26 April Friday

ഉപ്പുതൊട്ട് സ്മാര്‍ട്ട് ടിവി വരെ ഇനി സപ്ലൈകോയിൽ

സന്തോഷ‌് ബാബുUpdated: Wednesday Feb 27, 2019

കൊച്ചി
ചൊവ്വാഴ‌്ച കൊച്ചി ​ഗാന്ധിന​ഗറിലെ സപ്ലൈകോ ഹൈപ്പർ മാർക്കറ്റിൽ നട്ടുച്ചയ‌്ക്കും പതിവില്ലാത്ത തിരക്കായിരുന്നു. കുടുംബമായി വരുന്നവർ, കൂട്ടുകാരോടൊപ്പം വരുന്ന വീട്ടമ്മമാർ, തനിച്ച് അൽപ്പമൊന്ന് ശങ്കിച്ചു ശങ്കിച്ചു കയറിവരുന്നവർ. വരുന്നവർക്കൊക്കെ അറിയേണ്ടത് ​ഗൃഹോപകരണങ്ങൾക്കുവേണ്ടി സിവിൽ സപ്ലൈസ് കോർപറേഷൻ ആരംഭിച്ചിരിക്കുന്ന പുതിയ സ്റ്റോറിനെക്കുറിച്ചായിരുന്നു.  സപ്ലൈകോയുടെ പുതിയ സംരംഭമായ ​ഗൃഹോപകരണ സ്റ്റോറുകൾ തുടക്കത്തിൽത്തന്നെ ജനപ്രിയമായി.   

‘"ഇത് സാധാരണക്കാർക്ക് വളരെ ഉപകാരപ്പെടുന്ന ഒരു കാര്യമാണ്. മറ്റു വീട്ടുസാധനങ്ങൾ വാങ്ങാൻ വരുമ്പോൾ ​ഗൃഹോപകരണങ്ങൾകൂടി വാങ്ങാമെന്നത് വളരെ സഹായകരമാണ്. അതിനുവേണ്ടി വേറൊരു കടയിൽപ്പോയി സമയം കളയണ്ടല്ലോ. ഇതിലൂടെ ഹൈപ്പർമാർക്കറ്റ് ഒരു ജനകീയ മാളായി മാറും''  കൊച്ചി മരടിലെ വീട്ടമ്മയും ഹൈപ്പർമാർക്കറ്റിലെ പതിവ് ഉപയോക്താവുമായ രഹനാസ് സുലാൽ പറയുന്നു. മറ്റൊരു സന്ദർശകയായ വീട്ടമ്മ ബീന ഷാജിയുടെ അഭിപ്രായവും വ്യത്യസ്തമായിരുന്നില്ല.  

ഉപ്പുമുതൽ സ്മാർട്ട് ടിവി വരെ ഒരു കുടക്കീഴിൽ ഒരുക്കി കൂടുതൽ ആളുകളെ സപ്ലൈകോ സ്റ്റോറുകളിലേക്ക് ആകർഷിക്കുകയും ​ഗൃഹോപകരണങ്ങൾകൂടി ലക്ഷ്യമാക്കിക്കൊണ്ട് പൊതുവിപണിയിൽ കൂടുതൽ ഇടപെടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിവിൽ സപ്ലൈസ് കോർപറേഷന്റെ  ഹൈപ്പർമാർക്കറ്റുകളിൽ ​ഗൃഹോപകരണങ്ങൾകൂടി ലഭ്യമാക്കുന്നത്. ബജാജ്, ഹാവൽസ്, നോൾട്ട, ഐബെൽ തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളുടെ വിവിധ ഉൽപ്പന്നങ്ങളാണ് ആദ്യഘട്ടമെന്ന നിലയിൽ ഇപ്പോൾ സ്റ്റോറുകളിൽ ലഭ്യമാക്കിയിരിക്കുന്നത്. ഇതിൽ തേപ്പുപെട്ടി, മിക്സി, ഹെയർ സ്ട്രെയ്റ്റ്നർ, പ്രഷർ കുക്കർ, ഫ്ലാസ്ക്, എഫ്എം റേഡിയോ, ടോർച്ച് തുടങ്ങിയ ​ഗൃഹോപകരണങ്ങളുടെ വലിയൊരു നിരയുമുണ്ട്.

