25 April Thursday

ബി എസ്‌ ഇ, എൻ‌ എസ്‌ ഇ സൂചികകളിൽ മുന്നേറ്റം

കെ ബി ഉദയ ഭാനുUpdated: Sunday Apr 30, 2023

കൊച്ചി> ആഭ്യന്തര വിദേശ ധനകാര്യസ്ഥാപനങ്ങൾ സംഘടിതരായി മുൻ നിര ഓഹരികൾ സ്വന്തമാക്കാൻ മത്സരിച്ചത്‌ ബി എസ്‌ ഇ, എൻ‌ എസ്‌ ഇ സൂചികകളിൽ മുന്നേറ്റം സൃഷ്‌ടിച്ചു. 36 ആഴ്‌ച്ചകളിലെ ഏറ്റവും മികച്ച പ്രതിവാര നേട്ടമാണ്‌ ഇൻഡക്‌സുകളിൽ അലയടിച്ചത്‌. രണ്ടര ശതമാനം കുതിച്ച്‌ സെൻസെക്‌സ്‌ 1457 പോയിൻറ്റും നിഫ്‌റ്റി സൂചിക 440 പോയിന്റും കയറി. വാരാന്ത്യം സെൻസെക്‌സിന്‌ 61,000 നും നിഫ്‌റ്റിക്ക്‌ 18,000 നും മുകളിൽ ഇടം കണ്ടെത്തി.

ആഗോള സാമ്പത്തിക മേഖലയെ പിടികൂടിയ മാന്ദ്യം രൂക്ഷമാകുമെന്ന ഭീതിയിലാണ്‌ ധനകാര്യമേഖല. അമേരിക്കൻ ഫെഡ്‌ റിസർവും, യുറോപ്യൻ കേന്ദ്ര ബാങ്കും പലിശ നിരക്ക് വീണ്ടും വർധിപ്പിക്കേണ്ടി വരുമെന്നാണ്‌ സാമ്പത്തിക മേഖലയുടെ വിലയിരുത്തൽ. നാണയപ്പെരുപ്പം പിടിച്ചു നിർത്തുന്നതിൽ അമേരിക്കയ്‌ക്ക്‌ നേരിട്ട തിരിച്ചടി കണക്കിലെടുത്താൽ ഈവാരം നടക്കുന്ന യോഗം പലിശ നിരക്ക്‌ വീണ്ടും ഉയർത്താൻ ഇടയുണ്ട്‌. ഇൻഫർമേഷൻ ടെക്‌നോളജി, പൊതുമേഖലാ ബാങ്കുകൾ, മീഡിയ ഓഹരികൾ നേട്ടത്തിലാണ്‌. മുൻ നിര ബാങ്കിങ്‌ ഓഹരിയായ എസ്‌ ബി ഐ, എച്ച്‌ ഡി എഫ്‌ സി, എച്ച്‌ ഡി എഫ്‌ സി ബാങ്ക്‌, ഐ സി ഐ സി ഐ ബാങ്ക്‌, ഇൻഡസ്‌ ബാങ്ക്‌ തുടങ്ങിയവയുടെ നിരക്ക്‌ കയറി. എം ആന്‍ഡ് എം, മാരുതി, ഇൻഫോസീസ്‌ ടെക്‌നോളജി, ടെക്‌ മഹീന്ദ്ര, വിപ്രോ, കോൾ ഇന്ത്യ, ഡോ. റെഡീസ്‌ തുടങ്ങിയവയിൽ വാങ്ങൽ താൽപര്യം ശക്തമായിരുന്നു. ഫണ്ടുകൾ വിപണിയുടെ രക്ഷയ്‌ക്കായി രംഗത്ത്‌ ഇറങ്ങിയതോടെ ബോംബെ സെൻസെക്‌സ്‌ 59,655 പോയിൻറ്റിൽ നിന്നും 61,209 വരെ മുന്നേറി.

വാരാന്ത്യം ക്ലോസിങ്‌ നടക്കുമ്പോൾ സൂചിക 61,112 പോയിൻറ്റിലാണ്‌. ഈവാരം 61,670 ലെ പ്രതിരോധം തകർത്താൽ സൂചിക 62,230 വരെ മുന്നേറാം.വിപണിയുടെ താങ്ങ്‌ 60,090 പോയിൻറ്റിലാണ്‌. വിപണിയുടെ മറ്റ്‌ സാങ്കേതിക ചലനങ്ങൾ പ്രതിദിന ചാർട്ടിൽ വിലയിരുത്തിയാൽ സൂപ്പർ ട്രെൻറ്‌, പാരാബോളിക്ക്‌ എസ്‌ ഏ ആർ തുടങ്ങിയവ ബുള്ളിഷാണ്‌. നിഫ്‌റ്റി സൂചിക 18,000 പോയിൻറ്റിന്‌ മുകളിൽ ഇടം പിടിച്ചു. നിഫ്‌റ്റി മുൻവാരത്തിലെ 17,624 ൽ നിന്നും തുടക്കത്തിൽ അൽപ്പം തളർന്നങ്കിലും പിന്നീട്‌ വിപണി കരുത്ത്‌ നേടി 18,089 വരെ മുന്നേറിയെങ്കിലും മാർക്കറ്റ്‌ ക്ലോസിങിൽ സൂചിക 18,065 പോയിൻറ്റിലാണ്‌.

ആഗോള ക്രൂഡ്‌ ഓയിൽ വില വീണ്ടും കുറയുന്നു. ന്യൂയോർക്ക്‌ എക്‌സ്‌ചേഞ്ചിൽ ക്രൂഡ്‌ ഓയിൽ അവധി നിരക്കുകൾ എട്ട് വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ പ്രതിമാസ നഷ്ടത്തിലാണ്‌. ഒപ്പെക്ക്‌ ഉൽപാദനം കുറക്കാൻ തീരുമാനിച്ചിട്ടും പ്രതിസന്‌ധി രൂക്ഷമാക്കുന്നു. ചൈനീസ്‌ മാന്ദ്യവും റഷ്യൻ‐ഉക്രൈയിൻ യുദ്ധവും ആഗോള എണ്ണ മാർക്കറ്റിൻറ്റ കുതിപ്പിനെ തടഞ്ഞു. വാരാന്ത്യം എണ്ണ വില ബാരലിന്‌ 80 ഡോളറിലാണ്‌. രാജ്യാന്തര വിപണിയിൽ തുടർച്ചയായ രണ്ടാം വാരത്തിലും സ്വർണത്തിന്‌ 2000 ഡോളറിന്‌ മുകളിൽ ഇടം പിടിക്കാനായില്ല. ഉയർന്ന തലത്തിലെ വിൽപ്പന സമ്മർദ്ദം മൂലം ട്രോയ്‌ ഔൺസിന്‌ 20048 ഡോളറിൽ നിന്നും വാരാന്ത്യം 1990 ഡോളറായി താഴ്‌ന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top