തടസം നേരിടാം, രൂപ ദുര്‍ബലമായാല്‍ 83.15 ലേയ്ക്ക് തിരിയാം. വിദേശ നാണ്യകുരുതല്‍ ശേഖരത്തില്‍ ഇടിവ്. ആഗസ്റ്റ് 18 ന് അവസാനിച്ച വാരം കരുതല്‍ ധനം 594.89 ബില്യണ്‍ ഡോളറായി. ആഗോള സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1889 ഡോളറില്‍ നിന്നും ഒരവസരത്തില്‍ 1923 ഡോളര്‍ വരെ കയറിയ അവസരത്തിലെ ലാഭമെടുപ്പും പുതിയ ഷോട്ട് സെല്ലിങും വാരാന്ത്യം സ്വര്‍ണത്തെ 1914 ലേയ്ക്ക് താഴ്ത്തി. ഫണ്ടുകള്‍ക്ക് 1924 ന് മുകളില്‍ സ്വര്‍ണത്തെ കടത്താന്‍ താല്‍പര്യമില്ലാത്ത നിലയ്ക്ക് ഷോട്ട് സെല്ലിങിലുടെ 18851880 ഡോളറിലേയ്ക്ക് തളര്‍ത്താന്‍ ശ്രമം നടത്താം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
-----
-----
 Top