21 September Thursday

കുരുമുളക് വീണ്ടും പ്രതീക്ഷ ഉയരുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Aug 5, 2018

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് കുരുമുളകിന് പുതിയ അന്വേഷണങ്ങൾ എത്തിയത് വ്യാപാരരംഗം വീണ്ടും സജീവമാക്കി. വില ഉയർത്തി ജാതിക്ക സംഭരിക്കാൻ ആഭ്യന്തര വിദേശ വ്യാപാരികൾ രംഗത്ത്. ഏലക്ക മികവ് നിലനിർത്തി. ചിങ്ങം അടുത്തിട്ടും നാളികേരോൽപ്പന്ന വിപണിയിൽ മാന്ദ്യം. റബർ ക്ഷാമം രൂക്ഷമെങ്കിലും വ്യവസായികൾ നിരക്ക് ഉയർത്തിയില്ല.
 
സംസ്ഥാനത്ത് കാലവർഷം അനുകൂലമായ സാഹചര്യത്തിൽ അടുത്ത സീസണിൽ കുരുമുളക് ഉൽപാദനം ഉയരുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. ചിങ്ങത്തിൽ കാലവർഷം അൽപ്പം ദുർബലമായാൽ കൊടികളിൽ കുരുമുളക് മണികൾ മികവ് കാണിക്കുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം കർഷകർ. നടപ്പ് സീസണിലെ ഉൽപ്പാദനത്തിൽ വലിയൊരു പങ്ക് ചരക്ക് ഇപ്പോഴും ഉൽപാദകരുടെ കൈവശമുണ്ട്.
കുരുമുളക് വില ഉയരുന്നതും പ്രതീക്ഷയിൽ വലിയെരു പങ്ക് കർഷകർ ഉൽപ്പന്നം വിപണിയിൽ ഇറക്കാതെ പിടിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിൽനിന്ന് ഇക്കുറിയും വൻ ഓർഡറുകൾ വിപണി പ്രതീക്ഷിക്കുന്നു. ഹൈറേഞ്ച്, വയനാട് ഭാഗങ്ങളിൽനിന്ന് കൊച്ചി മാർക്കറ്റിൽ കാര്യമായി മുളക് എത്തിയില്ല.  അന്താരാഷ്ട്ര വിപണിയിൽ വിയറ്റ്നാം സജീവമാണ്. ഇന്തോനേഷ്യ പുതിയ മുളക് ഈമാസം ഇറക്കും. മലബാർ മുളക് വില ടണ്ണിന് 5300 ഡോളറായി കയറി. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വില 33,500 രൂപയിൽ നിന്ന് 33,900 രൂപയായി.
 
   ഏലക്ക ശേഖരിക്കാൻ പിന്നിട്ടവാരത്തിലും വാങ്ങലുകാർ ഉത്സാഹിച്ചു. ഉത്സവകാലം അടുത്ത സാഹചര്യത്തിൽ ലഭ്യത കുറഞ്ഞത് വ്യാപാരികളിൽ ആശങ്ക പരത്തി. ലേല കേന്ദ്രങ്ങളിൽ ഏലക്ക സംഭരിക്കാൻ അവർ നടത്തിയ തിരക്കിട്ട നീക്കങ്ങൾ വിപണിയുടെ അടിത്തറ കൂടുതൽ ശക്തമാക്കി. വാരത്തിന്റെ തുടക്കത്തിൽ കിലോ 1433 രൂപ വരെ ഉയർന്ന് ഇടപാടുകൾ നടന്ന ഏലം വാരാവസാനം അൽപ്പം തളർന്നങ്കിലും വാങ്ങൽ താൽപര്യം ശക്തമാണ്. യുറോപിൽ  നിന്നും അറബ് രാജ്യങ്ങളിൽ നിന്നും ഏലത്തിന് അനേഷണങ്ങളുണ്ട്. പ്രതികുല കാലാവസ്ഥയും കീടബാധകളും മൂലം പല തോട്ടങ്ങളിലും ഉൽപാദനം പ്രതീക്ഷിച്ചതിനെക്കാൾ കുറയാൻ ഇടയുണ്ട്. ഉൽപാദനം ചുരുങ്ങുമെന്ന ഭീതിയിൽ കിട്ടുന്ന വിലയ്ക്ക് ചരക്ക് ഏടുക്കാൻ ആഭ്യന്തര വ്യാപാരികൾ ലേലത്തിൽ മത്സരിച്ചു.

