27 April Saturday

മഴയെ വരവേൽക്കാനായി കാർഷിക മേഖല

കെ പി ഉദയഭാനുUpdated: Sunday May 27, 2018

 ടാപ്പിങ് സീസൺ അടുത്തതോടെ റബർവിലയിൽ മികവ് കണ്ടുതുടങ്ങി. ശ്രീലങ്കൻ കുരുമുളക് വീണ്ടും ആശങ്കപരത്തിയെങ്കിലും ആഭ്യന്തരാവശ്യം ഉയർന്നത‌് വിപണിക്ക് താങ്ങായി. കാലവർഷം കൊപ്രസംസ്കരണം തടസ്സപ്പെടുത്തുമെന്ന കണക്കുകൂട്ടലിൽ സ്റ്റോക്കിസ്റ്റുകൾ ചരക്കുനീക്കം നിയന്ത്രിച്ചു. സ്വർണവില കയറിയിറങ്ങി.

 റബർ ടാപ്പിങ് സീസൺ അടുത്തിട്ടും തോട്ടംമേഖലയിലെ മാന്ദ്യം വ്യവസായികളെ അസ്വസ്ഥരാക്കുന്നു. ഷീറ്റ്വില ഉയർത്തി ഉൽപ്പാദകരിൽ ആവേശം സൃഷ്ടിക്കാനുള്ള തന്ത്രങ്ങൾ ടയർലോബി കഴിഞ്ഞ ദിവസങ്ങളിൽ പരീക്ഷിച്ചു. ചുരുങ്ങിയ ദിവസങ്ങൾക്കിടയിൽ നാലാം ഗ്രേഡ് റബറിന് 700 രൂപ കമ്പനികൾ ഉയർത്തിയെങ്കിലും ഇത് ഉൽപ്പാദനമേഖലയിൽ ചലനം ഉളവാക്കിയില്ല. വാരാവസാനം 12,900 രൂപ മികച്ചയിനം ഷീറ്റിന് രേഖപ്പെടുത്തി. എന്നാൽ ഈ വിലയ്ക്കും കാര്യമായി ഷീറ്റ് സംഭരിക്കാൻ അവർക്കായില്ല. അഞ്ചാം ഗ്രേഡ് 12,400 ൽനിന്ന് 12,700 രൂപയായി. ലാറ്റക്സ് ക്ഷാമം രൂക്ഷമായതോടെ ചെറുകിട വ്യവസായികൾ നിരക്ക് 9000 വരെ ഉയർത്തിയെങ്കിലും പുതിയ ചരക്ക്  എത്തിയില്ല. ലാറ്റക്സ് 10,000 ലേക്കടുത്താൽ സ്വാഭാവികമായും റബർ ടാപ്പിങ്ങിന് ചെറുകിട കർഷകർ താൽപ്പര്യം കാണിക്കും.   ടോകോം എക്സ്ചേഞ്ചിൽ നാലുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന റേഞ്ചിലേക്ക് റബർ മുന്നേറി. ഒരവസരത്തിൽ കിലോ 200 യെന്നിലേക്കുയർന്ന റബറിന് പക്ഷേ അധികനേരം ഈ നിരക്കിൽ പിടിച്ചുനിൽക്കാനായില്ല. അധികോൽപ്പാദനത്തെക്കുറിച്ചുള്ള ആശങ്കകൾ ഈ അവസരത്തിൽ ഒാപ്പറേറ്റർമാരെ റബറിൽ ലാഭമെടുപ്പിന് പ്രേരിപ്പിച്ചു. ഇതിനിടയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ചാഞ്ചാട്ടവും റബറിനെ സ്വാധീനിച്ചു.

  ശ്രീലങ്കൻ കുരുമുളക് വീണ്ടും ഭീഷണിയാകുമെന്ന സൂചനകൾ പരത്തി ഉൽപ്പന്നവില ഇടിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമം നടത്തി. കേരളത്തിലെ കർഷകരും സ്റ്റോക്കിസ്റ്റകളും ചരക്കുനീക്കത്തിൽ വരുത്തിയ കടുത്ത നിയന്ത്രണം ഈ അവസരത്തിൽ ഉൽപ്പന്നത്തിന് കരുത്തായി. ഉത്തരേന്ത്യൻ വാങ്ങലുകാർ ഈ അവസരത്തിൽ കുരുമുളകിൽ കാണിച്ച താൽപ്പര്യം വിപണി നേട്ടമാക്കി. കൊച്ചി മാർക്കറ്റിലേക്ക് ഹൈറേഞ്ച്, വയനാടൻ മുളകുവരവ് കുറഞ്ഞ അളവിലാണ്.  വരുംമാസങ്ങളിലെ ഉത്സവകാല ഡിമാൻഡ‌് മുന്നിൽക്കണ്ട് കേരളത്തിലെയും കർണാടകത്തിലെയും സ്റ്റോക്കിസ്റ്റുകൾ ഉയർന്ന വിലയെ ഉറ്റുനോക്കുകയാണ്. ഇതിനിടയിൽ ഫോറെക്സ് മാർക്കറ്റിൽ യുഎസ്  ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം 67.48 ലേക്കിടിഞ്ഞത് ഇറക്കുമതിക്കാരെ രംഗത്തുനിന്ന് താൽക്കാലികമായി പിന്തിരിപ്പിക്കും. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് വില 500 രൂപ ഉയർന്ന് 36,800 രൂപയായി. ഗാർബിൾഡ് 38,800 രൂപയിൽ വാരാന്ത്യക്ലോസിങ് നടന്നു. 

നാളികേരോൽപ്പന്നങ്ങളുടെ വിലയിൽ മാറ്റമില്ല.  മഴയ‌്ക്കു മുമ്പായി കൊപ്ര സംസ്കരിക്കുന്ന തിരക്കിലാണ് ഒരുവിഭാഗം കർഷകർ. വിളവെടുപ്പ് പൂർത്തിയാക്കി അവർ തേങ്ങവെട്ടിൽ ശ്രദ്ധചെലുത്തിയത് ഗ്രാമീണമേഖലകളിൽനിന്നുള്ള ഉൽപ്പന്നനീക്കം കുറച്ചു. തമിഴ്നാട്ടിലെ വൻകിട മില്ലുകാർ മാസാരംഭ ഡിമാൻഡിനെ ഉറ്റുനോക്കുകയാണ്.

പ്രദേശികതലത്തിൽ വെളിച്ചെണ്ണ വിൽപ്പന അടുത്തവാരം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ്. കൊച്ചിയിൽ വെളിച്ചെണ്ണ 17,900 രൂപയിലും കൊപ്ര വില 11,925 രൂപയിലുമാണ്. കോഴിക്കോട് എണ്ണവില 20,000 രൂപയിലും കൊപ്ര 12,750 ലുമാണ്.  കേരളത്തിൽ സ്വർണവില ചാഞ്ചാടി. വാരാരംഭത്തിൽ 23,120 രൂപയിൽ വ്യാപാരം നടന്ന പവൻ 23,280 വരെ കയറിയെങ്കിലും ശനിയാഴ്ച പവൻ 23,200 രൂപയിലുമാണ്. ഗ്രാമിന്റെ വില 2900 രൂപ. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് സ്വർണം 1301 ഡോളർ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top