01 June Thursday

ഓഹരി വിപണിയെ പിടികൂടിയ മാന്ദ്യം വിട്ടുമാറിയില്ല

കെ ബി ഉദയ ഭാനുUpdated: Sunday Feb 12, 2023

കൊച്ചി > ഇന്ത്യൻ ഓഹരി വിപണിയെ പിടികൂടിയ മാന്ദ്യം വിട്ടുമാറിയില്ല. നിഷേപകരെ  ആകർഷിക്കാൻ ധനമന്ത്രി നടത്തിയ ശ്രമം അനുകൂല തരംഗം സൃഷ്‌ടിക്കുമെന്ന പ്രതീക്ഷയിൽ  അദാനി ഗ്രൂപ്പ് സ്വപ്‌നങ്ങൾ നെയ്‌തു കൂട്ടിയെങ്കിലും ബോംബെ സെൻസെക്‌സ് മുൻവാരത്തെക്കാൾ 159 പോയിൻറ് നഷ്‌ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയിൽ ഫ്ളാറ്റ് ക്ലോസിങ്.

വാരാന്ത്യം പ്രമുഖ ക്രൈഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ് ഇൻവെസ്റ്റർ സർവീസ് അദാനി ഗ്രൂപ്പ് കമ്പനികളുടെ റേറ്റിംഗ് സ്ഥിരതയിൽ നിന്ന് നെഗറ്റീവ് ആക്കി. നേരത്തെ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് അദാനി ഗ്രൂപ്പ് ഓഹരികളെ കനത്ത വിൽപ്പന സമ്മർദ്ദത്തിലേയ്‌ക്ക് തള്ളിവിട്ടിരുന്നു. പുതിയ സാഹചര്യത്തിൽ ധനമന്ത്രി വീണ്ടും രംഗത്ത് ഇറങ്ങുമോ, അതോ ഇന്ത്യൻ വിപണിയെ ഒഴുക്കിന് ഒത്ത് നീന്താൻ വിടുമോ ?

പ്രതികൂല വാർത്തകളുടെ വേലിയേറ്റം തുടരുന്നതിനാൽ പ്രദേശിക നിക്ഷേപകർ വൻ ബാധ്യതകൾക്ക് തിടുക്കം കാണിക്കുന്നില്ല. അതേ സമയം ആദ്യ നാല് ദിവസങ്ങളിൽ വിൽപ്പനക്കാരായിരുന്നു വിദേശ ഓപ്പറേറ്റർമാർ വെളളിയാഴ്ച്ച വാങ്ങലുകാരായി. വർഷാരംഭം മുതൽ നിക്ഷേപകരുടെ മേലങ്കി അണിഞ്ഞിരുന്നു ആഭ്യന്തര ഫണ്ടുകളാവട്ടേ ഈ അവസരത്തിൽ വിൽപ്പനയിലേയ്‌ക്കും ചുവടു മാറ്റി. ഫണ്ടുകളുടെ ഈ പാമ്പും കോണി കളിയിൽ നിന്നും വിട്ടു നിൽക്കാൻ ഒരു വിഭാഗം പ്രദേശിക നിക്ഷേപകർ തയ്യാറായത് നഷ്ട സാധ്യത കുറച്ചു.

മുൻ നിര ഓഹരിയായ ടാറ്റാ സ്റ്റീൽ വില ഒന്പത് ശതമാനം ഇടിഞ്ഞ് 108 രൂപയായി. എയർ ടെൽ, എച്ച് യു എൽ, റ്റി സി എസ്, സൺ ഫാർമ്മ, ആക്‌സിസ് ബാങ്ക്, എം ആൻറ് എം, മാരുതി, ഐ സി ഐ സി ഐ ബാങ്ക്, വിപ്രോ, എൽ ആൻറ് റ്റി, എച്ച് ഡി എഫ് സി ബാങ്ക് തുടങ്ങിയവയുടെ നിരക്കും കുറഞ്ഞു. എസ് ബി ഐ, ഇൻഫോസീസ്, റ്റി സി എസ്, ടെക് മഹീന്ദ്ര, ആർ ഐ എൽ, ടാറ്റാ മോട്ടേഴ്സ് ഓഹരികളിൽ നിക്ഷേപകർ താൽപര്യം കാണിച്ചു.

