27 April Saturday

സെൻസെക്‌സ് നിഫ്റ്റി സൂചികകൾ പ്രതിവാര മികവിൽ

കെ ബി ഉദയ ഭാനുUpdated: Sunday May 28, 2023

കൊച്ചി > ആഭ്യന്തര വിദേശ ഫണ്ടുകൾ മത്സരിച്ച് മുൻനിര ഓഹരികൾ സ്വന്തമാക്കാൻ കാണിച്ച ഉത്സാഹം ഇൻഡക്‌സുകൾ പിന്നിട്ടവാരം ഒന്നര ശതമാനം ഉയർത്തി. സെൻസെക്‌സ് 737 പോയിൻറ്റും നിഫ്റ്റി സൂചിക 281 പോയിൻറ്റും പ്രതിവാര മികവിലാണ്. ഊഹക്കച്ചവടക്കാർ നിഫ്റ്റി മെയ് സീരീസ് സെറ്റിൽമെൻറ്റിന് മുന്നോടിയായി ഷോട്ട് കവറിങ് കാണിച്ച തിടുക്കം കുതിപ്പിന് അവസരം ഒരുക്കി. പതിവിൽ നിന്നും വ്യത്യസ്ഥമായി ഫണ്ടുകളും പ്രദേശിക ഇടപാടുകാരും വാങ്ങലുകാരായി നിലയുറപ്പിച്ചത് വാരാന്ത്യം നിഫ്റ്റി ജൂൺ സീരീസിൽ വൻകുതിപ്പിന് വഴി ഒരുക്കി.

ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 3482 കോടി രൂപയുടെ ഓഹരികളിൽ നിക്ഷേപത്തിന് ഉത്സാഹിച്ചത് കണ്ട് വിദേശ ഫണ്ടുകൾ 3231 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. ഈ മാസം വിദേശ നിക്ഷപം ഇതോടെ 20,607 കോടി രൂപയിലെത്തി. മുൻ നിര ഓഹരികളായ ഐ റ്റി സി, സൺ ഫാർമ്മ, വിപ്രോ, ടെക് മഹീന്ദ്ര, ഇൻഫോസീസ്, ടി സി എസ്, മാരുതി, ആർ ഐ എൽ, എസ് ബി ഐ, എം ആൻറ് എം, ടാറ്റാ സ്റ്റീൽ, ഇൻഡസ് ബാങ്ക്, എയർ ടെൽ, എച്ച് യു എൽ, ആക്‌സിസ് ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക് ഓഹരികൾ  വിലകളും ഉയർന്നപ്പോൾ ടാറ്റാ മോട്ടേഴ്‌സ്, എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്ക് തുടങ്ങിയ മുൻ നിര ഓഹരികൾക്ക് തളർച്ച.

ബി എസ് ഇ സെൻസെക്‌സ് 61,729 പോയിൻറ്റിൽ നിന്നും മികവോടെയാണ് ഇടപാടുകൾ പുനരാരംഭിച്ചത്. ഒരുഘട്ടത്തിൽ ഫണ്ടുകളുടെ ലാഭമെടുപ്പിൽ 61,483 ലേയ്ക്ക് തളർന്ന ശേഷമുള്ള തിരിച്ച് വരവ് സൂചികയെ ഈ വർഷത്തെ ഏറ്റവും ഉയർന്ന തലമായ 62,529 പോയിൻറ്റിൽ എത്തിച്ചെങ്കിലും മാർക്കറ്റ് ക്ലോസിങിൽ സെൻസെക്‌സ് 62,501 ലാണ്. ഈവാരം സൂചിക 61,800 ലെ താങ്ങ് നിലനിർത്തി 62,860 ലെ പ്രതിരോധം തകർക്കാൻ ശ്രമം നടത്താം. പ്രതികൂല വാർത്തകൾ വിപണിയെ സ്വാധീനിച്ചാൽ 61,125 ൽ താങ്ങുണ്ട്.

നിഫ്റ്റി സൂചിക 18,203 ൽ നിന്നുള്ള കുതിപ്പിൽ 18,500 ലെ നിർണായക പ്രതിരോധം തകർത്ത് 18,508 പോയിൻറ്റ് വരെ കയറിയ ശേഷം വാരാന്ത്യം 18,499 ലാണ്. ക്ലോസിങിൽ 18,500 ന് മുകളിൽ ഇടം കിട്ടാഞ്ഞത് തിങ്കളാഴ്ച്ച നേരിയതോതിൽ ദുർബലാവസ്ഥയ്ക്ക് ഇടയാക്കാം. ഡെയ്‌ലി ചാർട്ടിൽ സാങ്കേതികമായി വിപണി ബുള്ളിഷെങ്കിലും ഇൻഡിക്കേറ്ററുകൾ പലതും ഓവർ ബ്രോട്ടായതിനാൽ തിരുത്തൽ സാധ്യത തല ഉയർത്താം. ഈവാരം 18,280 റേഞ്ചിലെ സപ്പോർട്ട് നിലനിർത്തി 18,600 ലെ ആദ്യ തടസം മറികടക്കാനുള്ള ശ്രമം വിജയിച്ചാൽ അടുത്ത ചുവടുവെപ്പിൽ സൂചിക 18,725 നെ ലക്ഷ്യമാക്കും.

വിനിമയ വിപണിയിൽ ഡോളറിന് മുന്നിൽ  രൂപയുടെ മൂല്യം 82.66 ൽ നിന്നും 82.86 ലേയ്ക്ക് ദുർബലമായെങ്കിലും വാരാന്ത്യം നിരക്ക് 82.56 ലാണ്. സാർവദേശീയ വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നു. വർഷത്തിൻറ്റ രണ്ടാം പകുതിയിൽ എണ്ണയ്ക്ക് ചൈനീസ് ഡിമാൻറ് ഉയരുമെന്ന സൂചനകളെ തുടർന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 72.55 ഡോളറിലെത്തി. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 1977 ഡോളറിൽ നിന്നും 1938 ലേയ്ക്ക് വാരമധ്യം ഇടിഞ്ഞെങ്കിലും ക്ലോസിങിൽ 1946 ഡോളറിലാണ്. ഡോളർ സൂചിക മികവ് കാണിച്ചത് ഫണ്ടുകളെ സ്വർണത്തിൽ വിൽപ്പനക്കാരാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top