26 April Friday

റിട്ടയര്‍മെന്റ് ലളിതമായി ആസൂത്രണംചെയ്യാം

പി ജി സുജUpdated: Sunday Feb 26, 2017

ലളിതമായ അഞ്ചു ഘട്ടങ്ങളായി ജോലിയില്‍നിന്നു വിരമിച്ചശേഷമുള്ള സാമ്പത്തിക ജീവിതത്തെക്കുറിച്ച് ആസൂത്രണം നടത്താനാകും. ജോലിയില്‍നിന്നു വിരമിച്ചശേഷം  മികച്ച രീതിയില്‍ ജീവിക്കാന്‍ എന്തു ചെലവുവരുമെന്നു കണക്കുകൂട്ടുകയാണ് ആദ്യം വേണ്ടത്. പണപ്പെരുപ്പം, വര്‍ധിച്ചുവരുന്ന ആരോഗ്യ ചെലവുകള്‍, കുടുംബവുമൊത്തുള്ള അവധിയാത്രകള്‍, സമ്മാനങ്ങള്‍ തുടങ്ങിയ ഘടകങ്ങളെല്ലാം യാഥാര്‍ഥ്യ ബോധത്തോടെ ഇവിടെ കണക്കിലെടുക്കണം. ഇതേസമയം, കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍പോലുള്ളവ ഒഴിവാക്കണം. സ്വന്തം വീടുണ്ടെങ്കില്‍ വാടക പോലുള്ള ചെലവുകളും ഒഴിവാക്കാം. 

ഇത്തരത്തിലുള്ള ജീവിതത്തിന് ആവശ്യമായ വരുമാനം ലഭ്യമാക്കുന്ന രീതിയില്‍ എന്തു സമ്പാദ്യമാണ് ഉണ്ടാകേണ്ടതെന്നു നിര്‍ണയിക്കുകയാണ് രണ്ടാം ഘട്ടം. ഇതിനായി സ്ഥിരമായി എത്രത്തോളം സമ്പാദ്യം  നടത്തണമെന്നു കണ്ടെത്തുകയാണ് മൂന്നാമത്തെ ഘട്ടം.   ശരിയായ റിട്ടയര്‍മെന്റ് പ്ളാന്‍ തെരഞ്ഞെടുക്കുകയാണ് നാലാമത്തെ ഘട്ടം. അഞ്ചാമതായി ഓരോ മാസവും നിശ്ചിത തുക സ്ഥിരമായി നിക്ഷേപിച്ചുതുടങ്ങണം.
റിട്ടയര്‍മെന്റ് ലക്ഷ്യമിട്ട് വിവിധപദ്ധതികള്‍ തെരഞ്ഞെടുക്കാമെങ്കിലും ചില കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചുവേണം നിക്ഷേപം നടത്താന്‍.  ദീര്‍ഘകാലാടിസ്ഥാനത്തില്‍ പണപ്പെരുപ്പത്തെ മറികടക്കുന്നവയും റിട്ടയര്‍മെന്റ്കാലത്തെ സമ്പാദ്യത്തിന് ഒരുപരിധിവരെ സുരക്ഷിതത്വം ഉറപ്പുനല്‍കുന്നവയും ജോലിയില്‍ നിന്നു വിരമിച്ചശേഷം മാത്രം പ്രയോജനപ്പെടുത്താനാവുന്നതുമാകണം ഈ പദ്ധതികള്‍.

