20 April Saturday

വാടകക്കാറുകൾക്ക‌് ആവശ്യമേറി; 750 രൂപമുതൽ 10,000 വരെ വാടക

അഞ‌്ജുനാഥ‌്Updated: Friday Dec 28, 2018

കൊച്ചി>കറുപ്പു ബോർഡിൽ മഞ്ഞ അക്കങ്ങളിലുള്ള നമ്പർ പ്ലേറ്റ‌ുമായി ‘റെന്റ‌് എ കാറു’കൾ നഗരവീഥികൾ കീഴടക്കുന്നു. പ്രളയത്തിനുശേഷം തിരിച്ചടി നേരിട്ടെങ്കിലും ക്രിസ‌്മസ‌്, പുതുവത്സര സീസൺ ആയതോടെ ആവശ്യക്കാർക്ക‌് വാഹനങ്ങൾ എത്തിച്ചുനൽകാൻ കഴിയാത്ത സ്ഥിതിയാണെന്ന‌് റെന്റ‌് എ കാർ സ്ഥാപനങ്ങളുടെ ഉടമകൾ പറയുന്നു.

ആവശ്യക്കാർക്ക‌് വാടകയ‌്ക്ക‌് ടാക‌്സിയല്ലാത്ത കാറുകൾ നൽകുന്ന ‘റെന്റ‌് എ കാർ’ ഇടപാട‌് നേരത്തേ നിയമവിരുദ്ധമായിരുന്നു. പിന്നീട‌് ഇത‌് നിയമവിധേയമാക്കി. കുറഞ്ഞത‌് 50 വാഹനങ്ങളെങ്കിലുമുള്ള സ്ഥാപനങ്ങൾക്കാണ‌് ലൈസൻസ‌് നൽകുന്നത‌്. ഇത്തരം വാഹനങ്ങൾ തിരിച്ചറിയാൻ കറുപ്പിൽ മഞ്ഞനിറത്തിൽ അക്കങ്ങൾ ഉള്ള നമ്പർപ്ലേറ്റും അനുവദിച്ചു. മൂന്നുതരം നമ്പർ പ്ലേറ്റുകളാണ‌് ഇപ്പോൾ ഉള്ളത‌്. മഞ്ഞ ബോർഡിൽ കറുത്ത അക്കങ്ങൾ ടാക‌്സിക്കും വെളുത്ത ബോർഡിൽ കറുത്ത അക്കങ്ങൾ ഉള്ളത‌് സ്വകാര്യ വാഹനങ്ങൾക്കുമാണ‌്.

കൊച്ചി നഗരപരിധിയിൽ മാത്രം ആയിരത്തോളം റെന്റ‌് എ കാറുകൾ ഓടുന്നുണ്ട‌്. ട്രാൻസ‌് കാർസ‌്, ഇൻഡസ‌് ഗോ, സൂം കാർ തുടങ്ങി നിരവധി സ്ഥാപനങ്ങളാണ‌് ഈ രംഗത്തു പ്രവർത്തിക്കുന്നത‌്. ചെറിയ കാറായ ഹ്യുണ്ടായ‌് ഇയോൺമുതൽ ആഡംബര വാഹനങ്ങളായ ഓഡി, ജാഗ്വർ, ബെൻസ‌് തുടങ്ങിയവവരെ   ദിവസവാടകയ‌്ക്ക‌് ലഭ്യമാണ‌്.  തിരിച്ചറിയൽരേഖയും ലൈസൻസും ഹാജരാക്കിയാലേ കാർ ലഭിക്കൂ. വാടകയും 5000 രൂപ സെക്യൂരിറ്റി തുകയും ആദ്യം നൽകണം. ഹ്യുണ്ടായ‌് ഇയോണിന‌് 650 രൂപ വാടകയും 100 രൂപ നികുതിയും അടക്കം 750 രൂപയാണ‌് ഒരു ദിവസത്തേക്ക‌് വാടക ഈടാക്കുന്നത‌്. ആഡംബര വാഹനങ്ങളാണെങ്കിൽ വാടക 10,000 രൂപവരെയാവും.

ഇതരസംസ്ഥാനങ്ങളിൽനിന്ന‌് കൊച്ചി കാണാനെത്തുന്ന വിനോദസഞ്ചാരികളാണ‌് ഇത്തരം വാഹനങ്ങളുടെ പ്രധാന ഉപയോക‌്താക്കളെന്ന‌് എറണാകുളത്ത‌് റെന്റ‌് എ കാർ സർവീസ‌് നടത്തുന്ന സച്ച‌് കാർസ‌് ഓപ്പറേഷണൽ മേധാവി റോബിൻ ആന്റണി പറഞ്ഞു. ഇവരിൽ മിക്കവരും ഓൺലൈൻ ആയി കാറുകൾ ബുക്ക‌്ചെയ‌്ത ശേഷമാണ‌് എത്തുന്നത‌്. ഇവർ  ആവശ്യപ്പെടുന്ന സ്ഥലത്ത‌് കാറുകൾ എത്തിച്ചുനൽകുകയും തിരികെ കൊണ്ടുവരികയും ചെയ്യാറുണ്ട‌്. വിദേശ ടൂറിസ‌്റ്റുകളും അവധിക്കെത്തുന്ന പ്രവാസി മലയാളികളും റെന്റ‌് എ കാറുകളെ ആശ്രയിക്കുന്നുണ്ട‌്.  കൂടാതെ നഗരത്തിലും പരിസര പ്രദേശത്തുമുള്ള ഇടത്തരക്കാരും വാടകയ‌്ക്ക‌് കാറുകൾ അന്വേഷിച്ചെത്തുന്നത‌് വർധിച്ചുവരികയാണ‌്. ബന്ധുക്കളോ സുഹൃത്തുക്കളോ സന്ദർശനത്തിന‌ു വരുമ്പോഴും വീട്ടിലെ വാഹനങ്ങൾക്ക‌് അറ്റകുറ്റപ്പണി വേണ്ടിവരുമ്പോഴുമാണ‌് ഇവർക്ക‌് വാടകക്കാറിനെ ആശ്രയിക്കേണ്ടിവരുന്നത‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top