22 March Wednesday

അദാനി: ഓഹരി സൂചികയുടെ വീഴ്ച്ചയിൽ പകച്ച് പ്രദേശിക നിക്ഷേപകർ

കെ ബി ഉദയ ഭാനുUpdated: Sunday Jan 29, 2023

കൊച്ചി> ഓഹരി സൂചികയിൽ അദാനി മൂലം സംഭവിച്ച രക്തചോരിച്ചിലിന് മുന്നിൽ പകച്ച് നിൽക്കുകയാണ് പ്രദേശിക നിക്ഷേപകർ. മുൻ നിര ഓഹരികൾക്ക് ഒപ്പം ഇൻഡക്‌സുകളിലും സംഭവിച്ച വിള്ളൽ വിപണിയുടെ സാങ്കേതിക വശങ്ങളെയും തളർത്തി. പുതുവർഷം പിറന്ന ശേഷം തുടർച്ചയായി രണ്ടാഴ്ച്ചകളിൽ വാരികൂട്ടിയ നേട്ടമത്രയും ഒറ്റ ദിവസത്തെ മലവെള്ള പാച്ചിലിൽ ഒലിച്ചുപോയി.  
   
രാജ്യം പുതിയ ബജറ്റിന് ഒരുങ്ങി നിൽക്കെ സെൻസെക്‌സും നിഫ്റ്റിയും മൂന്ന് മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് ഇടിഞ്ഞത് ബാങ്കിംഗ്, ഫിനാൻഷ്യൽ, യൂട്ടിലിറ്റികൾ, ഓയിൽ ഓഹരികളിൽ ശക്തമായ സാങ്കേതിക തിരുത്തലിന് വഴിതെളിച്ചു. മുൻ നിര ഇൻഡക്‌സുകൾ ഒരു ശതമാനത്തിലേറെ വെളളിയാഴ്ച്ച ഇടിഞ്ഞു. ജനുവരിയിലെ ഏറ്റവും വലിയ ഒറ്റ ദിവസ നഷ്ടമാണ് വാരാന്ത്യം  സംഭവിച്ചത്.

ബജറ്റ് പ്രഖ്യാപനത്തിനുള്ള അവസാന മിനുക്ക് പണികളിലാണ് ധനമന്ത്രി. ഫെബ്രുവരി ഒന്നിന് തന്നെയാണ് യു എസ് ഫെഡ് റിസർവ് വായ്പ്പാ അവലോകന യോഗവും. വാരത്തിന്റ്റ ആദ്യ പകുതി ഇന്ത്യൻ നിഷേപകന്റ്റ രക്തസമ്മർദ്ദം ഉയർന്ന് നിൽക്കും. അതേ സമയം വെളളിയാഴ്ച്ച സംഭവിച്ച തകർച്ചയിൽ നിന്നും ശക്തമായ തിരിച്ചു വരവ് സൂചിക കാഴ്ച്ചവെക്കാനുള്ള സാധ്യത തള്ളികളയാനാവില്ല.  

അദാനി ഗ്രൂപ്പിന് എതിരെ അമേരിക്കൻ  നിക്ഷേപ  ഗവേഷണ  ഗ്രൂപ്പായ  ഹിന്‌ഡെൻ ബെർഗിന്റ്റ വിലയിരുത്തലിനെ നിയമ നടപടികളിലുടെ നേടുമെന്ന വെളിപ്പെടുത്തൽ തകർച്ചയ്ക്ക് അതേ നാണയത്തിൽ തിരിച്ചടിക്ക്  അവസരം ഒരുക്കാം. തിങ്കളാഴ്ച്ച ഇടപാടുകളുടെ രണ്ടാം പകുതിയിലും തിരിച്ച് വരവ് നടത്താനായില്ലെങ്കിൽ വിപണി കൂടുതൽ പ്രതിസന്ധിലാവും.

ഒരാഴ്ച്ച നീണ്ട ലൂണാർ പുതുവത്സരാഘോഷങ്ങൾക്ക് ശേഷം ഇടപാടുകൾ പുനരാരംഭിക്കുന്ന ചൈനീസ് മാർക്കറ്റിലേയ്ക്ക് വിദേശ ഫണ്ടുകളുടെ കണ്ണ് തിരിയാം. താൽക്കാലികമായി ബീജിങ് സുരക്ഷിതമെന്ന നിലപാടിലാണ് പല വിദേശ ഓപ്പറേറ്റർമാരും.
 വാരമദ്ധ്യതോടെ വിപണിക്ക് മുകളിൽ കരിമേഘങ്ങൾ കണ്ട് തുടങ്ങിയതിനിടയിൽ വിദേശ ഫണ്ടുകൾ അവരുടെ വിൽപ്പനതോതിൽ വർദ്ധന വരുത്തി. പോയവാരം വിദേശ ഫണ്ടുകൾ 9353 കോടി രൂപയുടെ ഓഹരികൾ വിറ്റു, ഈ മാസത്തെ അവരുടെ മൊത്തം വിൽപ്പന 29,232 കോടി രൂപയാണ്.

