27 April Saturday

ലോക്‌ഡൗണിലും കയറ്റുമതി വര്‍ധന ലക്ഷ്യമിട്ട് സ്‌പൈസസ് ബോര്‍ഡ്; ബയര്‍-സെല്ലര്‍ മീറ്റും വെബിനാറും സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 20, 2021

Photo Credit: Wikkipedia

‌‌‌‌കൊച്ചി > തായ്‌ലാന്‍ഡിലേയ്‌ക്കുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി സ്ഥാപനങ്ങളേയും തായ്‌ലാന്‍ഡിലെ ഇറക്കുമതി സ്ഥാപനങ്ങളേയും പങ്കെടുപ്പിച്ച് സ്‌പൈസസ് ബോര്‍ഡ് ആഗോള ബയര്‍-സെല്ലര്‍ മീറ്റും (ഐബിഎസ്എം) വെബിനാറും സംഘടിപ്പിച്ചു. ബാങ്കോക്കിലെ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച്‌ സംഘടിപ്പിച്ച വെബിനാർ തായ്‌ലാന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ സുചിത്ര ദൗരൈ ഉദ്ഘാടനം ചെയ്‌തു.

240 കയറ്റുമതി സ്ഥാപന പ്രതിനിധികളും തായ്‌ലാന്‍ഡില്‍ നിന്നുള്ള 60-ലേറെ ഇറക്കുമതി സ്ഥാപന പ്രതിനിധികളും വെബിനാറിൽ പങ്കെടുത്തു. കയറ്റുമതി സുഗമമാക്കുന്നതിനായി വിര്‍ച്വല്‍ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതിന്റെ തയ്യാറെടുപ്പിലാണ് ബോര്‍ഡ്. വിപണി വിവരങ്ങള്‍ അപ്പപ്പോള്‍ ലഭിക്കാനും കയറ്റുമതിക്കാര്‍ക്ക് അവരുടെ വിര്‍ച്വല്‍ ഓഫീസുകള്‍ തുറക്കാനും ഈ പോര്‍ട്ടലില്‍ സൗകര്യമുണ്ടാകും. വിര്‍ച്വല്‍ ട്രേഡ് ഫെയറുകള്‍, സെമിനാറുകള്‍, പരിശീലന പരിപാടികള്‍ തുടങ്ങിയവ നടത്താനും പോർട്ടലിലൂടെ സാധിക്കും.

വാണിജ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2020-21 വര്‍ഷം ഇന്ത്യയില്‍ നിന്ന് 30,000 കോടി രൂപയുടെ 17 ലക്ഷം ടണ്‍ സുഗന്ധവ്യഞ്ജനങ്ങള്‍ കയറ്റുമതി ചെയ്‌തു. കോവിഡ് ഭീഷണി നിലനില്‍ക്കുമ്പോഴും 4 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നടത്താനായത് വന്‍നേട്ടമാണ്. നിലവില്‍ തായ്‌ലാന്‍ഡിലേയ്‌ക്ക് ഇന്ത്യ പ്രതിവര്‍ഷം  944.35 കോടി രൂപയുടെ  68,225 ടണ്‍ സുഗന്ധവ്യഞ്ജനങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. മൊത്തം സ്‌പൈസസ് കയറ്റുമതിയുടെ 6%വും മൂല്യത്തിന്റെ 5%വും വരുമിത്. മുളക്, മഞ്ഞള്‍, വെളുത്തുള്ളി, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍, സൈപ്‌സ് ഓയിലുകള്‍, ഒലിയോറെസിന്‍സ്, കറി പൗഡറുകള്‍ എന്നിവയ്‌ക്കാണ് തായ്‌ലാന്‍ഡില്‍ വിപണി.

ഭാവിയില്‍ ചിക്കന്‍ കറി, ഫിഷ് കറി, മീറ്റ് മസാല, റെഡി റ്റു ഈറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക്‌ തായ്‌ലാന്‍ഡില്‍ കൂടുതല്‍ വിപണി പ്രതീക്ഷിക്കാവുന്നതാണെന്ന് വെബിനാര്‍ വിലയിരുത്തി. തായ്‌ലാന്‍ഡിലെ ഭക്ഷ്യോല്‍പ്പന്ന, മാംസസംസ്‌കരണ മേഖലകളില്‍ നിന്നുള്ള വര്‍ധിച്ചു വരുന്ന വ്യാവസായിക ഡിമാന്‍ഡ് കണക്കിലെടുത്ത് തായ്‌ലാന്‍ഡില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കാനാണ് ബോര്‍ഡിന്റെ തീരുമാനം. കേന്ദ്ര വാണിജ്യ ജോയിന്റ് സെക്രട്ടറി ദിവാകര്‍ നാഥ് മിശ്ര, സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി. സത്യന്‍ എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top