29 March Friday

കാലവർഷത്തിന്റെ വരവ്; ഓഹരി ഇൻഡക്‌സുകൾ പറന്നുയരാനുള്ള തയ്യാറെടുപ്പിൽ

കെ ബി ഉദയ ഭാനുUpdated: Monday Jun 5, 2023

കാലവർഷത്തിൻറ വരവ് ഓഹരി വിപണി ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ്. ലക്ഷദ്വീപിൽ നിന്നും കേരളം ലക്ഷ്യമാക്കി നീങ്ങുന്ന മഴ മേഘങ്ങൾ അടുത്ത ദിവസം രംഗപ്രവേശനം ചെയുന്നതോടെ ഓഹരി ഇൻഡക്‌സുകൾ ഈ വർഷത്തെ പുതിയ ഉയരങ്ങളിലേയ്ക്ക് പറന്ന് ഉയരാനുള്ള തയ്യാറെടുപ്പിലാണ്.

മൺസുൺ വരവ് ഇന്ത്യൻ മാർക്കറ്റിൽ ബുൾ റാലി സൃഷ്‌ടിക്കാൻ വീണ്ടും ഒരാഴ്ച്ചയോളം കാത്തിരിക്കേണ്ടി വരും. മഴ മേഘങ്ങൾ മുംബെ തീരം അണയുന്ന ശുഭനിമിഷത്തെ ഉറ്റ് നോക്കുകയാണ് ധനകാര്യസ്ഥാപനങ്ങൾ. പിന്നിട്ടവാരം സെൻസെക്‌സ് 178 പോയിൻറ്റും നിഫ്റ്റി സൂചിക 67 പോയിൻറ്റും മികവിലാണ്. ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ രണ്ടാം വാരമാണ് കരുത്ത്  കാണിക്കുന്നത്. ഫണ്ടുകൾ മുൻ നിര രണ്ടാം നിര ഓഹരികൾ വാങ്ങി കൂട്ടാൻ കാണിച്ച ഉത്സാഹം നിഫ്റ്റിയെ 18,600 ലേയ്ക്കും സെൻസെക്സിനെ 63,000 ലേയ്ക്കും ഒരു വേള ഉയർത്തി.

ബിഎസ്ഇ റിയാലിറ്റി, കൺസ്യൂമർ ഡ്യൂറബിൾസ് സൂചികകൾ കഴിഞ്ഞ വാരം മികവ് കാണിച്ചു. അതേ സമയം ഓയിൽ ആൻഡ് ഗ്യാസ് സൂചികയ്ക്ക് ഇടിവ്. മുൻ നിര ഓഹരിയായ എം ആൻഡ്‌ എം നാല് ശതമാനം നേട്ടവുമായി 1341 രൂപയിലെത്തി. ടാറ്റാ മോട്ടേഴ്‌സ്, മാരുതി ഓഹരികളും മുന്നേറി. സൺ ഫാർമ്മ, എച്ച് യു എൽ, എയർ ടെൽ, ഇൻഡസ് ബാങ്ക്, ടാറ്റാ സ്റ്റീൽ, എൽ ആൻറ് റ്റി, എസ് ബി ഐ തുടങ്ങിയവയിലും വാങ്ങലുകാർ താൽപര്യം കാണിച്ചു. ഇടപാടുകാർ ലാഭമെടുപ്പിന് ഉത്സാഹിച്ചതിനിടയിലെ വിൽപ്പന സമ്മർദ്ദവും മൂലം ആർ ഐ എൽ, ആക്‌സിസ് ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്ക്, ഇൻഫോസീസ്, റ്റി സി എസ്, എച്ച് സി എൽ, ഐ റ്റി സി ഓഹരികൾക്ക് തിരിച്ചടിനേരിട്ടു.

ബോംബെ സെൻസെക്‌സ് 62,501 പോയിൻറ്റിൽ നിന്നും 62,762 ലേയ്ക്ക് താഴ്ന്ന ഷേശമുള്ള തിരിച്ചു വരവിൽ മൂൻ നിര ഓഹരികളിലെ വാങ്ങൽ താൽപര്യം കനത്തതോടെ സൂചിക ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലവാരമായ 63,036 പോയിൻറ്റിലേയ്ക്ക് ചുവടുവെച്ചു. വ്യാപാരം അവസാനിക്കുമ്പോൾ സൂചിക 62,547 പോയിൻറ്റിലാണ്. ലോങ് ട്രേമിലേയ്ക്ക് വീക്ഷിച്ചാൽ 64,250 റേഞ്ചിലേയ്ക്ക് സെൻസെക്‌സ് സഞ്ചരിക്കാം. ഈ വാരം 62,260 ലെ സ്പ്പോർട്ട് നിലനിർത്താനായാൽ വാരമദ്ധ്യം സൂചിക 62,930 നെ ലക്ഷ്യമാക്കി നീങ്ങും.

ആഭ്യന്തര വിദേശ ഓപ്പറേറ്റർമാരും പ്രദേശിക നിക്ഷപകരും വാങ്ങലുകാരായി വിപണിയിൽ അണിനിരന്നതോടെ നിഫ്റ്റി സൂചിക 18,499 ൽ നിന്നും 18,662 ലേയ്ക്ക് കയറി. വാരാന്ത്യം നിഫ്റ്റി 18,534 പോയിൻറ്റിലാണ്. ഈവാരം 18,444 ലെ താങ്ങ് നിലനിർത്തിയാൽ സൂചിക 18,640 18,750 പോയിൻറ്റ് ലക്ഷ്യമാക്കാം. ഡെയ്‌ലി ചാർട്ടിൽ ബുള്ളിഷ് മുനോഭാവം നിലനിർത്തുന്നത് കണക്കിലെടുത്താൽ നിഫ്റ്റി ഈ മാസം റെക്കോർഡ് പ്രകടനത്തിന് ശ്രമിക്കാം.

വിനിമയ വിപണിയിൽ രൂപയുടെ മൂല്യം 82.56 ൽ നിന്നും 82.90 ലേയ്ക്ക് ദുർബലമായെങ്കിലും വ്യാപാരാന്ത്യം 82.33 ലേയ്ക്ക് കരുത്ത് നേടി.   വിദേശ ധനകാര്യസ്ഥാപനങ്ങൾ 7250 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചതിനൊപ്പം 730 കോടിയുടെ വിൽപ്പനയും പോയവാരം നടത്തി. ആഭ്യന്തര ഫണ്ടുകൾ 1925 കോടി രൂപ വാങ്ങലും 2968 കോടിയുടെ വിൽപ്പനയും നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top