29 March Friday

ബുദ്ധിപരമായി നിക്ഷേപിക്കാം സമ്പത്ത് കെട്ടിപ്പടുക്കാം

ശ്രേയഷ് ദേവാല്‍ക്കര്‍Updated: Sunday Jul 31, 2016

നിക്ഷേപമെന്നത് ദീര്‍ഘകാലാടിസ്ഥാനത്തിലാവുന്നതാണ് എപ്പോഴും ഉചിതം. ഹ്രസ്വകാലാടിസ്ഥാനത്തില്‍ നിക്ഷേപങ്ങള്‍ നടത്തുന്നവരുമുണ്ട്. എന്നാല്‍ ഇങ്ങനെ നിക്ഷേപം നടത്തുന്നവര്‍ യഥാര്‍ഥത്തില്‍ തങ്ങളുടെ നിക്ഷേപങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് പ്രായോഗിക വിലയിരുത്തല്‍ നടത്തുകയാണു ചെയ്യുന്നത്.

 ഓരോ വ്യക്തിയും ജീവിതത്തില്‍ വിവിധങ്ങളായ ഘട്ടങ്ങളിലൂടെയാണല്ലോ കടന്നുപോകുന്നത്. ഈ ഘട്ടങ്ങളില്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തങ്ങളായ ആവശ്യങ്ങളും സാമ്പത്തികലക്ഷ്യങ്ങളും ഉണ്ടാകും.  ഈ ലക്ഷ്യങ്ങള്‍ സാധൂകരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അവര്‍ നിക്ഷേപങ്ങള്‍ നടത്തുന്നത്. വീടും കാറും പോലെയുള്ളവ വാങ്ങുക, കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കുക, ജോലിയില്‍നിന്നു വിരമിച്ചശേഷമുള്ള ആവശ്യങ്ങള്‍ നിറവേറുക... ഇങ്ങനെ പോകുന്നു പലരുടെയും ആവശ്യങ്ങള്‍. ഇവയെല്ലാം നിറവേറാനുള്ള പ്രധാന മാര്‍ഗം കൃത്യമായ അച്ചടക്കത്തോടെ സ്ഥിരമായി നിക്ഷേപം നടത്തുക എന്നതാണ്.

 ഇങ്ങനെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപിക്കുമ്പോള്‍ അതില്‍നിന്നുണ്ടാകുന്ന നേട്ടങ്ങള്‍ ഏറെ വലുതാകും. നിങ്ങള്‍ നിക്ഷേപിക്കുന്ന പണം കൂടിച്ചേര്‍ന്നു വളരുന്നതിന്റെ ആവേശകരമായ ചിത്രമാവും ഇതു വിശകലനംചെയ്താല്‍ ലഭിക്കുക. നിക്ഷേപത്തില്‍നിന്നുള്ള ലാഭം അടിസ്ഥാനനിക്ഷേപത്തോടു ചേരുകയും അവ ഒരുമിച്ചു നേട്ടമുണ്ടാക്കിത്തരുകയുമാണിവിടെ. ദീര്‍ഘകാല നിക്ഷേപത്തോടൊപ്പം ഈ പ്രക്രിയയും തുടരുകയും നിങ്ങളുടെ പണം നിങ്ങള്‍ക്കായി നിക്ഷേപത്തിന്റെ രൂപത്തില്‍ നേട്ടമുണ്ടാക്കുകയും ചെയ്യും. നിങ്ങള്‍ നിക്ഷേപിച്ച പണത്തില്‍നിന്നുള്ള ലാഭം പുനര്‍നിക്ഷേപം ചെയ്യപ്പെടുകയും അതില്‍നിന്നുള്ള ലാഭംകൂടി  ലഭിക്കുകയുമാണ് ഇവിടെ ചെയ്യുന്നത്.

ഉദാഹരണത്തിന് ഒരു നിക്ഷേപകന്‍ 10 ശതമാനം പലിശയ്ക്ക് 100 രൂപ നിക്ഷേപിച്ചു എന്നു കരുതുക. ആദ്യവര്‍ഷം അത് 110 രൂപയായി മാറും. അടുത്തവര്‍ഷം അടിസ്ഥനനിക്ഷേപത്തിനുള്ള 10 ശതമാനം പലിശ മാത്രമല്ല, മുന്‍വര്‍ഷത്തെ ലാഭമായ 10 രൂപയ്ക്കുള്ള 10 ശതമാനം നേട്ടവുമടക്കം നിങ്ങളുടെ നിക്ഷേപം 121 രൂപയായി ഉയരും. ഇതേ രീതിയില്‍ മൂന്നാം വര്‍ഷം അത് 133 രൂപയായി മാറും. ദീര്‍ഘകാല നിക്ഷേപത്തില്‍നിന്നു ലഭിക്കുന്ന കോമ്പൌണ്ടിങ് എന്നു വിളിക്കുന്ന നേട്ടമാണ് ഈ വിവരിച്ചത്.  എത്രത്തോളം ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തുന്നുവോ, അത്രത്തോളം ശക്തമായി ഈ രീതിയിലുള്ള നേട്ടം ലഭിക്കും.
നിക്ഷേപകര്‍ക്കെല്ലാം പലപ്പോഴും നേരിടേണ്ടിവരുന്ന പ്രശ്നമുണ്ട്. ഏതുസമയത്ത് നിക്ഷേപം നടത്തണം എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനുള്ള ബുദ്ധിമുട്ടാണത്. നിക്ഷേപിക്കാന്‍ ഏറ്റവും മികച്ച സന്ദര്‍ഭം ഏതാണെന്നു കണ്ടുപിടിക്കാന്‍ ആരെക്കൊണ്ടും സാധ്യമാവില്ല. കൈയിലുള്ള എല്ലാ പണവുംകൂടി നിക്ഷേപിക്കുന്നത് മോശമായ ഒരു സന്ദര്‍ഭത്തിലാണെങ്കില്‍ അതുണ്ടാക്കുന്ന നഷ്ടം അപരിഹാര്യമാകും.
 തുടര്‍ച്ചയായി ദീര്‍ഘകാലത്തേക്കു നിക്ഷേപിക്കുക എന്നതാണ് ഇവിടെയും ഏറ്റവും മികച്ച പോംവഴി. തുടര്‍ച്ചയായി നിക്ഷേപം നടത്തുന്ന എസ്ഐപി രീതി പിന്തുടര്‍ന്നാല്‍ ഏറെ ഗുണകരമാകും. ഇങ്ങനെ നിക്ഷേപിക്കുമ്പോള്‍ എല്ലാ ഘട്ടങ്ങളിലും നിക്ഷേപം നടത്താനാവും എന്നത് നിക്ഷേപകന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടമാകും.
നഷ്ടസാധ്യതകള്‍ നേരിടാനുള്ള അവസരമാണ് ദീര്‍ഘകാലനിക്ഷേപങ്ങളുടെ മറ്റൊരു നേട്ടം. നഷ്ടസാധ്യതകള്‍ ഉണ്ടാകുമ്പോള്‍ അതിനനുസൃതമായ മാറ്റങ്ങള്‍ വരുത്താനും നിക്ഷേപത്തിനു സ്ഥിരത ലഭ്യമാക്കാനും അവസരം ലഭിക്കും. വിപണിയില്‍ കാലാകാലങ്ങളില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ മറികടക്കാനും ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപരീതി സഹായകമാകും.

