24 April Wednesday

ഔഷധി: ആയുർവേദ ഔഷധങ്ങൾ സാധാരണക്കാരിലേക്ക‌്

പി ജി സുജUpdated: Monday Jun 4, 2018

 എൽഡിഎഫ് സർക്കാരിന് പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള കരുതലോടുള്ള സമീപനവും ഉൾക്കാഴ്ചയോടെയുള്ള ചുവടുവയ‌്പുകളും കരുത്താക്കി സാധാരണക്കാരിലേക്ക‌് ആയുർവേദ ഒൗഷധത്തിന്റെ നന്മകൾ കൂടുതലായി എത്തിക്കാനൊരുങ്ങുകയാണ‌് ഔഷധി എന്ന പേരിൽ അറിയപ്പെടുന്ന തൃശൂരിലെ ദി ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ കേരള ലിമിറ്റഡ‌്.

മികച്ച ഗുണനിലവാരവും മിതമായ വിലയും  ഉറപ്പാക്കി ഈ രംഗത്തെ വിപണി നിയന്ത്രിക്കുന്നതിനും ഔഷധിക്ക‌് കഴിയുന്നുണ്ട‌്. കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ ഔഷധച്ചെടികളുടെയും മറ്റും വിലയിൽ 20 ശതമാനം വിലവർധന ഉണ്ടായെങ്കിലും മൊത്തം വിപണിയെ വിലവർധനയിൽനിന്നു പിടിച്ചുനിർത്താൻ കഴിഞ്ഞിട്ടുണ്ട‌്.

ഫലവത്തായ മരുന്നുകൾ ഗുണമേന്മ ചോരാതെ പുതിയ തലമുറയെക്കൂടി  ആകർഷിക്കുന്ന വിധത്തിൽ പായ്‌ക്കിങ്ങിലും മറ്റു പുതുമവരുത്തി വിപണിയിലെത്തിച്ച‌് പ്രകൃതി വിഭവങ്ങളിലേക്കു മടങ്ങുക എന്ന സന്ദേശത്തിനു പ്രചാരം നൽകുന്ന ഒൗഷധി ലോകനിലവാരത്തിലേക്ക‌് എത്തുന്നതിനായി ലോകാരോഗ്യ സംഘടനയുടെ ജിഎംപി സർട്ടിഫിക്കേഷൻ നേടിയെടുക്കാനുള്ള പ്രവർത്തനങ്ങളിലാണ‌്.  ഇതിനുള്ള ശ്രമങ്ങളുടെ ഭാഗമായി തൃശൂരിലെ ആസ്ഥാനത്തുള്ള ഫാക്ടറിയിൽ കൈകൊണ്ടുള്ള പാക്കിങ്ങിനു പകരം ക്ലീൻ റൂം എന്ന ആശയത്തിലൂന്നിയുള്ള പുതിയ പായ‌്ക്കിങ‌് യൂണിറ്റ‌് 2017ൽ മന്ത്രി  കെ കെ ശൈലജ  ഉദ‌്ഘാടനം ചെയ‌്തത‌് ശ്രദ്ധേയമായ ചുവടുവയ‌്പായി. ബോട്ടിലിങ‌്മുതൽ ലേബലി‌ങ‌്‌വരെയുള്ള എല്ലാ നടപടികളും തികച്ചും വൃത്തിയായ രീതിയിൽ പായ‌്ക്ക‌്ചെയ്യുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങളാണ‌് ഇവിടെ ഒരുക്കിയിരിക്കുന്നത‌്. ഇക്കഴിഞ്ഞ ഏപ്രിലിൽ തിരുവനന്തപുരത്ത‌്  മുട്ടത്തറയിൽ ഔഷധിയുടെ അത്യാധുനിക ഫാക്ടറി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനംചെയ‌്തിരുന്നു.

യുഡിഎഫ‌് ഭരണകാലത്ത‌് 2015‐16 സാമ്പത്തികവർഷം 93 കോടി രൂപയുടെ വിറ്റുവരവുണ്ടായിരുന്ന ഔഷധി  എൽഡിഎഫ‌് അധികാരത്തിലെത്തിയ 2016‐17 സാമ്പത്തികവർഷം വിറ്റുവരവ‌് 95 കോടി രൂപയായി വർധിപ്പിച്ചു. 2017‐18 ലാകട്ടെ ഇത‌് 142 കോടി രൂപയായാണ‌് ഉയർന്നത‌്‌. ലാഭത്തിലും ക്രമാനുഗതമായ വർധന ഇക്കാലയളവിൽ നേടാനായിട്ടുണ്ടെന്ന‌് മാനേജിങ‌് ഡയറക്ടർ കെ വി ഉത്തമൻ പറഞ്ഞു. നടപ്പുസാമ്പത്തികവർഷം 250 കോടി രൂപയാണ‌് ലക്ഷ്യമിട്ടിരിക്കുന്നതെന്ന‌് അദ്ദേഹം പറഞ്ഞു. ഇതു നേടിയെടുക്കുന്നതിനായി ഉൽപ്പാദനം വർധിപ്പിക്കാനും കൂടുതൽ പേരിലേക്കെത്തിക്കാനും  വിതരണശൃംഖല വിപുലമാക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

കെ ആർ  വിശ്വംഭരനാണ്‌ ഔഷധിയുടെ ചെയർമാൻ കേരളത്തിലെ സർക്കാർ ഉടമസ്ഥതയിലുള്ള ആയുർവേദ ആശുപത്രികളിലും ഡിസ‌്പെൻസറികളിലുമൊക്കെ ഔഷധിയാണുള്ളത‌്. 450 ഓളം ക്ലാസിക‌് മരുന്നുകളും 24 തരം സ്വന്തമായി വികസിപ്പിച്ചെടുത്ത മരുന്നുകളുമാ‌ണുള്ളത‌്. 700 ലേറെ വിതരണ ഔട്ട‌്‌ലെറ്റുകളുള്ള കമ്പനി ബഹു ബ്രാൻഡ‌് കടകളിലുൾപ്പെടെ മരുന്നുകൾ ലഭ്യമാക്കാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു. കേരളത്തിനു പുറത്തും വിപണിയുണ്ട‌്‌. മികച്ച ഗവേഷണ വികസന സൗകര്യങ്ങളും ഗുണമേന്മാ നിയന്ത്രണ സംവിധാനങ്ങളുമുള്ള ഇവിടെ സ‌്ത്രീതൊഴിലാളികളാണ‌് ഏറെയും ജോലിയെടുക്കുന്നത്. ഔഷധ നിർമാണ രംഗത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഔഷധി 2025ൽ 1000 കോടി രൂപയുടെ വിറ്റുവരവാണ‌് ലക്ഷ്യമിടുന്നത‌്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top