19 April Friday

സാമ്പത്തിക മാന്ദ്യം മുന്‍നിര്‍ത്തി നിക്ഷേപകര്‍ ജാഗ്രതയോടെ വിപണിയെ സമീപിക്കുന്നു

കെ ബി ഉദയഭാനുUpdated: Sunday Dec 11, 2022

ഓഹരി സൂചികയിലെ കുതിപ്പിനിടയില്‍  വിദേശ ഓപ്പറേറ്റമാര്‍ ലാഭമെടുപ്പിന് രംഗത്തിറങ്ങിയത് ഇന്ത്യന്‍ ഇന്‍ഡക്‌സുകളില്‍ വിള്ളലുളവാക്കി. പിന്നിട്ടവാരം ബോംബെ സെന്‍സെക്‌സും നിഫ്റ്റിയും ഒരു ശതമാനം താഴ്ന്നു. ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ നിഷേപകരായപ്പോള്‍ വിദേശ ഫണ്ടുകള്‍ എല്ലാ ദിവസങ്ങളിലും വില്‍പ്പനയ്ക്ക് മത്സരിച്ചു. സെന്‍സെക്‌സ് 686 പോയിന്റ്റും നിഫ്റ്റി 199 പോയിന്റ്റും പിന്നിട്ടവാരം താഴ്ന്നു.

   വാരത്തിന്റെ ആദ്യ പകുതിയില്‍ പണത്തിന്റെ ഒഴുക്ക് ഉയര്‍ന്ന് നിന്നെങ്കിലും കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയത് സ്ഥിതിഗതികള്‍ പാടെ തകിടം മറിച്ചു. ധനമന്ത്രാലയം പണപ്പെരുപ്പിനെതിരെ നടത്തുന്ന നീക്കങ്ങള്‍ക്കിടയിലെ പലിശ വര്‍ദ്ധന പുതുവര്‍ഷത്തിലും തുടരും. പോയവാരം ആര്‍ ബി ഐ റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റ് ഉയര്‍ത്തി.

    യു എസ് ഫെഡ് റിസര്‍വ് ബുധനാഴ്ച്ച പുതിയ പലിശ നിരക്ക് പ്രഖ്യാപിക്കും. അമേരിക്കന്‍ കേന്ദ്ര ബാങ്ക് 50 ബേസീസ് പോയിന്റ്റ് ഉയര്‍ത്തിയാല്‍ ഓപ്പറേറ്റര്‍മാര്‍ ഓഹരികളില്‍ പ്രോഫിറ്റ് ബുക്കിങിന് ഇറങ്ങും.ഊഹക്കച്ചവടക്കാര്‍ കഴുകന്‍ കണ്ണുമായി പുതിയ ഷോട്ട് പൊസിഷനുകള്‍ ഇതിനകം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. വാരമദ്ധ്യം യൂറോപ്യന്‍ കേന്ദ്ര ബാങ്ക് യോഗം ചേരും.വെളളിയാഴ്ച്ച ബ്രിട്ടീഷ് കേന്ദ്ര ബാങ്ക് നിരക്ക് ഉയര്‍ത്താനിടയുണ്ട്.

 രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച

രൂപ 81.31 ല്‍ നിന്നും 82.48 ലേയ്ക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം 82.28 ലാണ്. സാങ്കേതികമായി വീക്ഷിച്ചാല്‍ രൂപയുടെ മൂല്യം 82.97 ലേയ്ക്ക് ദുര്‍ബലമാകാം.  ഫണ്ടുകള്‍ പ്രോഫിറ്റ് ബുക്കിങിന് മത്സരിച്ചതിനാല്‍  സെന്‍സെക്‌സ് 62,939 പോയിന്റ്റില്‍ നിന്നും 61,889 ലേയ്ക്ക് ഇടിഞ്ഞു. ഇതിനിടയില്‍ ആഭ്യന്തര ഫണ്ടുകള്‍ ഏതാണ്ട് 4271 കോടി രൂപയുടെ നിക്ഷേപം നടത്തിയ പിന്‍ബലത്തില്‍ വ്യാപാരാന്ത്യം വിപണി 62,181 ലേയ്ക്ക് തിരിച്ചു വരവ് നടത്തി. ഈവാരം സെന്‍സെക്‌സ് 61,730 ലെ സപ്പോര്‍ട്ട് നിലനിര്‍ത്തി 62,780 ലേയ്ക്ക് മുന്നോറാന്‍ ശ്രമിക്കാം. ഇതിനിടയില്‍ വിദേശത്ത് നിന്നുള്ള പ്രതികൂല വാര്‍ത്തകള്‍ സൂചികയെ 61,280 റേഞ്ചിലേയ്ക്ക് സാങ്കേതികമായി തളര്‍ത്താം.