ഇവിടെ ചില തയ്യാറെടുപ്പുകളും നടത്തണം.  തങ്ങളുടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സാമ്പത്തികലക്ഷ്യങ്ങളും നഷ്ടസാധ്യതകള്‍ നേരിടാനുള്ള കഴിവുകളും സംബന്ധിച്ച് കൃത്യമായ വിശകലനം നടത്തുകയും തുടര്‍ന്നുള്ള നിക്ഷേപത്തിനായുള്ള പദ്ധതി തയ്യാറാക്കുകയുമാണ് ആദ്യം വേണ്ടത്. നിക്ഷേപകന് ആവശ്യമായിവരുന്ന സാമ്പത്തികനേട്ടംകൂടി കണക്കിലെടുത്ത് ഓരോ വ്യക്തിയുടെയും നഷ്ടസാധ്യതകള്‍കൂടി വിലയിരുത്തിയശേഷമാകണം നിക്ഷേപം നടത്തേണ്ടത്. ഇതിനുശേഷം തികഞ്ഞ അച്ചടക്കത്തോടെ സ്ഥിരമായി നിക്ഷേപം നടത്തുക എന്നതിനും ഏറെ പ്രാധാന്യമുണ്ട്. ഇങ്ങനെ സ്ഥിരമായ നിക്ഷേപത്തിനൊപ്പം നിക്ഷേപപദ്ധതികള്‍ കാലാകാലങ്ങളില്‍ വിശകലനംചെയ്യുകയും വേണം.

വിവിധ വിഭാഗങ്ങളിലായി വൈവിധ്യവല്‍ക്കരിച്ച് നിക്ഷേപം നടത്തുക എന്നതാണ് പ്രധാനപ്പെട്ട മറ്റൊന്ന്. ഒരു മേഖലയില്‍ നഷ്ടമുണ്ടായാലും മറ്റു മേഖലകളില്‍നിന്നുള്ള നേട്ടംകൊണ്ട് അതു മറികടക്കാന്‍ ഈ വൈവിധ്യവല്‍ക്കരണം സഹായിക്കും.  ഇതോടൊപ്പംതന്നെ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ തേടുന്നതും സഹായകമാകും. മ്യൂച്വല്‍ ഫണ്ടുകളുടെ സേവനം നിങ്ങളുടെ നിക്ഷേപത്തിന് വലിയ പിന്തുണയാകും നല്‍കുക. പ്രൊഫഷണലുകള്‍ കൈകാര്യംചെയ്യുന്നതിനാല്‍ നിക്ഷേപകന് വൈവിധ്യവല്‍ക്കരണത്തിനും സാമ്പത്തികലക്ഷ്യങ്ങള്‍ നേടുന്നതിനുമെല്ലാം  പിന്തുണ ലഭിക്കും. സെബിയുടെ കര്‍ശന നിയന്ത്രണങ്ങള്‍ക്കുകീഴില്‍ പ്രവര്‍ത്തിക്കുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ ഓഹരികളിലും കടപ്പത്രങ്ങളിലും അധിഷ്ഠിതമായ നിരവധി പദ്ധതികളാണ് ലഭ്യമാക്കുന്നത്. അതുകൊണ്ടുതന്നെ ഓരോരുത്തരുടെയും സാമ്പത്തികലക്ഷ്യങ്ങളും വ്യക്തിപരമായ സവിശേഷതകളും നഷ്ടസാധ്യത നേരിടാനുള്ള കഴിവുമെല്ലാം പരിഗണിച്ചുകൊണ്ടുള്ള നിക്ഷേപപദ്ധതികള്‍ അവയില്‍നിന്നു തെരഞ്ഞെടുക്കാനാവും.
ലേഖകന്‍ ബിഎന്‍പി പാരിബ മ്യൂച്വല്‍ ഫണ്ടിന്റെ ഫണ്ട് മാനേജരാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top