പൊതുവിപണിയിലേതിനേക്കാൾ 40 ശതമാനംവരെ വിലക്കിഴിവിലാണ് സപ്ലൈകോ ​ഗൃഹോപകരണങ്ങൾ ലഭ്യമാക്കുന്നത്. വൈപ്പിനിലെ ഞാറക്കലിൽനിന്നും വാർത്ത കേട്ടറിഞ്ഞ് പുതിയ സ്റ്റോർ സന്ദർശിക്കാനെത്തിയ അനിൽകുമാറും വലിയ ഉത്സാഹത്തിലായിരുന്നു. ""ഇത് വളരെ നല്ലൊരു കാര്യമാണ്. ജനങ്ങൾക്ക് വിലകുറച്ച് സാധനങ്ങൾ കിട്ടുമല്ലോ. വിലയുടെ കാര്യത്തിൽ ഒരു സത്യസന്ധതയുണ്ടാകുകയും ചെയ്യും'' അനിൽ അഭിപ്രായപ്പെട്ടു.

വിലക്കുറവും സപ്ലൈകോയിലുള്ള വിശ്വാസവും ചേരുമ്പോൾ ​ഗൃഹോപകരണ വിൽപ്പന ലാഭകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ​ഗാന്ധിന​ഗർ ഹൈപ്പർമാർക്കറ്റ് ഡിപ്പോ മാനേജർ സനൽകുമാറും പറയുന്നു. പുതിയ സംരംഭം വിജയകരമായാൽ പനമ്പിള്ളിന​ഗറിലെ പീപ്പിൾ ബസാറിലും ​ഗൃഹോപകരണങ്ങൾ വിൽപ്പനയ‌്ക്കെത്തിക്കാൻ ആലോചിക്കുന്നുണ്ടെന്ന് സപ്ലൈകോ എറണാകുളം റീജണൽ മാനേജർ ശിവകാമി അമ്മാൾ പറയുന്നു. സപ്ലൈകോ എറണാകുളം റീജണിനു കീഴിൽ ചേർത്തലയിലെ പുത്തനമ്പലം സൂപ്പർമാർക്കറ്റിലും ​ഗൃഹോപകരണങ്ങൾ ലഭ്യമാണ്. ഓരോ ​ഗൃഹോപകരണ സ്റ്റോറിൽനിന്നും മാർച്ച് 15 വരെ  ഉപകരണങ്ങൾ വാങ്ങുന്നവരില്‍നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 1,200 രൂപയുടെ പ്രത്യേക സമ്മാനവും സപ്ലൈകോ പ്രഖ്യാപിച്ചിട്ടുണ്ട്.

""ലാഭം ജനങ്ങളിലേക്ക് എത്തണം.  ഇതിലൂടെ ​ഗൃഹോപകരണ വിപണയിൽ വലിയൊരു വിലനിയന്ത്രണ ശക്തിയായി മാറാൻ സപ്ലൈകോയ്ക്ക് കഴിയുകയും ചെയ്യും'' എന്ന്  സപ്ലൈകോയിൽ ലീ​ഗൽ അസിസ്റ്റന്റും കേരളാ സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ എംപ്ലോയീസ് യൂണിയന്റെ സംസ്ഥാന ട്രഷറുമായ പി കെ ശൈലേഷ്‌കുമാർ അഭിപ്രായപ്പെടുന്നു.  

പൊതുവിപണിയിൽ വില നിയന്ത്രിക്കുന്നതിനും സാധാരണക്കാർക്ക് ന്യായമായ വിലയിൽ ഭക്ഷ്യോൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനുമായി 1980ലെ ഇടതുപക്ഷ സർക്കാർ കൊണ്ടുവന്നതാണ് സപ്ലൈകോ മാവേലി സ്റ്റോറുകൾ. അത‌് വളർന്ന് ഇപ്പോൾ ​​ഗൃഹോപകരണങ്ങൾകൂടി ഒറ്റ മേൽക്കൂരയ്ക്കു കീഴിൽ  കൊണ്ടുവരുമ്പോൾ  പൊതുവിപണിയിൽ സർക്കാർ മറ്റൊരു ഇടപെടൽകൂടി നടത്തുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top