 ജാതിക്ക ജാതിപത്രി വിലകളിൽ വീണ്ടും വർധന. വ്യവസായികൾ ജാതിക്ക സംഭരികാൻ രംഗത്തുണ്ട്. വിപണിയുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഗ്രാമീണ മേഖലകളിൽ നിന്ന് ചരക്ക് എത്താഞ്ഞത് കണ്ട് ഇറക്കുമതിക്ക് ഒരു വിഭാഗം ഉത്സാഹിച്ചു. ശ്രീലങ്കൻ ചരക്ക് എത്തിയതായാണ് സൂചന. മധ്യകേരളത്തിലെ മുഖ്യവിപണികളിൽ വരവ്കുറഞ്ഞ അളവിലാണ്. മഴമൂലം അന്തരീക്ഷ താപനില കുറഞ്ഞത് ജാതിക്കയിലെ ജലാംശത്തോത് ഉയർത്തി. കൊച്ചിയിൽ ജാതിക്ക തൊണ്ടൻ കിലോ 180‐200 രൂപയിലും ജാതിക്ക തൊണ്ടില്ലാത്ത് 350‐385 രൂപയിലും ജാതിപത്രി 475‐600 രൂപയിലും കൈമാറ്റം നടന്നു.
  
മുംബൈ മാർക്കറ്റിൽ ഭക്ഷ്യയെണ്ണകളുടെ നിരക്ക് താഴ്ന്നത് നാളികേരോൽപ്പന്നങ്ങൾക്ക് തിരിച്ചടിയായി. തുടർച്ചയായ മുന്നാംവാരത്തിലും വെളിച്ചെണ്ണ സ്റ്റെഡി നിലവാരത്തിൽ നീങ്ങി. ഇതര ഭക്ഷ്യയെണ്ണ വിലകൾ താഴ്ന്ന നിൽക്കുന്നതിനാൽ ഉയർന്ന വിലയ്ക്ക് കൊപ്ര സംഭരിക്കാൻ മില്ലുകാർ താൽപര്യം കാണിച്ചില്ല. പ്രതികൂല കാലാവസ്ഥമൂലം നാളികേര വിളവെടുപ്പ് സ്തംഭിച്ചു കൊച്ചിയിൽ വെളിച്ചെണ്ണ 16,800 രൂപയിലും  കൊപ്ര 11,190 രൂപയിലുമാണ്.
 
ചിങ്ങത്തിന് മുമ്പായി റബർ ടാപ്പിങ് പുനരാരംഭിക്കാനുള്ള നീക്കത്തിലാണ് ഒരു വിഭാഗം കർഷകർ. വ്യവസായികൾ ഷീറ്റ് വില ഉയർത്തുമെന്ന പ്രതീക്ഷ ഉൽപാദകരുടെ ശ്രദ്ധ  തോട്ടങ്ങളിലേയ്ക്ക് തിരിയാൻ അവസരം ഒരുക്കി. നാലാം  ഗ്രേഡ് റബർ 13,150 രൂപയിലും അഞ്ചാം ഗ്രേഡ് 12,900 രൂപയിലുമാണ്. ഒട്ടുപാലിന്റെ വില 10,000 രൂപ വരെ ഉയർന്നു. 
  
സംസ്ഥാനത്ത് സ്വർണ വില താഴ്ന്നു. ആഭരണ കേന്ദ്രങ്ങളിൽ 22,200 രൂപയിൽ വിൽപ്പനയ്ക്ക് തുടക്കം കുറിച്ച പവൻ വാരാവസാനം 22,000 രൂപയായി. ഇതോടെ ഒരു ഗ്രാമിന് വില 2775 രൂപയിൽ നിന്ന് 2750 രൂപയായി. കേരളത്തിൽ ഒരു വർഷത്തിനിടയിലെ ഏറ്റവുംതാഴ്ന്ന നിലവാരത്തിലാണ് സ്വർണം
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top