26 April Friday

കുരുമുളകിന് വീണ്ടും ഭീഷണി

കെ പി ഉദയഭാനുUpdated: Monday Jun 4, 2018

 ശ്രീലങ്കൻ കുരുമുളക് ഇറക്കുമതിക്ക് പുതിയ ലൈസൻസ് നൽകിയത് കർഷകരെയും വ്യാപാരികളെയും  സമ്മർദത്തിലാക്കി. ടയർലോബി റബർ ഇറക്കുമതി തോത് ഉയർത്താൻ വീണ്ടും ചവടുവലി തുടങ്ങി. ചുക്കുവില ഉയർത്താനുള്ള നീക്കങ്ങൾ വിജയംകണ്ടില്ല. വിദേശ ഭക്ഷ്യയെണ്ണ വരവ് എണ്ണക്കുരു കർകരുടെ കണക്കുകൂട്ടൽ തെറ്റിച്ചു. കേരളത്തിൽ സ്വർണവില താഴ്ന്നു.

 ശ്രീലങ്കൻ കുരുമുളക് ഇറക്കുമതിക്ക് പുതിയ ലൈസൻസ് നൽകിയത് ഉൽപ്പന്നവിപണിയെ വീണ്ടും പ്രതിസന്ധിയിലാക്കി. നികുതിരഹിതമായി 2500 ടൺ കുരുമുളക് ഇറക്കുമതിക്ക് 78 കമ്പനികൾക്ക് കേന്ദ്രം അനുമതി നൽകി. ഇന്ത്യ‐ശ്രീലങ്കൻ വാണിജ്യ ഉടമ്പടിപ്രകാരം പ്രതിവർഷം 2500 ടൺ കുരുമുളക് ഡ്യൂട്ടി ഫ്രീയായി ഇറക്കുമതി നടത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് അനുമതി നൽകി. പുതിയ ലൈസൻസ് പ്രകാരം ഓരോ കമ്പനിക്കും 32 ടൺ വീണ്ടും കുരുമുളക് ഇറക്കുമതി നടത്താനാവും. ഈ ചരക്ക് മൂല്യവർധിത ഉൽപ്പന്നമാക്കി വീണ്ടും കയറ്റുമതിചെയ്യണമെന്നാണ് വ്യവസ്ഥ.

വിദേശ ചരക്ക് എത്തുമെന്ന് വ്യക്തമായതോടെ ആഭ്യന്തര വാങ്ങലുകാർ കേരളത്തിൽനിന്നും കർണാടകത്തിൽനിന്നുമുള്ള മുളക് സംഭരണം കുറച്ചു. വയനാട്, ഇടുക്കി, പത്തനംതിട്ട ഭാഗങ്ങളിൽനിന്ന് ടെർമിനൽ മാർക്കറ്റിലേക്കുള്ള ചരക്കുവരവ് കുറവാണെങ്കിലും ഡിമാൻഡ‌് മങ്ങിയതുമൂലം ഗാർബിൾഡിന് 500 രൂപ കുറഞ്ഞ് 38,400 രൂപയിൽ വാരാന്ത്യ ക്ലോസിങ് നടന്നു. അൺഗാർബിൾഡ് കുരുമുളക് വില 36,400 രൂപ.
 വിദേശ റബർ ഇറക്കുമതി വ്യവസ്ഥകളിൽ ഭേദഗതികൾക്ക് ഡൽഹിയിൽ നീക്കം തുടങ്ങി. ടയർലോബിയിൽനിന്നുള്ള സമ്മർദമാണ് ഇറക്കുമതി നിയന്ത്രണങ്ങളിൽ മാറ്റംവരുത്താനുള്ള അണിയറനീക്കങ്ങൾക്കു പിന്നിൽ. വാണിജ്യമന്ത്രാലത്തിലെ നീക്കങ്ങൾ കണക്കിലെടുത്താൽ വിദേശ കുത്തകകൾക്ക് വരുംകാലങ്ങളിൽ ആഭ്യന്തരവിപണി നിഷ്പ്രയാസം നിയന്ത്രിക്കാനാവും. ഇതിനിടയിൽ ചൈന﹣യുഎസ് വ്യാപാരയുദ്ധം ഏഷ്യൻ റബർ മാർക്കറ്റിനെ പ്രതിസന്ധിയിലാക്കി. സംസ്ഥാനത്തെ മുഖ്യവിപണികളിൽ വാരത്തിന്റെ തുടക്കത്തിൽ 13,000 രൂപവരെ കയറിയ ആർഎസ്എസ് നാലാം റബർ ഡിമാൻഡ‌് മങ്ങിയതോടെ 12,600ലേക്ക് താഴ്ന്നു. അഞ്ചാം ഗ്രേഡ് 12,700ൽനിന്ന് 12,400 രൂപയായി. ലാറ്റക്സ് ക്ഷാമം രൂക്ഷമാണെങ്കിലും വ്യവസായികളുടെ സംഘടിത നീക്കംമൂലം നിരക്ക് 400 രൂപ ഇടിഞ്ഞ് 8600 രൂപയായി. 

വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി ഉയർന്നത് നാളികേരോൽപ്പന്നങ്ങളുടെ വിലയെ ബാധിച്ചു. രൂപയുടെ വിനിമയനിരക്ക് അൽപ്പം മെച്ചപ്പെട്ട സാഹചര്യത്തിലാണ് വ്യവസായികൾ ഉയർന്ന അളവിൽ പാം ഓയിൽ, സോയ, സൂര്യകാന്തി എണ്ണകൾ വിറ്റുമാറാൻ തിടുക്കംകാണിച്ചു. അതേസമയം മഴ ശക്തമാക്കുന്ന അവസരത്തിൽ കൊപ്രവില ഉയരുമെന്ന കണക്കുകൂട്ടലിലാണ് ഉൽപ്പാദകർ. കാർഷികമേഖലകളിൽനിന്നുള്ള ഉൽപ്പന്നനീക്കം കുറവാണ്. മാസാരംഭമാണെങ്കിലും പ്രദേശികതലത്തിൽ വെളിച്ചെണ്ണവിൽപ്പന മില്ലുകാരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. വെളിച്ചെണ്ണ 17,900 രൂപയിൽനിന്ന് 17,600 രൂപയായി. കൊപ്രവില 11,925 രൂപയിൽനിന്ന് 11,735 രൂപയായി.  
 
 സംസ്ഥാനത്ത് സ്വർണവില പവന് 360 രൂപ കുറഞ്ഞു. 23,200 രൂപയിൽ വിൽപ്പനയ്ക്ക് തുടക്കംകുറിച്ച പവൻ വാരത്തിന്റെ രണ്ടാം പകുതിയിൽ 23,000 രൂപയിലെ താങ്ങ് തകർത്ത് 22,960ലേക്കും ശനിയാഴ്ച 22,840 ലേക്ക‌് ഇടിഞ്ഞു. ഗ്രാമിന്റെ വില ഇതോടെ 2900 രൂപയിൽനിന്ന് 2855 രൂപയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top