09 December Saturday

നാസ്‌ഡാക്ക് സൂചിക തുടർച്ചയായി ഇടിഞ്ഞു; ആഗോള ഓഹരി വിപണികള്‍ വില്‍പ്പന സമ്മര്‍ദ്ദത്തില്‍

കെ ബി ഉദയ ഭാനുUpdated: Sunday Aug 13, 2023

ആഗോള ഓഹരി വിപണികള്‍ വില്‍പ്പന സമ്മര്‍ദ്ദത്തില്‍. അമേരിക്കയില്‍ നാസ്ഡാക്ക് സൂചിക ഈ വര്‍ഷം ആദ്യമായി തുടര്‍ച്ചയായ രണ്ടാഴ്‌ചകളില്‍ ഇടിഞ്ഞ ഞെട്ടലിലാണ് നിക്ഷേപകര്‍. യു എസ് ഓഹരി ഇന്‍ഡക്‌സുകളിലെ മാന്ദ്യം  യുറോപ്യലേയ്ക്കും പടരുമോയെന്ന ആശങ്ക വാരാന്ത്യം ആ മേഖലയിലും വില്‍പ്പന സമ്മര്‍ദ്ദത്തിന് ഇടയാക്കി. ഏഷ്യന്‍ ഓഹരി വിപണികള്‍ക്കും കരുത്ത് നഷ്ടപ്പെടുന്നു. ഇന്ത്യന്‍ ഇന്‍ഡക്‌സുകള്‍ തുടര്‍ച്ചയായ മൂന്നാം വാരവും ഇടിഞ്ഞു, ബോംബെ സെന്‍സെക്‌സ് 398 പോയിന്റ്റും നിഫ്റ്റി 88 പോയിന്റ്റും കുറഞ്ഞു.

റിസര്‍വ് ബാങ്ക് വായ്പ്പാ അവലോകനത്തില്‍ റിപ്പോ നിരക്ക് ആറര ശതമാനമാനത്തില്‍ തുടരുമെന്ന വെളിപ്പെടുത്തല്‍ വിപണിയെ സമ്മര്‍ദ്ദത്തിലാക്കി. തുടര്‍ച്ചയായ മൂന്നാം തവണയാണ് കേന്ദ്ര ബാങ്ക് പലിശ സ്‌റ്റെഡിയായി നിലനിര്‍ത്തുന്നത്. അതേ സമയം നാണയപ്പെരുപ്പം ഇനിയും നിയന്ത്രണത്തിലുമല്ല.

സെന്‍സെക്‌സ് മൂന്‍വാരത്തിലെ 65,721 ല്‍ നിന്നും തുടക്കത്തിലെ വാങ്ങല്‍ താല്‍പര്യത്തില്‍ 66,067 വരെ കയറി. ഈ അവസരത്തില്‍ മുന്‍ നിര ഓഹരികളില്‍ വില്‍പ്പനക്കാര്‍ പിടിമുക്കിയതോടെ സൂചിക 65,274 ലേയ്ക്ക് തളര്‍ന്ന ശേഷം വ്യാപാരാന്ത്യം 65,322 പോയിന്റ്റിലാണ്. സെന്‍സെക്‌സിന് ഈവാരം 65,04164,761 പോയിന്റ്റില്‍ താങ്ങ് പ്രതീക്ഷിക്കാം. ഫണ്ടുകള്‍ പുതിയ വാങ്ങലുകള്‍ക്ക് രംഗത്ത് എത്തിയാല്‍ സൂചിക 65,83466,347 പോയിന്റ്റിലേയ്ക്ക് തിരിച്ച് വരവ് കാഴ്ച്ചവെക്കാം.

നിഫ്‌റ്റി സൂചിക 19,517 ല്‍ നിന്നും 19,640 പോയിന്റ് വരെ ഉയര്‍ന്ന അവസരത്തിലാണ് വിദേശ ഫണ്ടുകള്‍ ബാധ്യതകള്‍ വിറ്റുമാറാന്‍ സംഘടിതരായി രംഗത്ത് ഇറങ്ങിയത്. ഇതോടെ ആടി ഉലഞ്ഞ നിഫ്റ്റി സൂചിക വാരാന്ത്യം 19,412 ലേയ്ക്ക് ഇടിഞ്ഞങ്കിലും മാര്‍ക്കറ്റ് ക്ലോസിങില്‍ 19,428 ലാണ്. ഈ വാരം 19,346 ലെ ആദ്യ താങ്ങ് നിലനിര്‍ത്തി 19,574 ലേയ്ക്ക് തിരിച്ചു വരവിന് ശ്രമം നടത്താം. ഈ നീക്കം വിജയിച്ചില്ലെങ്കില്‍ വിപണി 19,260 റേഞ്ചിലേയ്ക്ക് തളരാം.