ബോംബെ സെൻസെക്‌സ് 60,621 ൽ നിന്നും 61,140 പോയിന്റ്റ് വരെ ഉയർന്നു. ഇതിനിടയിൽ വിദേശ ഓപ്പറേറ്റർമാർ ശക്തമായ വിൽപ്പനയുമായി രംഗത്ത് അണിനിരന്നതോടെ വാരത്തിന്റ്റ രണ്ടാം പകുതിയിൽ സൂചിക ആടി ഉലഞ്ഞു. വെള്ളിയാഴ്ച്ച അദാനി ഗ്രൂപ്പിന് കുറച്ചുള്ള വാർത്തകൾ വിപണി പൂർണമായി വിൽപ്പനക്കാരുടെ നിയന്ത്രണത്തിലാക്കി. സെൻസെക്‌സ് ഒക്ടോബറിലെ നിലവാരമായ 58,974 പോയിന്റ് വരെ ഇടിഞ്ഞെങ്കിലും ക്ലോസിങിൽ 59,330 പോയിന്റ്റിലാണ്.

നിഫ്റ്റി 18,027 ൽ നിന്നും 18,199 വരെ കുതിച്ചതോടെ ഒരു വിഭാഗം ലാഭമെടുപ്പിലേയ്ക്ക് ചുവടുമാറ്റിയത് സൂചികയെ 17,494 ലേയ്ക്ക് തളർത്തി, മാർക്കറ്റ് ക്ലോസിങിൽ നിഫ്റ്റി 17,604 പോയിന്റ്റിലാണ്. ഈവാരം നിഫ്റ്റി 17,05918,030 റേഞ്ചിൽ നീങ്ങാം.  മുൻ നിര ബാങ്കിംങ് ഓഹരിയായ എസ് ബി ഐ യുടെ നിരക്ക് പോയവാരം 8.77 ശതമാനം ഇടിഞ്ഞു. ഇൻഡസ് ബാങ്ക് ഏഴ് ശതമാനം കുറഞ്ഞപ്പോൾ ആക്‌സിസ് ബാങ്ക് വില ആറ് ശതമാനം താഴ്ന്നു. ഐ സി ഐ സി ഐ, എച്ച് ഡി എഫ് സി ബാങ്ക്, എച്ച് ഡി എഫ് സി, ആർ ഐ എൽ, ടാറ്റാ സ്റ്റീൽ, വിപ്രോ, ഇൻഫോസീസ് തുടങ്ങിയവയ്ക്കും തിരിച്ചടി.

രൂപയ്ക്ക് വീണ്ടും മൂല്യം തകർച്ച. ഡോളറിന് മുന്നിൽ രൂപ 81.12 ൽ നിന്നും 81.67 ലേയ്ക്ക് ദുർബലമായ ശേഷം വാരാന്ത്യം 81.51 ലാണ്. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 1926 ഡോളറിൽ നിന്നും 1948 ലേയ്ക്ക് ഉയർന്നതിനിടയിൽ  ഫണ്ടുകളുടെ ലാഭമെടുപ്പ് സ്വർണത്തെ 1916 ലേയ്ക്ക് തളർത്തി. എന്നാൽ ഈ റേഞ്ചിൽ പുതിയ ബയ്യർമാരുടെ വരവിൽ തൊട്ട് മുൻവാരത്തെ അപേക്ഷിച്ച് ഒരു ഡോളർ മികവിൽ 1927 ഡോളറിൽ ക്ലോസിങ് നടന്നു. തുടർച്ചയായ ആറാം വാരത്തിലും സ്വർണം മികവിലാണെങ്കിലും വിപണി കിതച്ച് തുടങ്ങിയതായി വേണം വിലയിരുത്താൻ.

സ്വർണത്തിൽ ഒരു സാങ്കേതിക തിരുത്തലുണ്ടായാൽ 1912-1898 ൽ സപ്പോർട്ടുണ്ടെങ്കിലും ഇത് നഷ്ടപ്പെട്ടാൽ 1866 വരെ സഞ്ചരിക്കാം. യു എസ് ഫെഡിന്റ്റ ചില പ്രഖ്യാപനങ്ങൾക്ക് സ്വർണത്തെ താഴ്ന്ന റേഞ്ചിൽ നിന്നും 19441962 ഉയർത്താം.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top