23 April Tuesday

പുതുവർഷത്തിൽ കുതിപ്പ് തുടരാൻ ഇന്ത്യൻ ഓഹരി വിപണി

കെ ബി ഉദയ ഭാനുUpdated: Sunday Jan 1, 2023

കൊച്ചി> റെക്കോർഡ് കുതിപ്പ് കാഴ്‌‌ചവെച്ച ഇന്ത്യൻ ഓഹരി വിപണി പുതു വർഷത്തിൽ കുടുതൽ തിളക്കമാർന്ന പ്രകടനങ്ങൾക്കുള്ള തയ്യാറെടുപ്പിൽ. അമേരിക്കൻ വിപണിക്ക് കനത്ത തിരിച്ചടിയാണ് 2022 ൽ നേരിട്ടതെങ്കിൽ ബോംബെ സെൻസെക്‌സും നിഫ്റ്റിയും പിന്നിട്ട ഒരു വർഷകാലയളവിൽ നാല് ശതമാനത്തിൽ അധികം മികവ് കാണിച്ചു, സെൻസെക്‌സ് 2586 പോയിന്റും നിഫ്റ്റി 751 പോയിന്റ്റും വാരികൂട്ടി. അമേരിക്കയിൽ ഐ റ്റി വിഭാഗങ്ങൾക്ക് മുൻ തൂക്കം നൽക്കുന്ന നാസ്ഡാക്ക് സൂചികയ്ക്ക് 33 ശതമാനം ഇടിവ് പോയ വർഷം നേരിട്ടു. ഡൗ ജോൺസ് സൂചിക 8.7 ശതമാനം ഇടിഞ്ഞപ്പോൾ എസ് ആന്റ് പി 500 സൂചിക 19 ശതമാനം തകർച്ചയിലാണ്. പലിശ നിരക്ക് ഉയർത്തി സാന്പത്തിക പ്രതിസന്ധി മറികടക്കാൻ ഫെഡ് റിസർവ് നടത്തിയ നീക്കങ്ങൾ ഫലത്തിൽ ഓഹരി വിപണിയുടെ നടുവൊടിച്ചു.

പ്രമുഖ നാണയങ്ങൾക്ക് മുന്നിൽ ഡോളറിന്റെ മൂല്യത്തിൽ എട്ട് ശതമാനം നേട്ടം കൈവരിച്ചെങ്കിലും ഉദ്ദേശിച്ച ലക്ഷ്യത്തിലേയ്ക്ക് സാന്പത്തിക മേഖലയെ കൈപിടിച്ച് ഉയർത്താൻ കേന്ദ്ര ബാങ്കിനായില്ല. ഇതിനിടയിൽ ഇന്ത്യൻ രൂപയുടെയും കാലിടറി. ഏകദേശം പതിനൊന്ന് ശതമാനം മൂല്യ തകർച്ചയാണ് രൂപയ്ക്ക് സംഭവിച്ചത്. വർഷാരംഭത്തിൽ  74.15 ൽ നീങ്ങിയ രൂപ ഒരവസരത്തിൽ 73.76 ലേയ്ക്ക് മെച്ചപ്പെട്ടങ്കിലും അതിന് അൽപ്പായുസ് മാത്രമേ ലഭിച്ചുള്ളു. ഇതിനിടയിൽ വിദേശ ധനകാര്യസ്ഥാപനങ്ങൾ നിക്ഷേപങ്ങൾ തിരിച്ചു പിടിക്കാൻ മത്സരിച്ച് രംഗത്ത് ഇറങ്ങിയതോടെ ഒക്ടോബറിൽ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 83.28 ലേയ്ക്ക് ഇടിഞ്ഞ ശേഷം ക്ലോസിങിൽ 82.71 ലാണ്. ഒരു വർഷത്തിനിടയിൽ എട്ട് രൂപ 56 പൈസയുടെ ഇടിവ് രൂപയ്ക്ക് സംഭവിച്ചു.  

ഡിസംബറിൽ വിദേശ ഫണ്ടുകൾ 22,546 കോടി രൂപ ഓഹരിയിൽ നിക്ഷേപിച്ചപ്പോൾ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ ഒരു മാസം 6301 കോടി രൂപയുടെ വിൽപ്പന നടത്തി. കഴിഞ്ഞവാരം വിദേശ ഓപ്പറേറ്റർമാർ 5763 കോടി രൂപയുടെ ലാഭമെടുപ്പ് നടത്തി. ആഭ്യന്തര ഫണ്ടുകൾ 5063 കോടിയുടെ ഓഹരികൾ കഴിഞ്ഞവാരം വാരികൂട്ടി. പിന്നിട്ടവാരം ബോംബെ സെൻസെക്‌സ് 995 പോയിന്റ്റും നിഫ്റ്റി സൂചിക 298 പോയിന്റ്റും നേട്ടത്തിലാണ്. നിഫ്റ്റി താഴ്ന്ന നിലവാരമായ 17,900 റേഞ്ചിൽ നിന്നും 18,265 പോയിന്റ് വരെ കയറി നിക്ഷേപകരെ ആവേശം കൊള്ളിച്ചെങ്കിലും വ്യാപാരാന്ത്യം സുചിക 18,105 പോയിന്റ്റിലാണ്. ഈവാരം 17,917 ലെ ആദ്യ സപ്പോർട്ട് നിലനിർത്തി 18,278 ലേയ്ക്ക് ഉയരാനുള്ള ശ്രമം വിജയിച്ചാൽ അടുത്ത ലക്ഷ്യം 18,450 പോയിന്റായി മാറും.  

സെൻസെക്‌സ് 59,730 റേഞ്ചിൽ നിന്നുള്ള കുതിപ്പിൽ 61,392 വരെ ഉയർന്നഘട്ടത്തിലെ ലാഭമെടുപ്പ് മൂലം വ്യാപാരാന്ത്യം 60,840 പോയിന്റിലാണ്. ഈ വാരം വിപണി 59,72561,949 റേഞ്ചിൽ നീങ്ങാം. ടാറ്റാ സ്റ്റീൽ ഓഹരി വില പത്ത് ശതമാനം നേട്ടവുമായി 112 രൂപയിലെത്തി. എസ് ബി ഐ എഴ് ശതമാനം മികവിൽ 613 രൂപയിലും ഇൻഡസ് ബാങ്ക് ആറര ശതമാനം കരുത്ത് കാണിച്ച് 1221 രൂപയും ഉയർന്നു. ആർ ഐ എൽ, ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, വിപ്രോ, ഇൻഫോസീസ്, റ്റി സി എസ്, എച്ച് സി എൽ ടെക്, എൽ ആന്റ് റ്റി തുടങ്ങിയവ പോയവാരം ശ്രദ്ധിക്കപ്പെട്ടു.  


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top