18 April Thursday

അദാനിയുടെ തകർച്ച; മുഖം മിനുക്കാൻ ശ്രമം നടത്തിയവരും പ്രതിസന്ധിയിൽ

കെ ബി ഉദയ ഭാനുUpdated: Monday Feb 6, 2023

കൊച്ചി > ജീവിതത്തിലും ജീവിത ശേഷവും ഒപ്പം നിൽക്കുന്നുമെന്ന് വാക്ക് പറഞ്ഞ ആ ആഭ്യന്തര ഫണ്ട് ആത്മഹത്യയുടെ മുനമ്പിലാണ്. ചില മുൻനിര ധനകാര്യസ്ഥാപനങ്ങൾ ജനങ്ങളുടെ പണമെടുത്ത് മുങ്ങി താഴുന്ന കപ്പലിൽ ഇറക്കി നക്ഷത്രമെണ്ണുകയാണ്. അദാനിയുടെ തകർച്ചയ്ക്ക് ഇടയിൽ നാൽപതിനായിരം കോടി വാരിയെറിഞ്ഞ് കൃത്രിമായി മുഖം മിനുക്കാൻ ശ്രമം നടത്തിയവരും പ്രതിസന്ധിയിൽ. വൻ ബാധ്യതയാണ് പൊതുമേഖല ബാങ്ക് അടക്കം തലയിൽ വെച്ചിരിക്കുന്നത്. ഹിൻഡൻബർഗ്  ഇന്ത്യയിലെ ഒരു കമ്പനിക്ക് നേരെ മാത്രമേ നിലവിൽ വിരൽ ചൂണ്ടിയിട്ടുള്ളു. അവർ ഇനി പല വൻസ്രാവുകളുടെ ഇത്തരം കഥകൾ പുറത്തുവിട്ടാൽ ഓഹരി വിപണിയിലെ സ്ഥിതിയെന്താവും.

പ്രതികൂല വാർത്തകളാണ് വിപണിക്ക് മുകളിൽ വട്ടമിട്ടു പറന്നതെങ്കിലും പ്രതിവാര നേട്ടത്തിൽ വ്യാപാരം അവസാനിപ്പിക്കാൻ സെൻസെക്‌സിനും നിഫ്റ്റിക്കുമായി. നിഫ്റ്റി ഒന്നര ശതമാനവും സെൻസെക്‌സ് രണ്ടര ശതമാനവും ഉയർന്നു. മുൻനിര ഓഹരികളായ എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, എസ്ബിഐ, ഇൻഡസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ, വിപ്രോ, ഇൻഫോസീസ്, റ്റിസിഎസ്, എച്ച്സിഎൽടെക്, എം ആൻഡ്‌എം, മാരുതി, എയർടെൽ എന്നിവയുടെ വില ഉയർന്നപ്പോൾ വിൽപ്പന സമ്മർദ്ദവും ലാഭമെടുപ്പും ടാറ്റാ മോട്ടേഴ്‌സ്, ആർഐഎൽ, ടാറ്റാ സ്റ്റീൽ, സൺ ഫാർമ്മ ഓഹരികളെ തളർത്തി.

സെൻസെക്‌സ് 59,339 ൽ നിന്നും തുടക്കത്തിൽ അൽപ്പം കരുത്ത് നേടാൻ ശ്രമം നടത്തിയഘട്ടങ്ങളിൽ ഉയർന്ന തലത്തിൽ വിൽപ്പന സമ്മർദ്ദം വിദേശ ഫണ്ടുകളിൽ നിന്നും അനുഭവപ്പെട്ടു. ഏകദേശം 18,000 കോടി രൂപയുടെ വിൽപ്പനയാണ് അവർ നടത്തിയത്. വാരാവസാനം സൂചിക 60,905 ലേയ്ക്ക് തിരിച്ച് കയറിയ ശേഷം 60,841 ൽ ക്ലോസിങ് നടന്നു.

നിഫ്റ്റി സൂചിക 249 പോയിൻറ് വർദ്ധിച്ചു. താഴ്ന്ന നിലവാരമായ 17,353 ൽ നിന്നും 17,976 വരെ മുന്നേറിയെങ്കിലും 18,000 നെ കൈപിടയിൽ ഒതുക്കാനായില്ലെന്ന് മാത്രമല്ല, വ്യാപാരാന്ത്യം 17,854 പോയിൻറ്റായി താഴുകയും ചെയ്‌തു. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ഈവാരം 17,480‐18,224 റേഞ്ചിൽ നിലകൊള്ളാം.

രൂപയ്ക്ക് കനത്ത മൂല്യം തകർച്ച. ഡോളറിന് മുന്നിൽ രൂപ 81.51 ൽ നിന്നും 82.30 ലേയ്ക്ക് ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യം 82.18 ലാണ്. രൂപയുടെ സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ 81.49  82.96 റേഞ്ചിൽ ഈ വാരം നിലകൊള്ളാം. വിദേശ ഫണ്ടുകളും കോർപ്പറേറ്റുകളും ഡോളറിൽ താൽപര്യം കാണിച്ചത് ഏഷ്യൻ കറൻസികളിൽ രൂപയ്ക്ക് കനത്ത പ്രഹരമായി. വിദേശ കരുതൽ ശേഖരം ഉയർന്നവേളയിലും രൂപയ്ക്ക് കരുത്ത് നഷ്‌ടപ്പെട്ടു. കരുതൽ ധനം ഏഴ് മാസത്തെ ഉയർന്ന നിരക്കായ 577 ബില്യൺ ഡോളറിലെത്തി.

അന്താരാഷ്ട്ര സ്വർണ വില ട്രോയ് ഔൺസിന് 1927 ഡോളറിൽ നിന്നും 1960 ലെ പ്രതിരോധ മേഖലയിലേയ്ക്ക് ഉയർന്നശേഷം 1864 ഡോളറിലേയ്ക്ക് വാരാന്ത്യം ഇടിഞ്ഞു. ഡെയ്‌ലി ചാർട്ടിൽ ബുള്ളിഷ് ട്രൻറ് നിലനിർത്താൻ മഞ്ഞലോഹം ക്ലേശിക്കുന്ന സാഹചര്യത്തിൽ താഴ്ന്ന തലങ്ങളിലേയ്ക്ക് തിരുത്തലിന് നീക്കം നടത്താം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top