27 April Saturday

ലക്ഷ്യം കോര്‍പറേറ്റ്‌വല്‍ക്കരണം; കാത്തലിക് സിറിയന്‍ ബാങ്ക് ആസ്ഥാനം മുംബൈക്ക് മാറ്റാന്‍ നീക്കം

വി എം രാധാകൃഷ്ണന്‍Updated: Thursday Dec 7, 2017

തൃശൂര്‍ > കാത്തലിക് സിറിയന്‍ ബാങ്ക് ആസ്ഥാനം തൃശൂരില്‍നിന്ന് മുംബൈയിലേക്ക് മാറ്റാന്‍ നീക്കം. വിദേശികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും ബാങ്കിന്റെ ഭൂരിപക്ഷം ഓഹരികളും വിറ്റഴിച്ച് കൂടുതല്‍ ധനസമാഹരണം ലക്ഷ്യമിട്ടാണിത്. തൃശൂരില്‍ ആസ്ഥാനം നിലനിര്‍ത്തിയാല്‍ ഓഹരി വില്‍പ്പനയ്ക്ക് എതിര്‍പ്പ് ശക്തമാകുമെന്ന് കണ്ടാണ് മാറ്റുന്നതെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. കേരളീയര്‍ക്ക് ഏറെ വൈകാരിക ബന്ധമുള്ള ബാങ്കിനെ വില്‍ക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ട സാഹചര്യംകൂടി കണക്കിലെടുത്താണ് പുതിയ നീക്കം.

1994ല്‍ തായ്ലന്‍ഡ് ആസ്ഥാനമായുള്ള ചാവള ഗ്രൂപ്പ്  38 ശതമാനം ഓഹരികളുമായി ബാങ്ക് കൈവശപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ തൃശൂര്‍ പൌരാവലി ശക്തമായ പ്രതിരോധം തീര്‍ത്തു. തുടര്‍ന്ന് ചാവള ഗ്രൂപ്പ് ഓഹരികള്‍ വിറ്റു. കഴിഞ്ഞ മെയില്‍ കനേഡിയന്‍ കമ്പനിയായ ഫെയര്‍ഫാക്സിന് 51 ശതമാനം ഓഹരി വില്‍ക്കാന്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചുവെങ്കിലും വിലയെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് നടന്നില്ല. കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ഓഹരി വില്‍ക്കുക എന്ന നയപരമായ തീരുമാനത്തില്‍ നിന്ന് ബാങ്ക് മാനേജ്മെന്റ് പിന്‍മാറിയിട്ടില്ല.

പൊതുജനങ്ങള്‍ക്ക് ഓഹരി വാങ്ങാന്‍ സൌകര്യമൊരുക്കുന്ന പബ്ളിക് ഇഷ്യൂവില്‍നിന്ന് മാറി വന്‍കിടക്കാര്‍ക്ക് മാത്രം നല്‍കാനാണ് തീരുമാനം. മാനേജ്മെന്റിന് താല്‍പ്പര്യമുള്ളവര്‍ക്കു മാത്രം ഓഹരി നല്‍കാന്‍ സൌകര്യമൊരുക്കുന്ന 'ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ പ്രിഫറന്‍സ്' (ക്യൂഐപി) രീതിയാണ്് ഇതിന് അവലംബിക്കുന്നത്. കേന്ദ്രനിയമപ്രകാരം ബാങ്കുകളില്‍ 74 ശതമാനം വരെ വിദേശപങ്കാളിത്തം അനുവദനീയമാണ്. വിദേശത്തും സ്വദേശത്തുമുള്ള കുത്തകകളെ ക്യൂഐപി പ്രകാരം മാനേജ്മെന്റ് രഹസ്യമായി ക്ഷണിച്ചുകൊണ്ടിരിക്കയാണ്. ഇതിനുപിന്നില്‍ അഴിമതി നടക്കാന്‍ സാധ്യത ഏറെയാണെന്ന് ട്രേഡ്യൂണിയനുകള്‍ മുന്നറിയിപ്പു നല്‍കി.
ബാങ്കിന്റെ ചെയര്‍മാന്‍ തൃശൂര്‍ സ്വദേശി ടി എസ് അനന്തരാമനും മാനേജിങ് ഡയറക്ടര്‍ ആന്ധ്രക്കാരനായ സി വി ആര്‍ രാജേന്ദ്രനുമാണ്. ഇരുവരും കഴിഞ്ഞവര്‍ഷമാണ് ചുമതലയേറ്റത്.

1920ല്‍ തൃശൂര്‍ കത്തോലിക്ക അതിരൂപത മുന്‍കൈയെടുത്ത് ആരംഭിച്ച കാത്തലിക് സിറിയന്‍ബാങ്ക് വിശ്വാസ്യതയില്‍ മുന്നിട്ടു നിന്ന സ്ഥാപനമാണ്. 97 വര്‍ഷത്തെ പാരമ്പര്യമുള്ള കാത്തലിക് സിറിയന്‍ ബാങ്കിന് 427 ബ്രാഞ്ചുകളും മൂവായിരത്തില്‍പ്പരം ജീവനക്കാരും ലക്ഷക്കണക്കിന് ഇടപാടുകാരുമുണ്ട്.  81 കോടി രൂപ അസല്‍ മൂലധനവും 23,000 കോടി ബിസിനസുമുണ്ട്. എന്നാല്‍ മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷം ബാങ്ക് നഷ്ടത്തിലായി. ഈ സാമ്പത്തികവര്‍ഷം നേരിയ ലാഭം കാണിച്ചത് റിസര്‍വ്ബാങ്ക് നടപടിയില്‍നിന്ന് രക്ഷപ്പെടാനാണെന്നാണ് സൂചന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top