നിലവില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ അവതരിപ്പിക്കുന്ന പെന്‍ഷന്‍ പ്ളാനുകളും ന്യൂ പെന്‍ഷന്‍ പ്ളാനുമാണ് റിട്ടയര്‍മെന്റ് പ്ളാനിങ്ങിനായി ലഭ്യമായ രണ്ട്  അവസരങ്ങള്‍.  ദീര്‍ഘകാലത്തേക്കു നിക്ഷേപം നടത്തി റിട്ടയര്‍മെന്റ്സമയത്ത് വലിയ സമ്പാദ്യമുണ്ടാക്കാന്‍ സഹായിക്കുന്ന ചില പദ്ധതികള്‍ ഓരോരുത്തരുടെയും നഷ്ടസാധ്യത വഹിക്കാനുള്ള ശേഷിക്കനുസൃതമായി വിവിധ നിക്ഷേപതന്ത്രങ്ങള്‍ കൈക്കൊള്ളാനുള്ള അവസരവും ഒരുക്കുന്നുണ്ട്. ഇങ്ങനെ സ്വരൂപിക്കുന്ന സമ്പാദ്യം റിട്ടയര്‍മെന്റിനു ശേഷം സ്ഥിരവരുമാനം ലഭ്യമാക്കാനായി ഉപയോഗിക്കും. 
ഇത്തരത്തിലുള്ള റിട്ടയര്‍മെന്റ് പദ്ധതികളെക്കുറിച്ചുള്ള അവബോധം വര്‍ധിച്ചുവരുന്നുണ്ടെങ്കിലും നിക്ഷേപം ആരംഭിക്കാന്‍ പലരും കാലതാമസം വരുത്തുന്നു എന്നതാണ് വസ്തുത. പരമാവധി നേരത്തെ ഇത്തരം നിക്ഷേപം ആരംഭിക്കുക എന്നതാണ് റിട്ടയര്‍മെന്റിനുശേഷമുള്ള ജീവിതകാലത്ത് സാമ്പത്തിക സ്വാതന്ത്യ്രം ലഭ്യമാക്കാനുള്ള മികച്ച മാര്‍ഗം.
ഇന്ത്യയിലെ ചില സാഹചര്യങ്ങള്‍ റിട്ടയര്‍മെന്റ് പ്ളാനിങ്ങിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നുമുണ്ട്.

നിര്‍ബന്ധിത പെന്‍ഷന്‍വ്യവസ്ഥകള്‍ ഇല്ലാത്തതാണ് ഇതില്‍ ആദ്യ ഘടകം. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിത മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കും സര്‍ക്കാരോ തൊഴിലുടമയോ സ്പോണ്‍സര്‍ചെയ്യുന്ന ഏതെങ്കിലും റിട്ടയര്‍മെന്റ് പദ്ധതിയുടെ ഗുണം ലഭിക്കുന്നില്ല. ജീവിത ദൈര്‍ഘ്യത്തിലുണ്ടായ വര്‍ധനയാണ് മറ്റൊരു ഘടകം. ജീവിതദൈര്‍ഘ്യത്തിലെ വര്‍ധനയും നേരത്തെ വിരമിക്കാനുള്ള ആഗ്രഹവും കൂടിച്ചേരുമ്പോള്‍ സുദീര്‍ഘമായ റിട്ടയര്‍മെന്റ് ജീവിതമാണ് ഉണ്ടാകുന്നത്. അണുകുടുംബ സംവിധാനവും പെന്‍ഷന്‍ പ്ളാനിങ് കൂടുതല്‍ പ്രസക്തമാക്കുന്നുണ്ട്.  
ജീവിതച്ചെലവിലെ വര്‍ധനയും മറ്റൊരു പ്രധാന ഘടകമാണ്.  പണപ്പെരുപ്പ നിരക്ക്, മെച്ചപ്പെട്ട ജീവിതരീതികള്‍ സ്വന്തമാക്കാനുള്ള ആഗ്രഹം, അതോടൊപ്പം ആരോഗ്യരംഗത്തെ ഉയരുന്ന ചെലവ് എന്നിവയെല്ലാം റിട്ടയര്‍മെന്റ് പ്ളാനിങ് അനിവാര്യമാക്കി മാറ്റുകയാണ്. റിട്ടയര്‍മെന്റ് എപ്പോള്‍ തുടങ്ങണമെന്നതും പ്രസക്തമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top