മുന്‍ നിര ഓഹരികളായ ആര്‍ ഐ എല്‍, എം ആന്റ് എം, എച്ച് സി എല്‍, ടെക് മഹീന്ദ്ര, ടാറ്റാ സ്റ്റീല്‍, വിപ്രോ. റ്റി സി എസ്, എല്‍ ആന്റ് റ്റി, എസ് ബി ഐ എന്നിവയില്‍ നിക്ഷേപ  താല്‍പര്യം ദൃശ്യമായി. എന്നാല്‍ വില്‍പ്പന സമ്മര്‍ദ്ദവും ലാഭമെടുപ്പും എയര്‍ടെല്‍, എച്ച് ഡി എഫ് സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ് ബാങ്ക്, ഇന്‍ഫോസീസ്, സണ്‍ ഫാര്‍മ്മ, മാരുതി, എച്ച് യു എല്‍ ഓഹരികള്‍ക്ക് തിരിച്ചടിയായി.

ഒ എന്‍ ജി സി യുടെ അറ്റാദായം ജൂണില്‍ അവസാനിച്ച മൂന്ന് മാസത്തില്‍ 14,134 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ അറ്റാദായം 11,937 കോടി രൂപയായിരുന്നു. വിദേശ ഫണ്ടകള്‍ 5677 കോടി രൂപയുടെ ഓഹരികള്‍ വില്‍പ്പനയും 975 കോടി രൂപയുടെ നിക്ഷേപവും പിന്നിട്ടവാരം നടത്തി. ആഭ്യന്തര ഫണ്ടുകള്‍ 1741 കോടി രൂപയുടെ വാങ്ങലിനും 597.88 കോടി രൂപയുടെ വില്‍പ്പനയ്ക്കും തയ്യാറായി.   

വിനിമയ വിപണിയില്‍ യു എസ് ഡോളറിന് മുന്നില്‍ രൂപയുടെ മൂല്യം 82.84 ല്‍ നിന്നും കേന്ദ്ര ബാങ്ക് വായ്പ്പാ അവലോകന വേളയില്‍ 82.94 ലേയ്ക്ക് ദുര്‍ബലമായി. പിന്നീട് രൂപ 82.54 ലേയ്ക്ക് മികവ് കാണിച്ചെങ്കിലും വ്യാപാരാന്ത്യം 82.72 ലാണ്.    സാര്‍വദേശീയ വിപണിയില്‍ ക്രുഡ് ഓയില്‍ ബാരലിന് 78 - 90 ബാരലില്‍ നിലകൊണ്ടാല്‍ രൂപയുടെ മൂല്യത്തെ 83.35 റേഞ്ചില്‍ പിടിച്ചു നിര്‍ത്താന്‍ റിസര്‍വ് ബാങ്കിനാവും. എണ്ണ വില 90 ന് മുകളിലേയ്ക്ക് നീങ്ങിയാല്‍ നാണയപെരുപ്പം വീണ്ടും രൂക്ഷമാകും.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ മുന്നേറാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ശ്രമം വിജയിച്ചില്ല. 85 ഡോളറിനെ ലക്ഷ്യമാക്കി നീങ്ങിയെങ്കിലും ഡിമാന്റ് ഉയരാഞ്ഞതിനാല്‍ വാരാന്ത്യം നിരക്ക് ബാരലിന് 83 ഡോളറായി താഴ്ന്നു. രാജ്യാന്തര സ്വര്‍ണ വില വീണ്ടും താഴ്ന്നു. 1949 ഡോളറില്‍ ഇടപാടുകള്‍ പുനരാരംഭിച്ച മഞ്ഞലോഹം 1954 ന് മുകളില്‍ ഇടംപിടിക്കാനുള്ള ശ്രമം പാജയപ്പെട്ടതോടെ അനുഭവപ്പെട്ട വില്‍പ്പന സമ്മര്‍ദ്ദത്തില്‍ 1921 ഡോളറിലെ താങ്ങ് തകര്‍ത്ത് ഔണ്‍സിന് 1910 ഡോളറിലേയ്ക്ക് ഇടിഞ്ഞു, വാരാന്ത്യം നിരക്ക് 1913 ഡോളറിലാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
-----
-----
 Top