26 April Friday
രാജ്യത്തെ എറ്റവും വലിയ കൺവെൻഷൻ സെന്റർ

ലുലു കൺവൻഷൻ സെന്ററും ഗ്രാൻഡ്‌ ഹയാത്ത്‌ ഹോട്ടലും 28ന‌് തുറക്കും

വെബ് ഡെസ്‌ക്‌Updated: Thursday Apr 26, 2018


കൊച്ചി >  കേരളത്തിന്റെ വിനോദ സഞ്ചാരമേഖലയ്ക്കു   പുതിയമുഖം നൽകി കൊച്ചി അഴിമുഖത്തിന‌് അഭിമുഖമായി  രാജ്യത്തെ  ഏറ്റവും വലിയ കൺവൻഷൻ സെന്ററും ഗ്രാൻഡ‌് ഹയാത്ത് ഹോട്ടലും പ്രവർത്തനസജ്ജമായി. 1800 കോടി രൂപ മുതൽമുടക്കിൽ ലുലു ഗ്രൂപ്പ് പണിതുയർത്തിയ ലുലു ബോൾഗാട്ടി പദ്ധതി 28ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, അൽഫോൺസ് കണ്ണന്താനം, ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള വിശിഷ്ടാതിഥികൾ, സംസ്ഥാന മന്ത്രിമാർ എന്നിവർ പങ്കെടുക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ്  ഡയറക്ടറുമായ എം എ യൂസഫലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മൈസ്  ടൂറിസം രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് ലുലു കൺവൻഷൻ സെന്റർ ഇടയാക്കും. ഇതിലൂടെ ഈ രംഗത്ത് കൊച്ചി ഇന്ത്യയുടെതന്നെ ഹബ്ബായി മാറും. 13 ലക്ഷം ചതുരശ്രയടി വിസ‌്തീർണത്തിലാണ് കൺവൻഷൻ സെന്ററും ഹോട്ടലും.  ഒരുലക്ഷം ചതുരശ്രയടി വിസ്തീർണമുളള കൺവൻഷൻ സെന്റർ  രാജ്യത്തെ   ഏറ്റവും വലുതാണ‌്. ഹോട്ടലിലും കൺവൻഷൻ സെന്ററിലുമുള്ള മറ്റ് ഹാളുകളിലുമായി ഒരേസമയം 10,000  പേരെ ഉൾക്കൊള്ളാനാകും. ഹോട്ടലിൽ പ്രസിഡന്റ്  സ്യൂട്ടടക്കം 260 മുറികളുമുണ്ട്. നാലു വില്ലകളും.

കൺവൻഷൻ സെന്ററിലെ പ്രധാന ഹാളായ ലിവയിൽ 5000 പേരെ ഉൾക്കൊള്ളാനാകും. ഹാളിനെ മൂന്നായി വിഭജിക്കാം. എഴുന്നൂറിലധികം കസേരകൾ ബട്ടണമർത്തിയാൽ മടങ്ങി ചുവരിൽപോയിരിക്കും. പ്രധാന സ‌്റ്റേജിനോടുചേർന്ന‌് ഗ്രീൻ റൂമുകളും വിഐപി വിശ്രമമുറികളുമുണ്ട‌്. വേമ്പനാട‌് എന്ന പേരിലുള്ള രണ്ടാമത്തെ   പ്രധാന ഹാളിൽ 2200 പേർക്ക‌് ഇരിക്കാനാകും. യൂസഫലിയുടെ നാടായ നാട്ടികയുടെ പേരിലാണ‌് മറ്റൊരു ഹാൾ. ദിവാൻ എന്ന പേരിൽ നാലാമത‌് ഒരു ഹാൾകൂടിയുണ്ട‌്. ഹോട്ടലിലും ചെറുതും വലുതുമായി വേറെയും ഹാളുണ്ട‌്. ഹോട്ടലിന്റെ ബാൾറൂമിൽ 12,000 പേർക്ക‌് ഇരിക്കാനാകും.


1,500 കാറുകൾക്ക‌് പാർക്ക‌് ചെയ്യാനാകും. മൂന്ന‌് ഹെലിപാടുമുണ്ട‌്. ബോട്ടുകൾക്കും ഉല്ലാസനൗകകൾക്കും അടുക്കാൻ മൂന്നു ജെട്ടികൾ, വാട്ടർ ഫ്രണ്ട‌് ഡക്ക‌് എന്നിവയുമുണ്ട‌്. വാട്ടർ ആംഫി തിയറ്റർ, കുട്ടികൾക്കുള്ള കളിസ്ഥലം എന്നിങ്ങനെ സവിശേഷതകൾ  വേറെയുണ്ട‌്. കേരളത്തിൽ മറ്റ‌് കൺവൻഷൻ സെന്ററുകളിൽ ഇല്ലാത്ത സൗകര്യങ്ങൾ ലോകത്തെ സമ്മേളന ടൂറിസത്തെ കേരളത്തിലേക്ക‌് അടുപ്പിക്കുമെന്നും യൂസഫലി പറഞ്ഞു. കായലിനാൽ ചുറ്റപ്പെട്ട പ്രദേശത്തിന്റെ മനോഹാരിതയും മറ്റൊരാകർഷണമാകും. തുടക്കത്തിൽ 1000 പേർക്ക‌് ഇവിടെ നേരിട്ട‌് തൊഴിൽ ലഭിക്കും. സമ്മേളനങ്ങൾ നടക്കുമ്പോൾ കൊച്ചിയുടെ സമ്പദ‌്‌വ്യവസ്ഥയ‌്ക്കും തദ്ദേശ  സ്ഥാപനങ്ങൾക്കും  അത‌് ഗുണം ചെയ്യുമെന്ന‌് യൂസഫലി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top