സെൻസെക്‌സ് 60,841 പോയിൻറ്റിൽ നിന്നുള്ള തകർച്ചയിൽ ഒരുവേള 60,062 ലേയ്ക്ക് ഇടിഞ്ഞങ്കിലും പിന്നീട് കാഴ്ച്ചവെച്ച തിരിച്ച് വരവിൽ 60,874 വരെ കയറിയെങ്കിലും വ്യാപാരാന്ത്യം 60,682 പോയിൻറ്റിലാണ്. ഈവാരം 60,200 ലെ സപ്പോർട്ട് നിലനിർത്തി 61,000 ലേയ്ക്ക് ഉയരാനുള്ള ശ്രമം വിജയിച്ചാൽ അടുത്ത ലക്ഷ്യം 61,350 പോയിൻറ്റായി മാറും. വിപണിയുടെ ആദ്യ താങ്ങ് 60,200 റേഞ്ചിലാണ്. ഇത് നിലനിർത്താനായില്ലെങ്കിൽ സെൻസെക്സ് 59,725 ലേയ്ക്ക് സാങ്കേതിക പരീക്ഷണങ്ങൾക്ക് മുതിരും.

നിഫ്റ്റി സൂചിക മുൻവാരത്തിലെ 17,854 ൽ നിന്നും വിൽപ്പന സമ്മർദ്ദത്തിൽ 17,652 വരെ ഇടിഞ്ഞങ്കിലും താഴ്ന്ന റേഞ്ചിൽ നിന്നുള്ള തിരിച്ച് വരവിൽ 17,918 വരെ കയറിയ ശേഷം ക്ലോസിങിൽ 17,856 പോയിൻറ്റിലാണ്. വിദേശനാണ്യ കരുതൽ ശേഖരത്തിൽ വീണ്ടും ഇടിവ്. ഫെബ്രുവരി ആദ്യ വാരം 1.494 ബില്യൺ ഡോളർ കുറഞ്ഞ് കരുതൽ ധനം 575.267 ബില്യൺ ഡോളറായി. 2021 ഒക്ടോബറിൽ രാജ്യത്തെ കരുതൽ ധനം 645 ബില്യൺ ഡോളറായിരുന്നു. വിനിമയ വിപണിയിൽ രൂപയുടെ മൂല്യത്തിലും ഇടിവ്. രൂപ 82.18 ൽ നിന്നും 82.86 ലേയ്ക്ക് ദുർബലമായ ശേഷം ക്ലോസിങിൽ 82.51 ലാണ്.

രാജ്യാന്തര സ്വർണ വിലയിൽ വീണ്ടും ചാഞ്ചാട്ടം. ട്രോയ് ഔൺസിന് 1865 ഡോളറിൽ നിന്നും 1885 വരെ ഉയർന്ന വേളയിൽ ഉടലെടുത്ത വിൽപ്പന തരംഗത്തിൽ 1850 ഡോളറിലേയ്ക്ക് ഇടിഞ്ഞു. വാരാന്ത്യം നിരക്ക് 1865 ഡോളറാണ്. ക്രൂഡ് ഓയിൽ വില വാരാന്ത്യം ബ്യാരലിന് 79.74 ഡോളറിലാണ്. മാർച്ച് മുതൽ റഷ്യ പ്രതിദിന ഉൽപാദനത്തിൽ അഞ്ച് ലക്ഷം ബാരലിൻറ്റ കുറവ് വരുത്തുമെന്ന് പ്രഖ്യാപനം വിലയിൽ വൻ ചാഞ്ചാട്ടങ്ങൾക്ക് സൃഷ്ടിക്കാം. ഡെയ്ലി ചാർട്ടിൽ എണ്ണയ്‌ക്ക്‌ 81.89 ഡോളറിൽ പ്രതിരോധമുണ്ട്, അതേ സമയം എണ്ണ വിപണി ചൂടുപിടിച്ചാൽ 96.88 ഡോളർ വരെ മുന്നേറാം. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top