26 April Friday

ബോംബെ സെൻസെക്‌സ്‌ അഞ്ച് മാസത്തെ ഉയർന്ന തലത്തിൽ

കെ ബി ഉദയ ഭാനുUpdated: Sunday May 14, 2023

അയൽ സംസ്ഥാനമായ കർണാടക തെരഞ്ഞെടുപ്പ് ഫലം ഓഹരി ഇടപാടുകളുടെ തുടക്കത്തിൽ സൂചികയിൽ ചെറിയതോതിൽ ചാഞ്ചാട്ടം സൃഷ്‌ടിക്കാം. ബിജെപിക്ക് നേരിട്ട കനത്ത തിരിച്ചടി ആഭ്യന്തര ഫണ്ടുകളെ ബാധ്യതകൾ വിറ്റുമാറാൻ പ്രേരിപ്പിക്കുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം ഓപ്പറേറ്റർമാർ. വിൽപ്പന സമ്മർദ്ദം സാങ്കേതിക തിരുത്തലിന് അവസരം ഒരുക്കിയാൽ വിദേശ ധനകാര്യസ്ഥാപനങ്ങൾ കനത്ത വാങ്ങലുകാരായി രംഗത്ത് ഇറക്കാനുള്ള തക്കം പാത്ത് നിൽക്കുകയാണ്.

ബോംബെ സെൻസെക്‌സ്‌ അഞ്ച് മാസത്തെ ഉയർന്ന തലത്തിലാണ് വാരാന്ത്യം. തുടർച്ചയായ മൂന്നാം വാരത്തിലും മുൻ നിര ഇൻഡക്സുകൾ കാഴ്ച്ചവെച്ച ഉണർവ് നിഫ്റ്റിയെ 18,300 പോയിൻറ്റിന് മുകളിൽ എത്തിച്ചു. സെൻസെക്‌സ് 62,000 ലെ പ്രതിരോധം മറികടന്ന ആവേശത്തിലാണ്. പിന്നിട്ടവാരം സെൻസെക്സ് 973 പോയിൻറ്റും നിഫ്റ്റി 245 പോയിൻറ്റും ഉയർന്നു.

അമേരിക്കൻ സമ്പദ്വ്യവസ്ഥയിലെ  മാന്ദ്യം രൂക്ഷമാക്കുമെന്ന ആശങ്ക വീണ്ടും തല ഉയർത്തുന്നു. തൊഴിലില്ലായ്മ സംബന്ധിച്ച് പുതിയ കണക്കുകൾ പുറത്തുവന്നത് കണക്കിലെടുത്താൽ യുറോപ്യൻ വിപണികളിലേയ്ക്കും പ്രതിസന്ധി വ്യാപിക്കാം. പാശ്ചാത്യ വിപണികളിൽ നിന്നുള്ള പ്രതികൂല വാർത്തകൾ ഈ വാരം ഏഷ്യൻ വിപണികളിൽ ചെലുത്തുന്ന സ്വാധീനത്തെ ആസ്‌പദമാക്കിയാവും വാരമദ്ധ്യം സൂചികയുടെ ചലനം.

മുൻ നിര ഓഹരികളായ എസ് ബി ഐ, എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ ബാങ്ക്, ആർ ഐ എൽ, ടാറ്റാ മോട്ടേഴ്‌സ്, എയർ ടെൽ, ഐ റ്റി സി, ടെക് മഹീന്ദ്ര എച്ച് സി എൽ ടെക്, മാരുതി ഓഹരി വിലകൾ ഉയർന്നു. റ്റി സി എസ്, വിപ്രോ, ഇൻഫോസീസ്, സൺ ഫാർമ്മ, സിപ്ല, ഡോ: റെഡീസ്, ഒ എൻ ജി സി, ടാറ്റാ സീറ്റിൽ, ബി പി സി എൽ, ഹിൻഡാൽക്കോ ഓഹരി വിലകൾ താഴ്ന്നു.

സെൻസെക്‌സ് 61,054 ൽ നിന്നുള്ള മുന്നേറ്റത്തിൽ 62,000 പ്രതിരോധം തകർത്ത് 62,167 പോയിൻറ് വരെ ഉയർന്നങ്കിലും വ്യാപാരം അവസാനിക്കുമ്പോൾ 62,027 പോയിൻറ്റിലാണ്. ഈ വാരം വിപണിക്ക് ആദ്യ പ്രതിരോധം 62,444 പോയിൻറ്റിലാണ്. വിൽപ്പന സമ്മർദ്ദമുണ്ടായാൽ 61,300 റേഞ്ചിൽ താങ്ങ് പ്രതീക്ഷിക്കാം. നിഫ്റ്റി 18,069 ൽ നിന്നും 18,262 ലെ തടസം  തകർത്ത് 18,389 പോയിൻറ്റിലേയ്ക്ക് മുന്നേറിയ ശേഷം വാരാന്ത്യം ക്ലോസിങിൽ 18,314 പോയിൻറ്റിലാണ്. ഈവാരം 18,118 ലെ താങ്ങ് നിലനിർത്തി 18,450 ലേയ്ക്ക് മുന്നേറാൻ ശ്രമം നടത്താം.

വിദേശ ഓപ്പറേറ്റർമാർ കഴിഞ്ഞ വാരം എല്ലാ ദിവസവും നിക്ഷപകരായി നിലകൊണ്ടു. മൊത്തം 5626 കോടി രൂപയുടെ ഓഹരികൾ അവർ വാങ്ങി. ആഭ്യന്തര ഫണ്ടുകൾ പോയവാരം 650 രൂപയുടെ നിക്ഷേപം നടത്തി. മറുവശത്ത് അവർ മൊത്തം 1912 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. രൂപയുടെ മൂല്യം ഇടിഞ്ഞു. രൂപ 81.68 ൽ നിന്നും 82.22 ലേയ്ക്ക് ദുർബലമായ ശേഷം വാരാന്ത്യം രൂപ 82.15 ലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top