19 April Friday

ഇന്ത്യയില്‍നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ വര്‍ധന

വെബ് ഡെസ്‌ക്‌Updated: Wednesday Dec 23, 2020


കൊച്ചി
ഇന്ത്യയില്‍നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി ഏപ്രില്‍–--സെപ്തംബര്‍ കാലത്ത്‌ ഏഴു ലക്ഷം ടണ്‍ കവിഞ്ഞു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അളവില്‍ 19 ശതമാനവും മൂല്യത്തില്‍ 16 ശതമാനവുമാണ്‌ വർധന. ഇക്കാലയളവിലെ ആകെ കയറ്റുമതി 7,00,150 ടണ്ണാണ്. ഇതിന് 12,273.81 കോടി രൂപയുടെ മൂല്യമുണ്ട്. മുന്‍വര്‍ഷം ഇത് 10,588.98 കോടി രൂപ മൂല്യമുള്ള 5,86,090 ടണ്‍ ആയിരുന്നു.

മുളക്, ജീരകം, മഞ്ഞള്‍, മല്ലി, ഇഞ്ചി എന്നിവയാണ് കയറ്റുമതിയില്‍ മുന്നില്‍. ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്തത് മുളകാണ്. 2,64,500 ടണ്‍. ഇതിലൂടെ 3605 കോടി രൂപ നേടി.  ജീരകമാണ് രണ്ടാം സ്ഥാനത്ത്. 1,53,000 ടണ്‍  2167.7 കോടി രൂപ നേടി.
ഏലത്തിനാണ് അളവിലും മൂല്യത്തിലും കൂടുതൽ വര്‍ധനവുണ്ടായത്. മുൻവർഷത്തേക്കാൾ അളവില്‍ 369 ശതമാനവും മൂല്യത്തില്‍ 483 ശതമാനവും വർധിച്ചു. കഴിഞ്ഞവര്‍ഷം ഇക്കാലത്ത്‌ 56.52 കോടി രൂപയുടെ 405 ടണ്‍ ഏലക്കായ കയറ്റുമതി ചെയ്തു. ഇത്തവണ അത്‌ 329.50 കോടി രൂപ വിലമതിക്കുന്ന 1900 ടണ്‍ ആയി.

കോവിഡ്- മഹാമാരിയുടെ പശ്ചാത്തലത്തില്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് ഉയര്‍ന്ന ആവശ്യകതയാണുണ്ടായത്. മഞ്ഞള്‍ കയറ്റുമതി അളവില്‍ 42 ശതമാനവും മൂല്യത്തില്‍ 35 ശതമാനവും വർധിച്ചു. 858.10 കോടി രൂപ മൂല്യമുള്ള 99,000 ടണ്‍ മഞ്ഞളാണ് കയറ്റുമതി ചെയ്തത്.

ഇക്കാലയളവിലെ ഇഞ്ചി കയറ്റുമതി അളവില്‍ 86 ശതമാനം വര്‍ധന നേടി.  23,700 ടണ്‍ ഇഞ്ചി കയറ്റുമതി ചെയ്തു.
ഉലുവ, മല്ലി, കടുക്, അനിസീഡ്, ദില്‍ സീഡ് തുടങ്ങിയവയും ഇന്ത്യയില്‍നിന്ന് കയറ്റുമതി ചെയ്തു. ഉലുവ കയറ്റുമതി അളവില്‍ 58 ശതമാനവും മൂല്യത്തില്‍ 61 ശതമാനവും ഉയര്‍ന്നു.

ആകെ കയറ്റുമതി ചെയ്തത് 17,200 ടണ്‍ ഉലുവയാണ്. മല്ലിയുടെ കയറ്റുമതി അളവില്‍ ഒമ്പതു ശതമാനവും മൂല്യത്തില്‍ 19 ശതമാനവും വര്‍ധിച്ചു. 227.32 കോടി രൂപ വിലമതിക്കുന്ന 26,750 ടണ്‍ മല്ലിയാണ് ഇക്കാലയളവില്‍ കയറ്റുമതി ചെയ്തത്.
ജാതിക്ക, ജാതിപത്രി എന്നിവയുടെ കയറ്റുമതിയിലും ഗണ്യമായ വര്‍ധന രേഖപ്പെടുത്തി.

അളവില്‍ 49 ശതമാനവും മൂല്യത്തില്‍ 45 ശതമാനവും ഉയര്‍ന്നു.  75.50 കോടി രൂപ മൂല്യംവരുന്ന 1650 ടണ്‍ ജാതിക്കയും ജാതിപത്രിയുമാണ് കയറ്റി അയച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top