   നിഫ്റ്റി 18,696 ല്‍ നിന്നും ഓപ്പണിങ് വേളയില്‍ 18,728 ലേയ്ക്ക് മികവ് കാണിച്ചതിനിടയില്‍ ഓപ്പറേറ്റര്‍മാര്‍ ലാഭമെടുപ്പിന് ഉത്സാഹിച്ചത് സൂചികയെ 18,410 ലേയ്ക്ക് തളര്‍ത്തി. ഇതിനിടയില്‍ ഒരു വിഭാഗം താഴ്ന്ന റേഞ്ചില്‍ ബയ്യിങിന് ഉത്സാഹിച്ചതോടെ വ്യാപാരാന്ത്യം നിഫ്റ്റി 18,496 പോയിന്റ്റായി കയറി. എന്നാല്‍ 18,500 പോയിന്റ്റിലെ നിര്‍ണായക സപ്പോര്‍ട്ടിന് മുകളില്‍ ഇടം പിടിക്കാന്‍ കഴിയാഞ്ഞത് ദുര്‍ബലാവസ്ഥയ്ക്ക് ഇടയാക്കാം.
   
 മുന്‍നിര ഓഹരിയായ എച്ച് യു എല്‍, ഐ റ്റി സി, എല്‍ ആന്റ് റ്റി, എസ് ബി ഐ, എച്ച് ഡി എഫ് സി ബാങ്ക്, എച്ച് ഡി എഫ് സി, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ് ബാങ്ക് തുടങ്ങിയ ശ്രദ്ധിക്കപ്പെട്ടു. വില്‍പ്പന സമ്മര്‍ദ്ദത്തില്‍ എച്ച് സി എല്‍ ടെക് ഓഹരി വില 9.46 ശതമാനം ഇടിഞ്ഞു, ടെക് മഹീന്ദ്ര, വിപ്രോ, ഇന്‍ഫേസീസ്, റ്റി സി എസ്  തുടങ്ങിയ ഐ റ്റി ഓഹരികള്‍ക്ക് തിരിച്ചടി നേരിട്ടു.
 
  സാമ്പത്തിക മാന്ദ്യം മുന്‍നിര്‍ത്തി നിക്ഷേപകര്‍ ജാഗ്രതയോടെയാണ് വിപണിയെ സമീപിക്കുന്നത്. മ്യൂച്വല്‍ ഫണ്ട് ഇക്വിറ്റി സ്‌കീമുകളിലേക്ക് ഒക്ടോബറില്‍ 9390 കോടി രൂപയെത്തിയെങ്കില്‍ നവംന്പറില്‍ അത് 2258 കോടി രൂപയായി ചുരുങ്ങി. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ മാസാരംഭത്തിലെ ബാരലിന് 83 ഡോളറില്‍ നിന്ന് ഇതിനകം 71 ഡോളറായി. ന്യൂയോര്‍ക്കില്‍ സ്വര്‍ണത്തില്‍ ശക്തമായ ചാഞ്ചാട്ടം ദൃശ്യമായി. ട്രോയ് ഔണ്‍സിന് 1804 ഡോളില്‍ നിന്നും 1770 ലേയ്ക്ക് ഇടിഞ്ഞ ശേഷം 1797 ല്‍ ക്ലോസിങ് നടന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top