25 April Thursday

നിക്ഷേപകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍ ഏല്‍പ്പിച്ച് ആഭ്യന്തര ഫണ്ടുകള്‍

കെ ബി ഉദയ ഭാനുUpdated: Sunday May 21, 2023

കൊച്ചി> ഓഹരി സൂചിക വീണ്ടും തിളങ്ങുമെന്ന നിക്ഷേപകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍ ഏല്‍പ്പിച്ച് ആഭ്യന്തര ഫണ്ടുകള്‍ വില്‍പ്പനകാരായി രംഗത്ത് ഇറങ്ങി. ഇതോടെ സമ്മര്‍ദ്ദത്തില്‍ അകപ്പെട്ട സെന്‍സെക്‌സ് 298 പോയിന്റ്റും നിഫ്റ്റി സൂചിക 111 പോയിന്റ്റും ഇടിഞ്ഞു. യു എസ് മാര്‍ക്കറ്റിലെ മാന്ദ്യം ഇന്ത്യയില്‍ പ്രതിഫലിക്കുന്നുണ്ട്. ഏഷ്യയിലെ മുന്‍ നിര  ഓഹരി ഇന്‍ഡക്‌സുകള്‍ മികവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യന്‍ മാര്‍ക്കറ്റുകളിലും കുതിപ്പ ദൃശ്യമായി. യു എസ് ഡെറ്റ് സീലിംഗ് ചര്‍ച്ചകള്‍ പുരോഗമിക്കുമെന്ന സൂചനയാണ് യൂറോപ്യന്‍ വിപണികള്‍ക്ക് വാരാന്ത്യം കരുത്ത് പകര്‍ന്നത്.

മുന്‍ നിര ഓഹരികളായ സണ്‍ ഫാര്‍മ്മ, സിപ്ല, ഡോ: റെഡീസ്, എസ് ബി ഐ, എച്ച് ഡി എഫ് സി ബാങ്ക്, മാരുതി, ടാറ്റാ സ്റ്റീല്‍, ബജാജ് ഓട്ടോ, റ്റി സി എസ്, ആര്‍ ഐ എല്‍, ടാറ്റാ സ്റ്റീല്‍, തുടങ്ങിയവയ്ക്ക് തിരിച്ചടി നേരിട്ടു. ഐ സി ഐ സി ഐ ബാങ്ക്, ടാറ്റാ മോട്ടേഴ്‌സ്, എയര്‍ ടെല്‍, ടെക് മഹീന്ദ, ഇന്‍ഡസ് ബാങ്ക് ഓഹരി വിലകള്‍ ഉയര്‍ന്നു. ബി എസ് ഇ സൂചിക 62,027ല്‍ നിന്നും 62,444 പ്രതിരോധം തകര്‍ത്ത് 62,560 പോയിന്റ്റ് വരെ കയറി ശേഷം വാരാന്ത്യം 61,729 പോയിന്റ്റിലാണ്. ഈ വാരം 62,441 ലെ പ്രതിരോധം തകര്‍ക്കാന്‍ വിപണിക്കായാല്‍ അടുത്ത ചുവടില്‍ സൂചിക 63,154 നെ ലക്ഷ്യമാക്കി നീങ്ങും. പ്രതികൂല വാര്‍ത്തകള്‍ പുറത്തുവന്നാല്‍ സൂചികയ്ക്ക് 60,538 ല്‍ താങ്ങ് പ്രതീക്ഷിക്കാം. വിപണിയുടെ മറ്റ് സാങ്കേതിക വശങ്ങള്‍ വിലയിരുത്തിയാല്‍ ഡെയ്‌ലി ചാര്‍ട്ടില്‍ എം ഏ സി ഡി ബുള്ളിഷെങ്കിലും താല്‍ക്കാലികമായി ഒരു തിരുത്തലിന് നീക്കം നടത്താം.

നിഫ്റ്റി 18,200 ലെ നിര്‍ണായക സപ്പോര്‍ട്ട് നിലനിര്‍ത്തിയത് പ്രദേശിക നിക്ഷേപകര്‍ക്ക് ആശ്വാസം പകര്‍ന്നു. 18,314 ല്‍ നിന്നുള്ള കുതിപ്പില്‍ 18,450 ലെ പ്രതിരോധം തകര്‍ത്ത് 18,456 പോയിന്റ് വരെ ഉയര്‍ന്നതിനിടയിലെ ഫണ്ടുകള്‍ ലാഭമെടുപ്പിന് കാണിച്ച തിടുക്കം മൂലം 18,060 ലേയ്ക്ക് ഇടിഞ്ഞങ്കിലും ക്ലോസിങില്‍ നിഫ്റ്റി 18,203 പോയിന്റ്റിലാണ്. ഈ വാരം 18,425-18,640 ല്‍ പ്രതിരോധവും 18,023 ല്‍ ആദ്യ സപ്പോര്‍ട്ടുമുണ്ട്.

ഫോറെക്‌സ് മാര്‍ക്കറ്റില്‍ ഡോളറിന് മുന്നില്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 81.15 ല്‍ നിന്നും 82.98 ലേയ്ക്ക് ദുര്‍ബലമായെങ്കിലും വാരാന്ത്യം വിനിമയ നിരക്ക് 82.66 ലാണ്. വിദേശ നിക്ഷേപകര്‍ മൊത്തം 4211 കോടി രൂപ പോയവാരം നിക്ഷേപിച്ചു. ഈ മാസത്തെ അവരുടെ മൊത്തം നിക്ഷപം 17,376 കോടി രൂപയാണ്. ആഭ്യന്തര ഫണ്ടുകള്‍ പോയവാരം 1262 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയതിനൊപ്പം 1940 കോടി രൂപയുടെ വില്‍പ്പനയും നടത്തി.

രാജ്യാന്തര സ്വര്‍ണ വില താഴ്ന്നു. ന്യൂയോര്‍ക്കില്‍ ഔണ്‍സിന് 2010 ഡോളറില്‍ ഇടപാടുകള്‍ പുനരാരംഭിച്ച സര്‍ണം കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 2000 ഡോളറിലെ താങ്ങ് തകര്‍ത്ത് 1951 ഡോളറിലേയ്ക്ക് ഇടിഞ്ഞു. വ്യാപാരം അവസാനിക്കുമ്പോള്‍ സ്വര്‍ണം ഔണ്‍സിന് 1977 ഡോളറിലാണ്.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top