21 June Friday

ഓഹരി സൂചികയിൽ മുന്നേറ്റം; തകർച്ചയിൽ നിന്നും കരകയറാനായിട്ടില്ല

കെ ബി ഉദയ ഭാനുUpdated: Sunday Mar 5, 2023

കൊച്ചി > ഓഹരി സൂചികയിൽ മുന്നേറ്റം. ഓപ്പറേറ്റർമാർ പുതിയ വാങ്ങലുകൾക്ക് തയ്യാറായത് സെൻസക്‌സിനെ 345 പോയിൻറ്റും നിഫ്റ്റി സൂചികയെ 128 പോയിൻറ്റും ഉയർത്തി. അദാനി‐ ഹിൻഡെൻബർഗ് വിഷയത്തിൽ വിദഗ്‌ദ സമതിയെ സുപ്രീം കോടതി നിയോഗിച്ച വിവരമാണ് നിക്ഷേപകരെ വാങ്ങലുകാരാക്കിയത്.

ഓഹരി വിപണിയിലെ നിക്ഷേപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള നിയന്ത്രണ സംവിധനങ്ങൾ നിരീക്ഷിക്കാനുള്ള സമിതിയെയാണ് സുപ്രീം കോടതി നിയോഗിച്ചത്. അദാനി ഗ്രൂപ്പിനെതിരെ ഹിൻഡെൻബർഗ് പുറത്തുവിട്ട ആരോപണങ്ങളുടെ ചുവട് പിടിച്ച് ഇന്ത്യൻ മാർക്കറ്റിലുണ്ടായ തകർച്ചയിൽ നിന്നും ഇനിയും കരകയറാനായിട്ടില്ല. സൂചികയിലെ തകർച്ചയ്‌ക്ക് ശേഷമുള്ള പുൾ ബാക്ക് റാലി മാത്രമായി ഇപ്പോഴത്തെ മുന്നേറ്റത്തെ വിലയിരുത്താനാവു. ഒരു ബുൾ റാലിക്കുള്ള സാധ്യതകൾ ഇനിയും തെളിഞ്ഞിട്ടില്ല.

സെൻസെക്‌സ് മുൻവാരത്തിലെ 59,463 ൽ നിന്നും 58,795 ലേയ്‌ക്ക് വിൽപ്പന സമ്മർദ്ദത്തിൽ ഇടിഞ്ഞ തക്കത്തിന് മുൻ നിര ഓഹരികളിൽ ഫണ്ടുകൾ കാണിച്ച താൽപര്യം പിന്നീട് സൂചികയെ 59,967 വരെ ഉയർത്തി. വാരാന്ത്യം 59,808 പോയിൻറ്റിൽ നിലകൊള്ളുന്ന സെൻസെക്‌സ് ഈ വാരം 60,251 ലേയ്‌ക്ക് ഉയരാനുള്ള ശ്രമം വിജയിച്ചാൽ രംഗത്ത് നിന്ന് വിട്ടു നിൽക്കുന്ന പ്രദേശിക ഇടപാടുകാർ പുതിയ നിക്ഷേപങ്ങൾക്ക്  നീക്കം നടത്തും. അത്തരം ഒരു നീക്കം സൂചികയെ 60,695 റേഞ്ചിലേയ്‌ക്ക് ഉയർത്താം. അതേ സമയം വിപണിക്ക് ആദ്യ പ്രതിരോധം തകർക്കാനായില്ലെങ്കിൽ 59,080 ലേയ്‌ക്ക് സെനസെക്‌സ് സാങ്കേതികമായി തളരും.

നിഫ്റ്റി 17,465 ൽ നിന്നും 17,255 ലേയ്‌ക്ക് താഴ്ന്ന അവസരത്തിലെ ഫണ്ട് ബയ്യിങ് സൂചിക17,644 പോയിൻറ് വരെ കൈപിടിച്ച് ഉയർത്തി. വ്യാപാരാന്ത്യം വിപണി 17,594 പോയിൻറ്റിലാണ്. ഏറെ നിർണായകമായ 17,600 മുകളിൽ ക്ലോസിങിൽ ഇടം കണ്ടത്താൻ കഴിയാഞ്ഞത് ദുർബലാവസ്ഥയ്‌ക്ക് ഇടയാക്കാം. തിങ്കളാഴ്ച്ച ഇടപാടുകളുടെ തുടക്കത്തിൽ വിപണി വീണ്ടും തളർച്ചയിലേയ്‌ക്ക് നീങ്ങാനാണ് സാധ്യത. അതേ സമയം 17,350 ലെ താങ്ങ് വൻ തകർച്ചയെ തടയാൻ ഇടയുണ്ട്.

മുൻ നിര ബാങ്കിംഗ് ഓഹരികൾ പിന്നിട്ടവാരം മികവ് കാണിച്ചു. എസ്‌ബിഐ ഓഹരി വില ഏഴ് ശതമാനം വർദ്ധിച്ചു. ഇൻഡസ് ബാങ്ക് നാല് ശതമാനം ഉയർന്നു. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, എൽ ആൻറ് റ്റി, എയർ ടെൽ ഓഹരികളിലും വാങ്ങൽ താൽപര്യം ദൃശ്യമായി. വിനിമയ വിപണിയിൽ രൂപയുടെ മൂല്യം വാരാന്ത്യം 81.97 ലാണ്. ഇതിനിടയിൽ വിദേശ നാണയ കരുതൽ ശേഖരത്തിലെ ഇടിവ് തുടരുന്നു. ഫെബ്രുവരി 24 അവസാനിച്ച വാരം കരുതൽ ധനത്തിൽ 33 കോടി ഡോളർ കുറഞ്ഞു. പിന്നിട്ട ഒരു മാസത്തിൽ 1580 കോടി ഡോളറിൻറ്റ ഇടിവ് സംഭവിച്ചു. അദാനി വിഷയത്തിൽ വിദേശ ഓപ്പറേറ്റർമാർ വൻതോതിൽ പണം പിൻവലിച്ചത് രൂപയെ സമ്മർദ്ദത്തിലാക്കി. പ്രതിസന്ധി മറികടക്കാൻ ആർ ബി ഐ പൊതുമേഖല ബാങ്കുകൾ വഴി കരുതൽ ധനം വിറ്റ് രൂപയുടെ മുഖം മിനുക്കി.

അടുത്ത മാസം റിസർവ് ബാങ്ക് വായ്പ്പാ അവലോകനയോഗം ചേരും. നാണയപ്പെരുപ്പം ഉയർന്ന റേഞ്ചിൽ നീങ്ങുന്നതിനാൽ പലിശയിൽ വീണ്ടും വർദ്ധനവിന് സാധ്യത. പ്രത്യേകിച്ച് പാചകവാതക വിലയിൽ വരുത്തിയ വർദ്ധന വിരൽ ചുണ്ടുന്നത് നാണയപെരുപ്പം പുതിയ ഉയരങ്ങളിലേയ്‌ക്ക് നീങ്ങുമെന്നാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top