20 April Saturday

കൊറോണ ബാധ :ഓഹരി വിപണിയിൽ വൻ ഇടിവ്‌; സെന്‍സെക്‌സ് 1,100ലധികം പോയിൻറ്‌ താഴ്‌ന്നു

വെബ് ഡെസ്‌ക്‌Updated: Friday Feb 28, 2020

മുംബൈ> കൊറോണ വൈറസ് ഭീതി തുടരുന്നതിനിടെ ഓഹരി വിപണിയില്‍ വൻ ഇടിവ്‌.  വെള്ളിയാഴ്ച രാവിലെ ഒമ്പതിന്‌ വിപണിയുടെ ആരംഭിച്ചപ്പോള്‍ ആദ്യ അഞ്ച് മിനിറ്റിൽ തന്നെ മുംബൈ സെന്‍സെക്‌സ് 1000 പോയിന്റുകളില്‍ അധികം ഇടിഞ്ഞു. ദേശീയ സൂചികയായ നിഫ്റ്റി 321 പോയിന്റും ഇടിഞ്ഞു. രണ്ട് സൂചികകളും 2.5 ശതമാനത്തിലധികമാണ് ഇടിവ് രേഖപ്പെടുത്തിയത്.

സെന്‍സെക്‌സ് 1,083.85 പോയിന്റുകള്‍ ഇടിഞ്ഞ് 38,661.81 നിലവാരത്തിലേക്കും നിഫ്റ്റി 321.40 പോയിന്റുകള്‍ ഇടിഞ്ഞ് 11,311.90 നിലവാരത്തിലേക്കും എത്തി. 10.55 മണിക്ക് സെന്‍സെക്‌സ് 38,620.48, നിഫ്റ്റി 11,298.10 എന്ന നിലകളിലാണ്.കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ പത്തോളം രാജ്യങ്ങളില്‍ ആദ്യ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതാണ്‌ ഓഹരിവിപണിയെ ബാധിച്ചത്‌.  ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ പ്രധാന സാമ്പത്തിക ശക്തികളായ രാജ്യങ്ങളിലേക്കും വൈറസ് പടര്‍ന്നതും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ നൈജീരിയയിലും രോഗം റിപ്പോര്‍ട്ട് ചെയ്തതും തിരിച്ചടിയായി .

നിക്ഷേപക‍ര്‍ക്കിടയിൽ സൃഷ്ടിച്ച അനിശ്ചിതത്വം ആണ് പ്രധാനമായും വിപണിയെ ബാധിച്ചത്. അമേരിക്കൻ വിപണിയും വലിയ ഇടിവ് നേരിടുകയാണ്.

സെൻസെക്സ് 1000ത്തിലധികം പോയിൻറിലേക്ക് താഴ്ന്നതോടെ നിക്ഷേപകർക്ക് മിനിറ്റുകൾകൊണ്ട് അഞ്ച് ലക്ഷം കോടി രൂപയോളം നഷ്ടമായി. ടിസിഎസ്, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി തുടങ്ങിയവയുടെ എല്ലാം ഓഹരികൾ നഷ്ടത്തിലാണ്.ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം 38 പൈസകുറയുകയും ചെയ്തു.  ഡോളറിനെതിരെ 71.55 ആയിരുന്ന രൂപയുടെ വില  71.93 ല്‍ എത്തിയിരിക്കുന്നു.തുടര്‍ച്ചയായ ആറാം ദിവസമാണ് ഓഹരി വിപണിയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്.  ആഗോള ഓഹരി വിപണിയില്‍ യുഎസ് സൂചികകള്‍ കനത്ത നഷ്ടത്തിലാണ് കഴിഞ്ഞ ദിവസം വ്യപാരം അവസാനിപ്പിച്ചത്. രണ്ട് ശതമാനത്തിലധികമാണ് ഇടിവ് രേഖപ്പെടുത്തിയത്.



ലോകത്തെ ഓഹരി വിപണികള്‍ 2008-ലെ സാമ്പത്തിക മാന്ദ്യത്തിനുശേഷം ആദ്യമായി ഏറ്റവും മോശം ആഴ്ചയിലൂടെ കടന്ന് പോകുകയാണ്.  ആഗോള സൂചികയായ എംഎസ്‌സിഐ ഈ ആഴ്ചയില്‍ ഇതുവരെ 9.3 ശതമാനം ഇടിവ് രേഖപ്പെടുത്തി. വ്യാഴാഴ്ച 3.3 ശതമാനവും ഇന്ന് 0.5 ശതമാനവും ഇടിവ് രേഖപ്പെടുത്തി. ഇതിനുമുമ്പ് സമാനമായ നഷ്ടമുണ്ടായത് 2008 നവംബറിലാണ്. 9.8 ശതമാനം ഇടിവ്.

അമേരിക്കയില്‍ വാള്‍ സ്ട്രീറ്റില്‍ എസ് ആൻഡ് പി 500 വ്യാഴാഴ്ച 4.42 ശതമാനം നഷ്ടം രേഖപ്പെടുത്തി. ഏഷ്യന്‍ ഓഹരി വിപണികളും നഷ്ടത്തിലാണ്. ജപ്പാന്റെ നിക്കി നാല് ശതമാനവും കൊറോണ വൈറസ് ബാധയുടെ കേന്ദ്രമായ ചൈനയിലെ സി‌എസ്‌ഐ 300 സൂചിക 3.4 ശതമാനവും ഇടിഞ്ഞു.
എണ്ണവിലയും കുറയുന്നു. അമേരിക്കയില്‍ ബാരലിന് വില 2.7 ശതമാനം കുറഞ്ഞ് 45.85 ഡോളറായി. ഈ ആഴ്ചയില്‍ 14.1 ശതമാനമാണ് വില കുറഞ്ഞത്. കഴിഞ്ഞ ഒമ്പത് വര്‍ഷ കാലയളവിലെ ഏറ്റവും വലിയ ഇടിവാണിത്.

2008 ലെ ആഗോള സാമ്പത്തിക പ്രതിന്ധി ആവര്‍ത്തിക്കപ്പെടുമോ എന്ന ആശങ്കയില്‍ നിക്ഷേപകര്‍ താരമ്യേന റിസ്ക് കൂടിയ ഓഹരികള്‍ വിറ്റൊഴിയുകയാണ്.  പകരം കൂടുതല്‍ സുരക്ഷിതമായ സ്വര്‍ണ്ണത്തിലേക്ക് മാറുകയും ചെയ്യുന്നു. ഇതിന്‍റെ ഫലമായി ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് കഴിഞ്ഞ ഒരു മാസത്തോളമായി  രേഖപ്പെടുത്തുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1650 ഡോളറിലെത്തി. സംസ്ഥാനത്ത് സ്വര്‍ണം പവന് വില 31,640 രൂപയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top