19 April Friday

പാനും ആധാറും അറിയേണ്ട ചില കാര്യങ്ങള്‍

ജോണ്‍ ലൂക്കോസ്Updated: Monday Jul 17, 2017

നികുതിവിധേയമായ വരുമാനമുള്ളവര്‍ തങ്ങളുടെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതിന്റെ ആദ്യപടിയായി പെര്‍മനന്റ് അക്കൌണ്ട് നമ്പറി(പാന്‍)ന് അപേക്ഷിക്കേണ്ടതാണ്. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 139എ പ്രകാരമുള്ള 49എ എന്ന ഫോമിലാണ് അപേക്ഷിക്കേണ്ടത്. നികുതിദായകന്റെ തിരിച്ചറിയലിനായി മേല്‍വിലാസം തെളിയിക്കുന്ന രേഖയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട് കോപ്പി മുതലായവയൊക്കെ ഇത്തരം സര്‍ട്ടിഫിക്കറ്റായി സമര്‍പ്പിക്കാവുന്നതാണ്്.

 നികുതിറിട്ടേണ്‍ സമര്‍പ്പിക്കാന്‍ മാത്രമല്ല പാന്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത്. കയറ്റുമതിയോ ഇറക്കുമതിയോ ചെയ്യുന്നവര്‍, വാഹനം വാങ്ങുന്നവര്‍, ബാങ്ക് അക്കൌണ്ട് തുടങ്ങുന്നവര്‍, 50,000 രൂപയിലധികം ഹോട്ടല്‍ചെലവ് പണമായി നല്‍കുമ്പോള്‍, 50,000 രൂപയിലധികം വിദേശകറന്‍സി വാങ്ങാന്‍ പണം നല്‍കുന്നവര്‍, മൂച്വല്‍ഫണ്ടില്‍ നിക്ഷേപിക്കുന്നവര്‍, 50,000 രൂപയിലധികം നല്‍കി ബാങ്ക്ഡ്രാഫ്റ്റ്, പേ ഓര്‍ഡര്‍ മുതലായവ എടുക്കുന്നവര്‍, ഇന്‍ഷുറന്‍സ് പ്രീമിയം ഒരുവര്‍ഷം 50,000 രൂപയിലധികം നല്‍കുന്നവര്‍, ഓഹരികമ്പോളത്തില്‍ ലിസ്റ്റ്ചെയ്യാത്ത ഓഹരികളില്‍ ഒരുലക്ഷം രൂപയ്ക്കു മുകളില്‍ നിക്ഷേപിക്കുകയാണെങ്കില്‍, 10 ലക്ഷം രൂപയിലധികം വിലയുള്ള സ്ഥാവരസ്വത്ത് വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നവര്‍, രണ്ടുലക്ഷം രൂപയിലധികം വിലയുള്ള സാധനങ്ങള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നവര്‍ തുടങ്ങിയവരൊക്കെ ഇത്തരം ക്രയവിക്രയങ്ങള്‍ നടത്തുമ്പോള്‍ തങ്ങളുടെ പാന്‍നമ്പര്‍ വെളിപ്പെടുത്തേണ്ടതുണ്ട്.  ഇത്തരം വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ആദായനികുതിവകുപ്പിന് വിവരങ്ങള്‍ ലഭിക്കുന്നത്്.

 ഈ മാസം ഒന്നാം തീയതിമുതല്‍ പാന്‍ ലഭിക്കാന്‍ അപേക്ഷിക്കുമ്പോള്‍ അപേക്ഷകന്റെ ആധാര്‍നമ്പര്‍കൂടി അപേക്ഷയില്‍ നല്‍കേണ്ടതാണ്. അതുപോലെതന്നെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെങ്കില്‍ പാന്‍ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടതാണ്. കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനംചെയ്യുന്ന തീയതിക്കു മുമ്പായി പാന്‍കാര്‍ഡും ആധാര്‍കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ പാന്‍  അസാധുവാകും. അതുപോലെ ബാങ്ക് അക്കൌണ്ട് ഉള്ളവര്‍ തങ്ങളുടെ ആധാര്‍നമ്പര്‍ ബാങ്കില്‍ അറിയിക്കേണ്ടതാണ്്.

ഇനിയുള്ള കാലങ്ങളില്‍ വരുമാനത്തിനനുസരിച്ചാണോ ആസ്തി സമ്പാദിക്കുന്നതും, പണം ചെലവിടുന്നതും എന്നൊക്കെ സസൂക്ഷ്മം നിരീക്ഷിക്കാനുള്ള സംവിധാനമാണ് നടപ്പാക്കുന്നത്. നിയമപരമായ നികുതി നല്‍കിയല്ല ആസ്തി സമ്പാദിക്കുന്നതെങ്കില്‍ നികുതിയും പലിശയും പിഴയും എല്ലാം ചേര്‍ന്ന് വലിയ ബാധ്യതതന്നെ ഭാവിയില്‍ വന്നുചേരും. ഫോണ്‍: 94470 58700.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top